പത്തനാപുരം: മൺകൂരയിൽ സഹോദരിക്കൊപ്പം നിലത്തു കിടന്നുറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച പത്തുവയസുകാരിയുടെ കുടുംബത്തിന് സുഹൃത്തുക്കളുടെ സഹായത്തോടെ വാവ സുരേഷ് വീടുവച്ച് നൽകും. പത്തനാപുരം പഞ്ചായത്തിലെ മാങ്കോട് അംബേദ്കർ ഗ്രാമത്തിൽ ചരുവിള പുത്തൻവീട്ടിൽ രാജീവ് സിന്ധു ദമ്പതികളുടെ മൂത്ത മകൾ ആദിത്യയുടെ വിയോഗം കേരളകൗമുദിയിലൂടെയാണ് വാവ അറിഞ്ഞത്.
കഴിഞ്ഞ തിങ്കളാഴ്ച വാവ ആദിത്യയുടെ വീട് സന്ദർശിച്ചു. മലപ്പുറത്തുള്ള പ്രവാസി സുഹൃത്തുക്കൾ വാവ സുരേഷിന് വീട് നിർമ്മിച്ച് നൽകാമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ അന്ന് സ്‌നേഹപൂർവം നിരസിച്ച വാവ ഈ വീട് ആദിത്യയുടെ കുടുംബത്തിന് നൽകണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. കേട്ടപാടെ സുഹൃത്തുക്കളും സമ്മതംമൂളി. വീടുപണി ഉടൻ ആരംഭിക്കുമെന്ന് വീട്ടുകാർക്ക് വാവ ഉറപ്പും നൽകി.
ഈ മാസം 2ന് രാത്രിയിലാണ് തറയിലെ മാളത്തിൽ ഒളിച്ചിരുന്ന ശംഖുവരയൻ പാമ്പ് ആദിത്യയുടെ ചെവിയിൽ കടിച്ചത്. കുട്ടി ഉണർന്ന് വിവരം അറിയിച്ചെങ്കിലും മറ്റെന്തോ പ്രാണി കടിച്ചതാകാമെന്നാണ് മാതാപിതാക്കൾ കരുതിയത്. എന്നാൽ വേദന അസഹ്യമായതോടെ രാവിലെ 6 ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെനിന്ന് തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പിതാവ് രാജീവ് മുൻപ് വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്.
മൺകട്ട കൊണ്ട് നിർമ്മിച്ച ഈ വീട്ടിലാണ് രാജീവിന്റെ സഹോദരിയും മക്കളും അടക്കം എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ താമസം. തറയും ഭിത്തിയും മേൽക്കൂരയും തകർന്ന വീടിന്റെ മുകൾഭാഗത്ത് പ്ലാസ്റ്റിക് ടാർപ്പോ കെട്ടിയ നിലയിലാണ്. ഏത് നിമിഷവും തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ് വീട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |