തൃശൂർ: ആരോഗ്യ വകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ഇത്തവണ പൊതു സ്ഥലമാറ്റം ഉണ്ടാവില്ല. കഴിഞ്ഞ ജനുവരിയിൽ അപേക്ഷകൾ സ്വീകരിച്ച് ഏപ്രിൽ, മേയ് മാസങ്ങളിലാണ് സ്ഥലംമാറ്റം നടപ്പാക്കാറുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ അത് നീട്ടിവയ്ക്കുകയായിരുന്നു.
കൊവിഡ് സാഹചര്യവും രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യവും കണക്കിലെടുത്താണ് പൊതു സ്ഥലംമാറ്റം വേണ്ടെന്നുവയ്ക്കുന്നതെന്ന് ഇന്നലെ ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. കൊവിഡ് വ്യാപനം ശമിക്കുന്നതിന് അനുസരിച്ചുമാത്രം തുടർനടപടികൾ മതിയെന്നാണ് തീരുമാനം.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ, മാനുഷിക പരിഗണന അർഹിക്കുന്നവർ, ഭരണപരമായ സൗകര്യം എന്നിങ്ങനെ അടിയന്തര സാഹചര്യങ്ങളിൽ മാത്രം സ്ഥലംമാറ്റം പരിഗണിക്കും. അച്ചടക്ക നടപടികൾ, സ്ഥാനക്കയറ്റത്തിന്റെ ഫലമായി അനിവാര്യമാകുന്ന സ്ഥലം മാറ്റങ്ങൾ എന്നിവയും അനുവദിക്കും.
മൂന്നു വർഷം പൂർത്തിയാക്കി പലരും സ്വന്തം ജില്ലകളിലേക്കും മറ്റും മാറ്റം പ്രതീക്ഷിച്ച് ഇരിക്കുന്നതിനിടെയാണ് പുതിയ ഉത്തരവിറങ്ങിയത്. അവർക്കിത് പ്രതികൂലമാകും. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പെരുമാറ്റച്ചട്ടം വരുന്നതോടെ സ്ഥലംമാറ്റം അടുത്ത വർഷം പകുതിവരെയും നടക്കാൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |