തിരുവനന്തപുരം: സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ നടത്തിവരുന്ന അന്വേഷണം സംബന്ധിച്ച് സർക്കാർ നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആ പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് സർക്കാരിന്റെ നിലപാടെന്താണെന്ന് നമുക്ക് കാണാമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി ഇങ്ങനെ പറയുന്നത് ഇതാദ്യമാണ്.
ലൈഫ് മിഷൻ വിവാദത്തിൽ സി.ബി.ഐ അന്വേഷണം തീരുമാനിച്ചതിനെതിരെ സി.പി.എം സംസ്ഥാനസമിതി ശക്തമായി രംഗത്തെത്തിയിരുന്നു. സർക്കാരിനെ ഇരുട്ടിൽ നിറുത്തിയാണ് തീരുമാനമെന്നും ആക്ഷേപിക്കുകയുണ്ടായി. സ്വർണക്കടത്ത് കേസിൽ യഥാർത്ഥ ഉറവിടത്തിലേക്ക് പോകാതെ ബി.ജെ.പി രാഷ്ട്രീയലക്ഷ്യത്തിന് ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സി.പി.ഐയും ഉയർത്തിയിരുന്നു. എന്നാൽ, കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലാണെന്നായിരുന്നു മുഖ്യമന്ത്രി ഇതുവരെയും പറഞ്ഞിരുന്നത്. ആരോപണമുയർന്ന സമയത്ത് കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കാനാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയതും മുഖ്യമന്ത്രിയാണ്.
സി.പി.എം, സി.പി.ഐ നിലപാടുകളെപ്പറ്റി ചോദിച്ചപ്പോൾ, രാഷ്ട്രീയ പാർട്ടികൾക്ക് അവരുടേതായ അഭിപ്രായമുണ്ടാകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഓരോ പ്രശ്നത്തെയും വിലയിരുത്തിയാവും പാർട്ടികൾ അഭിപ്രായം രേഖപ്പെടുത്തുക. എന്നാൽ, സർക്കാർ എല്ലാ കാര്യവും നിയമപരമായി പരിശോധിച്ചാണ് ചെയ്യുക.
ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിനെ തദ്ദേശഭരണ വകുപ്പിൽ മാറ്റി നിയമിച്ചതും വിജിലൻസ് സെക്രട്ടേറിയറ്റിൽ നിന്ന് ഫയൽ കൊണ്ടുപോയതും ദുരൂഹമാണെന്ന് ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന്, ആരോപണക്കാരുടെ പ്രത്യേക മനസ്ഥിതി കൊണ്ടാണ് അതെന്നായിരുന്നു മറുപടി. ഇവിടെ എല്ലാം നിയമപ്രകാരം നടന്നുകൊള്ളും. വേറെ പ്രശ്നങ്ങളൊന്നുമില്ല - മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |