തിരുവനന്തപുരം: ഇരുപതു കോടി രൂപ ചെലവഴിച്ച് വടക്കാഞ്ചേരിയിൽ ഭവന സമുച്ചയം നിർമ്മിക്കാൻ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസിലൂടെ കോഴയുടെയും ഉന്നത ഗൂഢാലോചനയുടെയും ചുരുളഴിക്കാനൊരുങ്ങുകയാണ് സി.ബി.ഐ. മുഴുവൻ രേഖകളുമായി ഒക്ടോബർ 5ന് ഹാജരാകാൻ ജോസിന് സി.ബി.ഐ നോട്ടീസ് നൽകി.
ജാേസിന് മുമ്പ് ആ പദവി വഹിച്ചിരുന്ന ശിവശങ്കറാണ് റെഡ്ക്രസന്റ് ഇടപാടിന് ചുക്കാൻപിടിച്ചത്. 2019 ജൂലായ് 11ന് ധാരണാപത്രം ഒപ്പിടുന്ന കാര്യം തലേന്ന് വൈകിട്ടാണ് തദ്ദേശ വകുപ്പ് സെക്രട്ടറി ടി.കെ.ജോസ് അറിയുന്നത്. തലേന്നാണ് യു.വി.ജോസിനോടും ധാരണാപത്രം ഒപ്പിടണമെന്ന് ശിവശങ്കർ അറിയിച്ചത്.
നിയമ,തദ്ദേശവകുപ്പുകൾ സൂക്ഷ്‌മ പരിശോധന നടത്തിയ കരാറിൽ അഡി.ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഒപ്പിടുകമാത്രമാണ് ചെയ്തതെന്ന് യു.വി.ജോസ് പറയുന്നു.
ഇതിനുശേഷമുള്ള നടപടികളാണ് ജോസിനെ സംശയ നിഴലിലാക്കിയത്. ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിൽ ഒപ്പുവയ്ക്കേണ്ട ഉപകരാറുകൾ കോൺസൽ ജനറലും യൂണിടാക് നിർമ്മാണ കമ്പനിയും തമ്മിലായി.
ഇതെങ്ങനെ സംഭവിച്ചെന്ന് ജോസ് വിശദീകരിക്കേണ്ടിവരും. കാരണം 15 കോടി യു.എ.ഇ സഹായമുള്ള ഭവന നിർമ്മാണപദ്ധതിക്ക് പ്ലാനുണ്ടാക്കണമെന്ന് 2019 ഏപിൽ 30ന് ഹാബിറ്റാറ്രിന് ലൈഫ് മിഷൻ കത്തുനൽകിയിരുന്നു. ഹാബിറ്റാറ്റിന്റെ 27.5 കോടിയുടെ എസ്റ്റിമേറ്റ് മാറ്റി 15 കോടിയുടെ എസ്റ്റിമേറ്റ് നൽകണമെന്ന് 2019 ആഗസ്റ്റ് 18ന് നൽകിയ രണ്ടാമത്തെ കത്ത് മറ്റൊരു രേഖയാണ്. ഹാബിറ്റാറ്റിന് ഭരണാനുമതി നൽകിയ പദ്ധതി യൂണിടാകിന് കിട്ടിയതെങ്ങനെയെന്ന് പറയേണ്ടിവരും. കോൺസൽ ജനറൽ തിരഞ്ഞെടുത്ത യൂണിടാകിനെ അംഗീകരിക്കാൻ ആരാണ് നിർദ്ദേശിച്ചതെന്ന് വെളിപ്പെടുത്തേണ്ടിവരും.
സി.ബി.ഐയുടെ സംശയങ്ങൾ
@ മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ പദ്ധതി അംഗീകരിച്ചതെങ്ങനെ?
@ റെഡ് ക്രസന്റ് കൈമാറിയ ധാരണാപത്രം അതേപടി ഒപ്പുവച്ചതെന്തിന് ?
@സർക്കാർ കരാറുകൾ ഗവർണറുടെ പേരിലല്ലാതെ, സ്വന്തംപേരിൽ ഒപ്പിട്ടതെന്തിന് ?
@ പദ്ധതിക്ക് കേന്ദ്രാനുമതി ആവശ്യമില്ലേ എന്ന് നിയമവകുപ്പ് ചോദിച്ചതല്ലേ?
ജോസിനറിയാമെന്ന് സി.ബി.ഐ
യൂണിടാകിന്റെ നിർമ്മാണക്കരാർ അംഗീകരിച്ച് റെഡ് ക്രസന്റിന് കത്തെഴുതിയ ജോസിന് എല്ലാക്കാര്യവും അറിയാമെന്ന് സി.ബി.ഐ പറയുന്നു. യൂണിടാക് സമർപ്പിച്ച രൂപരേഖയിൽ സംതൃപ്തിയുണ്ടെന്നും അവരുമായി ചേർന്ന് മുന്നോട്ടുപോവാമെന്നും എല്ലാ അനുമതിയും ലഭ്യമാക്കാൻ ലൈഫ് മിഷൻ സഹായിക്കാമെന്നും കത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |