തിരുവനന്തപുരം: നേതാക്കളും പ്രവർത്തകരുമുൾപ്പെടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം പാർട്ടിയിലും സമൂഹത്തിലും കൂടിയതോടെ സർക്കാരിനെതിരായ പ്രത്യക്ഷസമരങ്ങളിൽ നിന്ന് യു.ഡി.എഫ് പിന്മാറുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സമരങ്ങൾ സർക്കാരിനെതിരെ തുടരുമെന്നും പ്രതിരോധപ്രവർത്തനങ്ങളിൽ സർക്കാരുമായി പ്രതിപക്ഷം സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.പി.സി.സി ജനറൽസെക്രട്ടറി തമ്പാനൂർ രവി, പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറി, കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമരത്തിൽ പങ്കെടുത്തവരിൽ കുറേപ്പേരെ നഗരത്തിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം പടരുന്ന സാഹചര്യത്തിൽ സർവ്വകക്ഷിയോഗം വിളിക്കുന്ന കാര്യം മുഖ്യമന്ത്രി പറഞ്ഞതായും ചെന്നിത്തല അറിയിച്ചു.
ആരും ഗ്രൂപ്പ് മാറിയിട്ടില്ല
കോൺഗ്രസിൽ ആരും ഗ്രൂപ്പൊന്നും മാറിയിട്ടില്ലെന്നും ആര്, എവിടെ നിൽക്കുന്നുവോ, അവിടെത്തന്നെയാണിപ്പോഴുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷസ്ഥാനത്തു നിന്ന് രാജിവച്ച കെ. മുരളീധരൻ എം.പി ഐ ഗ്രൂപ്പ് വിട്ടോയെന്ന് വാർത്താലേഖകർ ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മുരളീധരന് പരാതിയെന്തെങ്കിലുമുണ്ടെങ്കിൽ അദ്ദേഹവുമായി സംസാരിച്ച് പരിഹരിക്കും. യു.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് ബെന്നി ബെഹനാൻ രാജിവച്ചത് വലിയ വിഷയമല്ല. പുതിയ കൺവീനറെ ആലോചിച്ച് തീരുമാനിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡന്റായ ശേഷം എല്ലാവരുമായും ആലോചിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചതിനാലാണ് പുനഃസംഘടന നീണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കും. ഗ്രൂപ്പ് പ്രശ്നങ്ങളില്ല. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |