ന്യൂഡൽഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇ.പി.എഫ്) പദ്ധതിയിൽ അംഗമാകാനുള്ള പരമാവധി ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി വർദ്ധിപ്പിച്ച് അതിന്റെ അടിസ്ഥാനത്തിൽ വിഹിതം വർദ്ധിപ്പിക്കണമെന്ന് ഇ.പി.എഫ്.ഒാർഗനൈസേഷൻ കേന്ദ്ര ട്രസ്‌റ്റി ബോർഡംഗങ്ങൾ തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
നിലവിൽ 15,000 രൂപ മാസശമ്പള പരിധി കണക്കാക്കി പരമാവധി 1800 രൂപയാണ് ഇ.പി.എഫ് വിഹിതമായി പിടിക്കുന്നത്. ശമ്പള പരിധി 25,000 രൂപയാക്കി ഉയർത്തുകയോ, അടിസ്ഥാന ശമ്പളം കണക്കാക്കി വിഹിതം പിടിക്കുന്നത് നടപ്പിലാക്കുകയോ ചെയ്യണമെന്നാണ് അംഗങ്ങളുടെ നിർദ്ദേശം. തൊഴിലുടമയുടെ വിഹിതത്തിലും ആനുപാതികമായ വർദ്ധനയുണ്ടാകുമെന്നും, ഇതുവഴി കൂടുതൽ പണം ഇ.പി.എഫ് അക്കൗണ്ടിലും ഇ.പി.എഫ്.ഒ ഫണ്ടിലും എത്തിച്ചേരുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇ.പി.എഫ് പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് ലഭിക്കുന്ന പെൻഷൻ തുക ഉയർത്തണമെന്ന ആവശ്യവും ട്രസ്‌റ്റി ബോർഡിന് മുന്നിലുണ്ട്. നിലവിലെ ആയിരം രൂപ ചെലവുകൾക്ക് ആനുപാതികമായി 7500 രൂപയായിട്ടെങ്കിലും വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളിലെ പണം ഉയർന്ന പെൻഷൻ നൽകാൻ പ്രയോജനപ്പെടുത്തണം.പല അക്കൗണ്ടുകളിലായി 40,000 കോടിരൂപ ഉപയോഗിക്കാതെ കിടക്കുകയാണെന്ന് 2014ൽ കണ്ടെത്തിയിരുന്നു. 2018-19 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം നിർജ്ജീവ അക്കൗണ്ടുകളിലുള്ളത് 27,000 കോടിയാണ്.
പുതിയ അംഗങ്ങൾക്ക് കൂടുതൽ ശമ്പള വിഹിതമടച്ചാൽ കൂടുതൽ പെൻഷൻ ലഭിക്കുന്ന വിധത്തിൽ ഇ.പി.എഫ് പെൻഷൻ നിയമത്തിൽ ഭേദഗതി വരുത്താനുള്ള നിർദ്ദേശം ട്രസ്‌റ്റിബോർഡിലെ തൊഴിലാളി പ്രതിനിധികളുടെ എതിർപ്പു മൂലം കഴിഞ്ഞ ബോർഡ് യോഗം പരിഗണിച്ചില്ല. നിലവിലുള്ള അംഗങ്ങൾക്ക് പരമാവധി ശമ്പളം 15,000 രൂപയായി കണക്കാക്കുന്നത് തുടരാനും പുതിയ അംഗങ്ങൾക്ക് നിയമഭേദഗതിയിലൂടെ മറ്റൊരു പദ്ധതി നടപ്പാക്കാനുമുള്ള നിർദ്ദേശമാണിത്. വിഷയം അടുത്ത യോഗത്തിൽ വീണ്ടും വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |