കാട്ടാക്കട: 16 വയസുള്ള പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് കൂട്ടുകാരുടെ സഹായത്താൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ആലമുക്ക് കുഴിയാംകോണം സംസം മൻസിലിൽ മുഹമ്മദ് ഇംഫാൽ(24) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 28 ന് രാത്രി 8 മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ സംഘം പെൺകുട്ടിയുടെ അമ്മൂമ്മയെ ദേഹോപദ്രവം ഏല്പിച്ച ശേഷം പെൺകുട്ടിയെ കാറിൽ കടത്തികൊണ്ടു പോകുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ ഉടൻ വിവരം പൊലീസിൽ അറിയിക്കുകയും, പൊലീസ് പിന്തുടരുമെന്ന് മനസിലാക്കിയതോടെ, പെൺകുട്ടിയെ കാറിൽ നിന്നു മാറ്റി ഇംഫാലിന്റെ ബൈക്കിൽ കടത്തിക്കൊണ്ടു പോകുകയും പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ കൊല്ലം ജില്ലയിൽ നിന്നു കണ്ടെത്തുകയും പ്രതി രക്ഷപ്പെടുകയും ചെയ്തു. അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ വൈകിട്ടോടെ ഇംഫാലിനെ കഞ്ചാവ് വിൽപ്പനയ്ക്കിടെ പൂവച്ചൽ ഭാഗത്തു വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇംഫാലിനോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു.ഇംഫാലിന്റെ ബാഗിൽ നിന്നു മൂന്ന്കവറുകളിലായി 300 ഗ്രാം കഞ്ചാവ് കണ്ടെത്തി.കഞ്ചാവ് വിറ്റ വകയിൽ കിട്ടിയ I7500 രൂപയും പ്രതിയിൽ നിന്ന് കിട്ടിയിട്ടുണ്ട്. പ്രതി ക്രിമിനൽ കേസ് ഉള്ളയാളാണ്. കഞ്ചാവ് കടത്താൻ ഉപയോഗിച്ചതും പെൺകുട്ടിയെ കടത്താൻ ഉപയോഗിച്ചതുമായ രണ്ടു മോട്ടോർ ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. കാട്ടാക്കട ഇൻസ്പെക്ടർ ഡി. ബിജുകുമാർ,സബ് ഇൻസ്പെക്ടർ നിജാം,എസ്.ഐമാരായ ആന്റണി, മഹേശൻ, എ.എസ്.ഐ രാജശേഖരൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്.