തൃശൂർ: ലൈഫ് ഭവന സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണെന്നും ലൈഫ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം നഗരസഭ ലൈഫ് പി. എം.എ.വൈ പദ്ധതിയിൽ 1,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും അടുത്ത ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കുന്നവർ വീടില്ലാത്ത പാവപ്പെട്ടവരെ കണ്ടറിയാത്തവരാണ്. ലൈഫ് പദ്ധതിയിൽ 2,27,800 വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. 8200 കോടി രൂപയാണ് ചെലവഴിച്ചത്. അടുത്ത ഘട്ടം ഭൂമിയും വീടുമില്ലാത്ത 1,26,000 പേർക്ക് അതു നൽകലാണ്. അതും നടപ്പാക്കും.
തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവയെ സഹകരിപ്പിച്ച് ഡിസംബറിനുള്ളിൽ 750 പച്ചക്കറി വിപണന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. വീടുകളുടെ താക്കോൽ ദാനവും ഗുണഭോക്തൃ ഗഡുവായ 40,000 രൂപയുടെ വിതരണവും മന്ത്രി നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |