കോഴിക്കോട്: സ്വർണക്കടത്തിനും ലൈഫ് പദ്ധതി അഴിമതിക്കുമെതിരെ ബി.ജെ.പി സമരം ശക്തമാക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും പോരാടും. സമരങ്ങൾക്ക് അഞ്ചു പേരിൽ കൂടുതൽ പാടില്ലെന്ന നിയന്ത്രണം പുനഃപരിശോധിക്കേണ്ടിവരും. സർക്കാർ പരിപാടികൾക്ക് എത്രയാളുമാവാമെങ്കിൽ നിബന്ധന ലംഘിക്കാൻ നിർബന്ധിതമാവും.
സമര പരിപാടി ചർച്ച ചെയ്യാൻ പാർട്ടിയുടെ നാല് മേഖലാ നേതൃയോഗങ്ങൾ ഇന്ന് നടക്കും. മുഖ്യമന്ത്രിയും സ്വപ്നയും തമ്മിലുള്ള ബന്ധം ശരിവയ്ക്കുന്നതാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. സത്യം മുഖ്യമന്ത്രി തുറന്നു പറഞ്ഞില്ലെങ്കിൽ മൗനം സമ്മതമെന്ന് കരുതേണ്ടിവരും.
കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നത് വ്യാജ പ്രചാരണമാണ്. മന്ത്രിതല സമ്മേളനത്തിൽ മാദ്ധ്യമ പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്. അവരിലൊരാൾ മാത്രമാണ് സ്മിത മേനോൻ. മഹിളാ മോർച്ചയുടെ സെക്രട്ടറിയായി സ്മിത മേനോനെ നിയമിച്ചത് തന്റെ ശുപാർശപ്രകാരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |