സിനിമ കറുപ്പിലും വെളുപ്പിലും ഒാടുന്ന കാലം.തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വൻകിട ഫാർമസ്യൂട്ടിക്കൽ ബിസിനസ് നടത്തുന്ന അമൽദാസ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്. ബിസിനസ് ഉപേക്ഷിച്ച് മദിരാശിക്ക് പോവാൻ ഒരു ദിവസം തീരുമാനിച്ചു. ഞങ്ങളെയും കൂടെ കൊണ്ടു പോവണമെന്നും സിനിമാതാരം ശിവാജി ഗണേശനെ കാണാൻ കൊതിയാണെന്നും അമൽദാസിനോട് രണ്ടാമത്തെ മകൾ കൊഞ്ചി പറഞ്ഞു. ശിവാജി ഗണേശനാണ് മകളുടെ പ്രിയ താരം. ആ ആഗ്രഹത്തിനു മുൻപിൽ അമൽദാസ് തോറ്റു. നാലു മക്കളിൽ മൂത്ത മകളോടാണ് അമൽദാസിന് കൂടുതൽ ഇഷ്ടം. സുഹൃത്തായ സിനിമാപ്രവർത്തകൻ അമൽദാസിനെയും കുടുംബത്തെയും ശിവാജി ഗണേശന്റെ വീട്ടിൽ കൊണ്ടു പോയി. എന്നാൽ ശിവാജി ഗണേശനെ കാണാൻ കഴിഞ്ഞില്ല. മകൾ വീണ്ടും വാശി പിടിച്ചപ്പോൾ അമൽദാസ് വീണ്ടും ആ സുഹൃത്തിനെ വിളിച്ചു. അമൽദാസിനും കുടുംബത്തിനും കുറെ സിനിമകളുടെ ചിത്രീകരണം കാണാൻ അവസരം ഒരുക്കി. മകൾ കാണാൻ സുന്ദരിയാണെന്നും സിനിമയിൽ അഭിനയിച്ചു കൂടെയെന്നും സുഹൃത്ത് ചോദിച്ചപ്പോൾ അമൽദാസ് വ്യക്തമായ മറുപടി നൽകി. ഡോക്ടർ കുടുംബത്തിന് സിനിമ പറ്റില്ല. മാത്രമല്ല, യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബം. എന്നാൽ കുടുംബത്തിന്റെ അവസ്ഥ നന്നായി അറിയുന്ന ഭാര്യ സുശീല ജീവിതപാതിയെ ഉപദേശിച്ചു.നാലു മക്കളുമായി എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിനു മുൻപിൽ അമൽദാസ് നിസഹായനായി. എല്ലാവരെയും ഞാൻ പോറ്റി വളർത്തും. പതിനാലുകാരിയായ മകളുടെ വാക്കുകളിലെ നിശ്ചയദാർഢ്യം അമൽദാസ് തിരിച്ചറഞ്ഞ നിമിഷം. ആ പെൺകുട്ടി പ്രമീള എന്ന നടിയായി പിന്നീട് അറിയപ്പെട്ടു .എഴുപതുകളിലെയും എൺപതുകളിലെയും നായിക. നാലു ഭാഷകളിൽ 250 ലധികം സിനിമകൾ. മലയാളത്തിൽ വിൻസന്റിന്റെയും രവികുമാറിന്റെയും രാഘവന്റെയും നായികയായി നിരവധി സിനിമകളിൽ അഭിനയിച്ചു. ഭരതൻ സംവിധാനം ചെയ്ത ആരവത്തിൽ നായികയായി. തമിഴിൽ എസ്. പി മുത്തുരാമൻ, ജയശങ്കർ , ശിവകുമാർ എന്നിവരുടെ നായിക. രതിഭാവങ്ങളിൽ സമ്പന്നമായ തമ്പുരാട്ടി എന്ന സിനിമയുടെ പേരിലാണ് പ്രമീളയെ മലയാളി പെട്ടെന്ന് ഒാർക്കുക. വിവാഹശേഷം സിനിമ ഉപേക്ഷിച്ച പ്രമീള ആസ്ട്രേലിയക്കാരനായ ഭർത്താവ് പോൾ സ്ലെക്ട്രായോടൊപ്പം മുപ്പതുവർഷമായി കാലിഫോർണിയയിലാണ് താമസം.
അന്നത്തെ ആ പതിനാലുകാരി പെൺകുട്ടിയുടെ ഊർജ്ജം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ടോ?
അത് എന്റെ ഉള്ളിൽ മരണം വരെ ഉണ്ടാവും. എനിക്ക് ഇപ്പോൾ 64 വയസുണ്ട്. ജീവിക്കണമെന്ന ആഗ്രഹവും ഊർജ്ജവും എവിടെനിന്നു ആ പ്രായത്തിൽ ലഭിച്ചെന്ന് ഇപ്പോഴും അറിയില്ല. അങ്ങനെ ഒരു ഉറച്ച തീരുമാനമെടുത്തില്ലായിരുന്നെങ്കിൽ ചിലപ്പോൾ കുടുംബം ഒന്നടങ്കം എന്തെങ്കിലും കടുംകൈ ചെയ്യേണ്ടി വരുമായിരുന്നു. സിനിമ പാരമ്പര്യം ഒന്നും അവകാശപ്പെടാനില്ല. സഹോദരങ്ങളെ ആരെയും സിനിമയിൽ കൊണ്ടുവന്നില്ല. എന്നാൽ എല്ലാവരെയും നല്ല നിലയിൽ എത്തിക്കാൻ സാധിച്ചു. ഇതിനിടയിലാണ് ഞാൻ ജീവിച്ചത്. മൂത്ത സഹോദരൻ സീസറും സഹോദരി സ്വീറ്റിയും യു എസിലുണ്ട്. ഞാനാണ് അവരെ ഇവിടേക്ക് കൊണ്ടു വന്നത്. ഇളയ സഹോദരൻ പ്രഭു ചെന്നൈയിൽ.ഏറെ സുന്ദരമാണ് എന്റെ ജീവിതം. എല്ലാത്തിനും ദൈവത്തിന് നന്ദി. തീരെ ആഗ്രഹിച്ചതല്ല ഈ ജീവിതവും സൗഭാഗ്യവും. എല്ലാം വന്നു ചേരുകയായിരുന്നു.
തമിഴിൽ അഭിനയിച്ചാണ് തുടക്കം കുറിച്ചതെങ്കിലും 'സംഭവാമീ യുഗേ യുഗേ " ആദ്യ ചിത്രവും ആദ്യ മലയാള സിനിമയുമായിയല്ലേ?
ചെന്നൈ ടി. നഗറിലെ ശാരദ വിദ്യാലയത്തിൽ പഠിക്കുമ്പോൾ കൂട്ടുകാരിക്ക് കൊടുത്ത ഫോട്ടോ ബന്ധുവായ ചലച്ചിത്ര പ്രവർത്തകൻ കണ്ടു.എം.ജി ആറിന്റെ ജ്യേഷ്ഠ സഹോദരൻ എം. ജി ചക്രപാണിയുടെ ചലച്ചിത്ര നിർമ്മാണ കമ്പനി പുതിയ നായികയെ തേടുന്ന സമയം. അച്ഛനെയും അമ്മയെയും കൂട്ടി ചക്രപാണി സാറിന്റെ ഒാഫീസിൽ പോയി. ആസമയത്ത് രാജേഷ് ഖന്നയുടെ 'ആരാധന" റിലീസായ സമയം. ഷർമ്മിള ടാഗോറിന്റെ വേഷവിധാനത്തിലായിരുന്നു ഞാൻ. ചക്രപാണി സാറിന് എന്നെ ഇഷ്ടപ്പെട്ടു. ആയിരം രൂപ അഡ്വാൻസ് തന്നു. അങ്ങനെ പതിനാലു വയസിൽ മീനവ മകൻ എന്ന ചിത്രത്തിൽ നായികയായി. ആ സിനിമയുടെ ഒരു ഷെഡ്യൂൾ മാത്രമാണ് നടന്നത്. എന്തോ കാരണത്താൽ തുടർചിത്രീകരണം നടന്നില്ല. കെ. പി കൊട്ടാരക്കര സാർ 'സംഭാവമീ യുഗേ യുഗേ" എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കാൻ വിളിച്ചു. അതാണ് എന്റെ ആദ്യ സിനിമ. ആസമയത്ത് 'മറുനാടൻ മലയാളി" എന്ന ചിത്രത്തിലേക്കും വിളിച്ചു. രണ്ടു സിനിമയിലും മൂന്നു നായികമാർ. വിജയശ്രീ , സാധന, ഞാൻ. എന്റെ നായകൻ അടൂർ ഭാസി. ഇതിനുശേഷം അടൂർ ഭാസി സാറിന്റെ മകളായും അഭിനയിച്ചു. കെ. എസ് . സേതു മാധവൻ സാർ സംവിധാനം ചെയ്ത 'ലൈൻ ബസ് "എന്ന ചിത്രമായിരുന്നു അത്. നായകനായി അഭിനയിച്ചത് കെ. പി ഉമ്മർ. 'വാഴയടി വാഴ" എന്ന ചിത്രമാണ് ആദ്യ തമിഴ് സിനിമ. എന്റെ മൂന്നാമത്തെ തമിഴ് ചിത്രം കെ. ബാലചന്ദർ സാറിന്റെ അരങ്ങേറ്റമാണ്. ആ സിനിമയിൽ കമൽഹാസൻ അഭിനയിച്ചിരുന്നു. ഞാൻ അഭിനയിച്ച ഉന്നൈ സുതം ഉലകം എന്ന ചിത്രത്തിൽ കമൽഹാസൻ അതിഥി വേഷം ചെയ്തു.പിന്നീട് കമൽഹാസൻ വലിയ താരമായി. അതു തുടരുകയാണ്.നസീർ സാറിനൊപ്പം അഭിനയിച്ച 'ഇൻസ് പെക്ടർ" എന്ന ചിത്രമാണ് എനിക്ക് ഏറെ പ്രിയപ്പെട്ടത്. മലയാളത്തിൽ രണ്ട് ചിത്രങ്ങൾ നിർമ്മിച്ചു.
മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾഅവതരിപ്പിച്ചെങ്കിലും തമ്പുരാട്ടി എന്ന ചിത്രമാണല്ലോ പ്രേക്ഷകർ ആദ്യം ഒാർക്കുക?
തമ്പുരാട്ടി ഒരു ഗ്ളാമർ ചിത്രമാണ്. ആ സിനിമയുടെ പ്രിവ്യു കാണാൻ അച്ഛനും അമ്മയും സഹോദരങ്ങളും വന്നിരുന്നു. അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാൻ ഇരുന്നത്. ഗ്ളാമർ സീൻ വന്നപ്പോൾ ഞാൻ കുനിഞ്ഞിരുന്നു. അപ്പോൾ എനിക്ക് വിഷമം തോന്നി. തമ്പുരാട്ടിയുടെ ലൊക്കേഷനിൽ അച്ഛനും അമ്മയും വന്നില്ല. ഗ്ളാമർ ചിത്രമെന്ന് ഞാൻ പറഞ്ഞിരുന്നു. അരങ്ങേറ്റം സിനിമയുടെ ലൊക്കേഷനിലാണ് നടി ഉഷറാണിയെ പരിചയപ്പെടുന്നത്. വളരെ വേഗം ഉഷ എന്റെ നല്ല സുഹൃത്തായി. ഉഷയുടെ ഭർത്താവ് എൻ. ശങ്കരൻനായരാണ് തമ്പുരാട്ടിയുടെ സംവിധായകൻ. അവർ കഥ പറഞ്ഞു. ആദ്യം ഞാൻ നിരസിച്ചു. പിന്നേ നിർബന്ധിച്ചു. അങ്ങനെയാണ് അഭിനയിക്കാൻ തീരുമാനിച്ചത്. കഥാപാത്രം നന്നാവാൻ കുറിച്ചു സെക് സിയായി അഭിനയിക്കണമെന്ന് ഉഷ അഭ്യർത്ഥിച്ചു. ഞാൻ അതും അനുസരിച്ചു.നല്ല സിനിമയാണ് തമ്പുരാട്ടി. മികച്ച പ്രമേയം. ജീവിതം മുഴുവൻ കന്യകയായി ജീവിക്കുന്ന കഥാപാത്രം. സംഭവം, ഉത്പത്തി, താലപ്പൊലി, അംഗീകാരം, ഡ്രൈവർ മദ്യപിച്ചിരുന്നു, വെടിക്കെട്ട് തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങളായിരുന്നു. എന്നാൽ പ്രേക്ഷകർ ആദ്യം ഒാർക്കുന്നത് തമ്പുരാട്ടി എന്ന ചിത്രവും രാഗിണി തമ്പുരാട്ടി എന്ന കഥാപാത്രവുമാണ്. ഞാൻ അവർക്ക് തമ്പുരാട്ടി പ്രമീളയും. 'തമ്പുരാട്ടി'യിൽ അഭിനയിച്ചതിൽ കുറ്റബോധമില്ല. എന്നാൽ ആ സിനിമയിൽ ചില ബിറ്റ് സീനുകൾ തിയേറ്ററുകാർ ഉൾപ്പെടുത്തിയതായി പിന്നീട് അറിഞ്ഞു.
ആസ്ട്രേലിയക്കാരനായ പോൾ എങ്ങനെ ജീവിത പങ്കാളിയായി എത്തി?
പത്രത്തിൽ വരനെ ക്ഷണിച്ചു അമ്മ പരസ്യം നൽകി. മൂന്നുറിലധികം പേരിൽനിന്നാണ് പോളിനെ തിരഞ്ഞെടുത്തത്. ഞങ്ങൾ രണ്ടു പേരുടെയും രണ്ടാം വിവാഹമാണ്. ഞങ്ങൾക്ക് കുട്ടികളില്ല. അത് ഒരു ദുഃഖമായി കരുതുന്നില്ല. ഏറെ ആഹ്ളാദത്തോടെയാണ് ഞങ്ങളുടെ ജീവിതം. ഈ ജീവിതം തീരെ പ്രതീക്ഷിച്ചതല്ല. രണ്ടുപേർക്കും യു. എസ് പൗരത്വമുണ്ട്. 1992 ലായിരുന്നു വിവാഹം.
യു.എസ് ജീവിതത്തിൽ പല ജോലികൾ ചെയ്തല്ലേ?
ആംമഡ് ഫോഴ്സിലായിരുന്നു പോളിന് ജോലി.വാൾട്ട് ഡിസ്നി ഉൾപ്പെടെ യു.എസിലെ വലിയ കമ്പനികൾക്ക് ബാങ്കിൽനിന്ന് പണം എത്തിച്ചു കൊടുക്കുന്ന ജോലിയായിരുന്നു പോളിന്. ഈ ജോലിക്ക് ശ്രമിച്ചു കൂടേ എന്നു പോൾചോദിച്ചു. പോളിന് നല്ല വിദ്യാഭ്യാസമുണ്ട്.ഞാൻ സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കിയിട്ടില്ല. ഇംഗ്ളീഷ് നന്നായി പഠിച്ചു. ജോലി ലഭിക്കാൻ കാലിഫോർണിയ പൊലീസ് അക്കാഡമിയിൽ രണ്ടു വർഷത്തെ കോഴ്സിനു ചേർന്നു. പഠനം വലിയ ബുദ്ധിമുട്ടായിരുന്നു. തോക്ക് കൈകാര്യം ചെയ്യാൻ അറിയണം. പ്രതികളെ അറസ്റ്റ് ചെയ്യുന്ന വിധം എല്ലാം പഠിച്ചു.പണം കൊണ്ടു പോവുന്ന ട്രക്ക് ഒാടിക്കാൻ അറിയുകയും വേണം. വാഹനത്തിന്റെ അറ്റകുറ്റപ്പണിയും പഠിച്ചു. ധൈര്യവും ആത്മവിശ്വാസവും കൈവിടാതെ എല്ലാം പഠിക്കാൻ സാധിച്ചു. ബി ലെവലിൽ കോഴ് സ് പൂർത്തിയായി. പിന്നീട് ഞങ്ങൾ രണ്ടുപേരും ഒന്നിച്ചു ജോലി ചെയ്തു. കാഷ് വാൾട്ട് സൂപ്പർവൈസർ എന്നാണ് ആ ജോലിയുടെ പേര്. ജോലി ചെയ്ത പണം കൊണ്ടാണ് പുതിയ വീട് വാങ്ങിയത്. ആസമയത്ത് അമ്മയ്ക്ക് ഹൃദയശസ്ത്രക്രിയ ആവശ്യമായി വന്നു. അമ്മയെ പരിചരിക്കുക എന്ന ദൗത്യം ഏറ്റെടുക്കേണ്ടതിനാൽ വി. ആർ. എസെടുത്തു.അപ്പോൾ നല്ല തുക ലഭിച്ചു.
പ്രമീള അഭിനയിച്ച സിനിമകൾ ഭർത്താവ് കണ്ടിട്ടുണ്ടോ?
ഞാനഭിനയിച്ച ഒരു സിനിമ പോലും പോൾ കണ്ടിട്ടില്ല. എന്നാൽ നാലു ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് അറിയാം. വീട്ടിൽ സിനിമ സംസാരിക്കേണ്ടി വരുന്നില്ല. പഴയകാല സിനിമ സുഹൃത്തുക്കൾ വിളിക്കാറുണ്ട്. അപ്പോൾ മാത്രമാണ് ഞാൻ ഒരു സിനിമാനടിയായിരുന്നെന്ന് ഒാർക്കുന്നതുപോലും. പഴയ തലമുറയിലെ അധികം പേരും പോയി. ഏറ്റവും ഒടുവിൽ ഉഷറാണിയും.
തുടക്കം പോലെ രണ്ടാം വരവും മലയാളത്തിൽനിന്നു ഉണ്ടാവാൻ സാദ്ധ്യതയുണ്ടോ ?
മുപ്പതുവർഷമായി സിനിമയിൽ അഭിനയിക്കുന്നില്ല. അക്കരെ അക്കരെ അക്കരെ എന്ന മോഹൻലാൽ ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. ആ സിനിമയുടെ ചിത്രീകരണം യു. എസിലായിരുന്നു. നല്ല ഒരു കുടുംബ ജീവിതത്തിലാണ് ഞാൻ ഇപ്പോൾ. അതിൽ ഏറെ സന്തോഷിക്കുന്നു. ഇനി, സിനിമയിൽ അഭിനയിക്കുമോയെന്നും അറിയില്ല. മലയാളിയല്ലാതിരുന്നിട്ടും മലയാളികളാണ് എന്നെ കൂടുതൽ സ്നേഹിച്ചത്. രണ്ടാം വരവ് ഉണ്ടാവുകയാണെങ്കിൽ അതു മലയാളത്തിലൂടെയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |