തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ മങ്ങിയ പ്രതിച്ഛായ മിനുക്കാൻ വികസനപദ്ധതികളെ ആശ്രയിക്കുമ്പോഴും രാഷ്ട്രീയ വിവാദങ്ങൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു.
ഏറ്റവുമൊടുവിൽ ലൈഫ് മിഷനിൽ സി.ബി.ഐ അന്വേഷണം തടയാനാവില്ലെന്ന ഹൈക്കോടതിയുടെ വാക്കാൽ പരാമർശവും സർക്കാരിന് ക്ഷീണമായി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നത് രാഷ്ട്രീയമുന്നണികളെല്ലാം ഉറ്റുനോക്കുകയാണ്. കോടതി ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് സർക്കാരിന് തിരിച്ചടി പ്രതീക്ഷിക്കുകയാണ് പ്രതിപക്ഷം. എങ്കിലും സി.ബി.ഐ അന്വേഷണത്തിനെതിരെ സമർപ്പിച്ച ഹർജി സ്വീകരിച്ചതിൽ ഇടതുകേന്ദ്രങ്ങൾ ആശ്വസിക്കുന്നുണ്ട്.
കോടതിയുടെ പരാമർശത്തോടെ, സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നത് ഭയം കൊണ്ടാണെന്ന് പ്രതിപക്ഷം ആക്രമണം കനപ്പിച്ചിട്ടുണ്ട്. ലൈഫ് മിഷൻ കേസിലടക്കം സർക്കാരിനെ പ്രഹരിക്കാനുള്ള അവസരങ്ങൾ പാഴാക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം.
കൊടുവള്ളിയിൽ ഇടത് മുനിസിപ്പൽ കൗൺസിലറായ കാരാട്ട് ഫൈസലിനെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതാണ് സർക്കാരിന് മറ്റൊരു തലവേദനയായത്. ഇടത് സ്വതന്ത്ര എം.എൽ.എയായ പി.ടി.എ. റഹീമുമായി അടുത്ത ബന്ധമുണ്ട് ഫൈസലിന്. ഇപ്പോൾ ഐ.എൻ.എല്ലുമായി ലയിച്ചു.
വിഷയത്തിൽ മുസ്ലിംലീഗ് പരസ്യപ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഫൈസലിന്റെ വസതിയിലേക്ക് യൂത്ത് ലീഗിന്റെ പ്രകടനമുണ്ടായി. കഴിഞ്ഞ കേരളയാത്രയിൽ ഫൈസൽ ഒരുക്കിയ വാഹനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചതും വിവാദമായിരുന്നു. ഇതെല്ലാം ആയുധമാക്കാനാണ് പ്രതിപക്ഷ ശ്രമം.
പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐയും സംസ്ഥാനസർക്കാരും തമ്മിലെ ഏറ്റുമുട്ടലിലാണ്. ക്രൈംബ്രാഞ്ച് കേസ് രേഖകൾ കൈമാറാത്തതിനെതിരെ സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ചിനും നോട്ടീസ് നൽകിയത് പ്രത്യക്ഷമായ ഏറ്റുമുട്ടലിന്റെ സൂചനയാണ്.
ലൈഫ് മിഷൻ ഇടപാടിലും സർക്കാരിന് സി.ബി.ഐയോട് കൊമ്പുകോർക്കേണ്ടി വരികയാണ്.
വിവാദങ്ങൾക്കിടയിലും പാലാരിവട്ടം പാലം പുനർ നിർമ്മാണം ഉൾപ്പെടെ ജനശ്രദ്ധയാകർഷിക്കുന്ന വികസനപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള ദൃഢനിശ്ചയത്തിലാണ് സർക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |