തിരുവനന്തപുരം: ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണം സംസ്ഥാന ഭരണത്തെ അട്ടിമറിക്കാനാണെന്ന സി.പി.എം വാദം തടിതപ്പാനുള്ള ശ്രമം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതരും കുടുങ്ങും എന്നുറപ്പുള്ളത് കൊണ്ടാണ് അന്വേഷണത്തെ സി.പി.എം എതിർക്കുന്നത്. ലൈഫിന് സമാനമായ മറ്റൊരു കേസിൽ വിദേശ സംഭാവന സ്വീകരിക്കൽ നിയമം ലംഘിച്ചതിന് പിണറായി സർക്കാർ തന്നെ നേരത്തെ സി.ബി.ഐ അന്വേഷണത്തിനായി ഗസ്റ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു..
2005 മുതൽ വുഡ് ആൻഡ് ഡാഡ് എന്ന വിദേശ സ്ഥാപനം സമരിട്ടൻ പ്രൊജക്ട് ഇന്ത്യ എന്ന കോട്ടയത്തെ കമ്പനിക്ക് നൽകിയിരുന്ന 2.30 കോടി രൂപയുടെ സഹായം അവർ വഴിമാറ്റി ചെലവഴിക്കുന്നതായി കാണിച്ച് വി.എസ് സർക്കാരിന് പരാതി നൽകിയിരുന്നു. അന്ന് കാര്യമായ ഒരു നടപടിയുമില്ലാതായപ്പോൾ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വീണ്ടും പരാതി നൽകി. ഉമ്മൻചാണ്ടി സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ വിജിലൻസ് അന്വേഷണം പര്യാപ്തമല്ലെന്നും സി.ബി.ഐ അന്വേഷണമാകാമെന്നും നിലപാടെടുത്തത് പിന്നീട് വന്ന പിണറായി സർക്കാരാണെന്നും സുരേന്ദ്രൻ പറഞ്ഞു. ലൈഫിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് സി.ബി.ഐ അല്ല വിജിലൻസാണ് വേണ്ടതെന്ന നിലപാട് എടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |