തിരുവനന്തപുരം: ആരാണ് നീതു ജോൺസൺ മങ്കര എന്നറിയാൻ എം.എൽ.എ അനിൽ അക്കരയും, എം.പിയായ രമ്യാഹരിദാസും കൗൺസിലർ സൈറാബാനു ടീച്ചറും വടക്കാഞ്ചേരി മങ്കരയിലെ റോഡരികിൽ ഇന്നലെ രണ്ട് മണിക്കൂറാണ് നീതുവിനെ കാത്തിരുന്നത്. കാത്തിരിപ്പ് വിഫലമായതോടെ നീതുവിനെ തെരഞ്ഞ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് അനിൽ അക്കര. നീതുവിനെ കാണാനില്ലാത്തതിനാൽ കോടതിയിൽ ഹേബിയസ് കോർപ്പസ് റിട്ട് ഫയൽ ചെയ്യാനാണ് അനിൽ അക്കരയുടെ നീക്കം. ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യാൻ പൊലീസ് റിപ്പോർട്ട് വേണം. അതിനാലാണ് പരാതി നൽകിയതെന്നാണ് എം.എൽ.എ പറയുന്നത്.
സി.പി.എം സൈബർ സഖാക്കളാണ് നീതു ജോൺസന്റെ പേരു പറഞ്ഞുളള സന്ദേശം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ളാറ്റിൽ 140 കുടുംബങ്ങൾക്കാണ് താമസിക്കാൻ കഴിയുന്നത്. ആർക്കൊക്കെ അവിടെ താമസിക്കാൻ കഴിയുമെന്നുളള ലിസ്റ്റ് ഇതുവരെ സംസ്ഥാന ലൈഫ് മിഷൻ തയ്യാറാക്കിയിട്ടില്ല. നിർമ്മാണം പൂർത്തിയാക്കിയ ശേഷമേ ലിസ്റ്റ് തയ്യാറാക്കുകയുളളൂ. അതിന് സമയമെടുക്കും. 140 പേരുടെ ലിസ്റ്റ് നിലവിലില്ല. സാദ്ധ്യതയുള്ള ആ 140 കുടുംബങ്ങളിൽ ആർക്കെങ്കിലും ഫ്ളാറ്റ് കിട്ടില്ലെന്ന് ആശങ്കയുണ്ടെങ്കിൽ അതിനുളള സംവിധാനം ഞാൻ ഒരുക്കും. അതിനെക്കാൾ പ്രധാനമായി യൂണിടാക്കിന്റെ സ്വത്ത് കണ്ടുകെട്ടണം. മറ്റേതെങ്കിലും ഏജൻസിയെ നിർമ്മാണ പ്രവർത്തനങ്ങൾ ഏൽപ്പിച്ച് വേഗത്തിൽ എല്ലാം പൂർത്തിയാക്കണമെന്നും അനിൽ അക്കര പറഞ്ഞു. അനിൽ അക്കര 'ഫ്ളാഷി'നോട് സംസാരിക്കുന്നു..
നീതുവിനെ തെരഞ്ഞ്
നീതു ജോൺസണെ ഞാൻ ഒരുപാട് തെരഞ്ഞെു. ആഗസ്റ്റ് 22ന് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഞാനിട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ കമന്റായി സൈബർ സഖാക്കൾ നീതുവിന്റെ അപേക്ഷകൾ പോസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് 23നാണ് നീതുവിനെ അന്വേഷിച്ച് ഞാൻ ആദ്യ ഫേസ്ബുക്ക് പോസ്റ്റിടുന്നത്. നീതു പഠിക്കുന്നവെന്ന് പറയുന്ന സ്‌കൂളിലെ രജിസ്റ്റർ മുഴുവൻ പരിശോധിച്ചു. അവിടത്തെ കൗൺസിലർമാർ അടക്കമുളളവർ പ്രദേശമാകെ തെരഞ്ഞു. ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിർമ്മാണം നിർത്തുകയാണ്. അങ്ങനെ ഒരു സന്ദേശം വരുമ്പോൾ പാവപ്പെട്ടവർക്ക് ആശങ്കയുണ്ടാകും. അതിന്റെ പാപഭാരം ഞാൻ ഏൽക്കുക തന്നെ വേണം. എന്റെ സത്യാവസ്ഥ എനിക്ക് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. അതുമായി ബന്ധപ്പെട്ട ആദ്യപടിയാണ് നീതു ജോൺസണ് വേണ്ടിയുളള കാത്തിരിപ്പ്.
പ്രൊഫൈൽ പിക്ക് കോഴിമുട്ടയായി
ഞാൻ തന്നെയാണ് നീതു ജോൺസന്റെ പോസ്റ്റ് സൃഷ്‌ടിച്ച് പ്രചരിപ്പിച്ചത് എന്നാണ് ഇപ്പോൾ സി.പി.എമ്മുകാർ പറയുന്നത്. അങ്ങനെയാണെങ്കിൽ അത് കഴിഞ്ഞ മാസം പറയണമായിരുന്നു. വിജി കുന്നുമ്പുറത്ത് എന്നയാളുടെ കമന്റിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. ഇപ്പോൾ അയാൾ ആ പോസ്റ്റ് പിൻവലിച്ച് അയാളുടെ പ്രൈഫൈൽ പിക്ചർ കോഴിമുട്ട ആക്കിയിരിക്കുകയാണ്.
തൊണ്ടി കൃത്യമായുണ്ട്
സി.ബി.ഐ വളരെ ഊർജ്ജിതമായാണ് ലൈഫ് തട്ടിപ്പ് അന്വേഷിക്കുന്നത്. ഇതൊരു സാമ്പത്തിക ക്രമക്കേടാണ്. ലാവ്‌ലിൻ കേസിൽ തൊണ്ടി കൃത്യമായി കിട്ടിയിരുന്നില്ല. എന്നാൽ ഈ കേസിൽ തൊണ്ടി കൃത്യമായുണ്ട്. പണം കൈപ്പറ്റിയതും വിതരണം ചെയ്‌തതും യൂണിടാക്കാണ്. വാങ്ങിയ ആളുകൾ ആരാണെന്നുളളത് യൂണിടാക്ക് പറയും. തൊണ്ടിയും വാദിയും സാക്ഷിയുമെല്ലാം സി.ബി.ഐ കസ്റ്റഡിയിലുണ്ട്. അന്വേഷണം സുഗമമായി പോകാനുളള സാഹചര്യമുണ്ടാകണം. ഓർഡിനൻസൊക്കെ വരികയാണെങ്കിൽ എന്താകുമെന്ന് പറയാൻ പറ്റില്ല.
ഫോൺ രേഖകൾ പരിശോധിക്കട്ടെ
2019 ഡിസംബർ നാലിലെ ഫേസ്ബുക്ക് പോസ്റ്റിൽ താൻ ഗൾഫിൽ പോയതിന്റെ ഫലമായി വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമ്മാണത്തിന് പണം കിട്ടിയെന്ന് മുഖ്യമന്ത്രി കൃത്യമായി പറയുന്നുണ്ട്. ആ പണത്തിന്റെ ഭാഗമായി എന്തൊക്കെ ചെയ്യുമെന്നും അദ്ദേഹം കൃത്യമായി പറഞ്ഞു. അതിന് മറുപടിയായി ഇതിൽ ദുരുദ്ദേശമുണ്ടെന്ന് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. അന്ന് രാത്രിയോടെ ഇന്നലെ സി.ബി.ഐ ചോദ്യം ചെയ്‌ത ലൈഫ് മിഷൻ തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർ ലിൻസ് ഡേവിസ് എന്നെ വിളിച്ചു. എം.എൽ.എ എന്തിനാണ് അങ്ങനെ പോസ്റ്റിട്ടത്, എന്തെങ്കിലും ദുരുദ്ദേശമുണ്ടോയെന്നൊക്കെ അയാൾ ചോദിച്ചു. ഇതിനകത്തുഉളള കളളം ഞാൻ അറിഞ്ഞുവെന്നുളള സംശയം അവർക്ക് അന്നേ ഉണ്ടായിരുന്നു. എന്റെയും യു.വി ജോസിന്റെയും ലിൻസിന്റേയുമൊക്കെ ഫോൺ രേഖകൾ പരിശോധിക്കട്ടെ.
സുപ്രീംകോടതി വരെ പോകും
ലൈഫ് പദ്ധതിയിൽ ഞാൻ പറഞ്ഞ കുറവുകളൊന്നും സർക്കാർ പരിഹരിച്ചിരുന്നില്ല. യു.വി ജോസിനെ എനിക്ക് വിശ്വാസമായിരുന്നു, പക്ഷേ ഇപ്പോൾ ചില സംശയങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതിൽ ബന്ധമുണ്ട്. ഇവിടെ നീതി കിട്ടിയില്ലെങ്കിൽ സുപ്രീംകോടതി വരെ പോയി കേസ് നടത്താൻ തന്നെയാണ് എന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |