
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരുവയസുകാരൻ ഇഖാന്റെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കുഞ്ഞിന്റെ അമ്മ കൃഷ്ണപ്രിയ രംഗത്ത്. കുഞ്ഞിന്റെ മരണത്തിൽ പിതാവ് കവളാകുളം ഐക്കരവിള വീട്ടിൽ ഷിജിനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ പിതാവ് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും ഒരു പിതാവും ചെയ്യാത്ത തരത്തിലുള്ള ക്രൂരതയാണ് ഉണ്ടായതെന്നും കൃഷ്ണപ്രിയ പറഞ്ഞു.
കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം ഉണ്ടായിരുന്ന ഷിജിൻ 'നീ അവസാനം വരെ എന്റെ മുഖമേ കാണുള്ളൂ'വെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുമായിരുന്നെന്നും കൃഷ്ണപ്രിയ വ്യക്തമാക്കി. കുഞ്ഞിനെ കെെകാര്യം ചെയ്യുമ്പോൾ തന്നെ അടുത്തുനിൽക്കാൻ അനുവദിക്കില്ലെന്നും കുട്ടിയെ ക്രൂരമായി മർദ്ദിച്ച് ശബ്ദം പോലും പുറത്തുവരാത്ത വിധം തളരുമ്പോഴാണ് തന്റെ കെെവശം തന്നിരുന്നതെന്നും അവർ വെളിപ്പെടുത്തി. സംഭവം നടന്ന ദിവസം രാവിലെ അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരുന്ന സമയത്ത് ഷിജിൻ കുഞ്ഞിനോട് ദേഷ്യപ്പെടുന്നത് കേട്ടിരുന്നു. പിന്നീട് ഇയാൾ കുഞ്ഞിന്റെ പേര് അലറി വിളിക്കുന്നതാണ് കേട്ടത്. ഓടിയെത്തിയപ്പോൾ കുട്ടി കുഴഞ്ഞുവീണ് കിടക്കുന്നതാണ് കണ്ടതെന്നും കൃഷ്ണപ്രിയ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷിജിൻ - കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ കുഴഞ്ഞുവീണു മരിച്ചത്. അച്ചൻ കൊടുത്ത ബിസ്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ അടിവയറ്റിൽ ചതവുകളും കൈയ്ക്ക് പൊട്ടലുമുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ആ പൊട്ടൽ ഒരാഴ്ച മുമ്പ് സംഭവിച്ചതാണ് എന്നാണ് അമ്മ പൊലീസിൽ മൊഴി നൽകിയിരുന്നത്.
എന്നാൽ പൊട്ടലിന് മൂന്നാഴ്ചത്തെ പഴക്കമുണ്ടായിരുന്നു. കുഞ്ഞിന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കൂടുതൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് ഷിജിനെ വീണ്ടും ചോദ്യം ചെയ്തതും ഷിജിൻ കുറ്റം സമ്മതിച്ചതും. കുഞ്ഞിന്റെ രാത്രിയുള്ള കരച്ചിൽ അസ്വസ്ഥതപ്പെടുത്തിയിരുന്നു എന്നാണ് ഷിജിന്റെ മൊഴി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയ ആന്തരിക രക്തസ്രാവം പിതാവിന്റെ കൈമുട്ട് കൊണ്ടേറ്റ ക്ഷതത്തെ തുടർന്നുണ്ടായതാണെന്ന് വ്യക്തമായി.
ഷിജിനും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ബന്ധുക്കൾ ഇടപെട്ടതിനെ തുടർന്നാണ് ഇവർ വീണ്ടും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയത്. കുഞ്ഞ് ജനിക്കുമ്പോൾ ഷിജിൻ ഒപ്പമില്ലായിരുന്നു. പിന്നീട് കുഞ്ഞിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ഇരുവരും വീണ്ടും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയത്. അതിനിടയിലാണ് അച്ഛന്റെ ക്രൂരകൃത്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |