ആദ്യനോട്ടത്തിൽത്തന്നെ ഈ ഫോട്ടോ എന്താണെന്നു പലരും കണ്ടു തീരുമാനിച്ചിരിക്കും. പ്രതേകിച്ചും മധുരം ഇഷ്ടപ്പെടുന്നവർ.ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ടി വി ഷോകളിൽ മൈദാ ഉപയോഗിക്കരുത്, ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുക എന്നൊക്കെ അടിക്കടി പറയുന്നത് കേൾക്കാം. അതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ അധികവും. പക്ഷേ വൈകുന്നേരം ജോലികഴിഞ്ഞിറങ്ങുമ്പോൾ കുട്ടികൾക്ക് എന്തെങ്കിലും വാങ്ങണമല്ലോ എന്നുകരുതി ഓടിപ്പോയി മേൽപ്പറഞ്ഞ സംഗതികളൊക്കെത്തന്നെ വാങ്ങിയാണ് മിക്കവരും വീടുകളിൽ എത്തുക.
വിദേശികളും സ്വാദേശികളുമായ പലതരം പലഹാരങ്ങളും റെസിപ്പികളും ഇപ്പോൾ പ്രചാരത്തിലുണ്ട്. അവയുണ്ടാക്കാനുള്ള എളുപ്പവഴികൾ നെറ്റിലും യുട്യൂബിലുമൊക്കെയുണ്ട്.കൊവിഡ് കാലത്ത് എല്ലാവരുടെയും പ്രധാനവിനോദം പാചക പരീക്ഷണങ്ങളായിരുന്നു എന്ന് മിക്കവർക്കും അറിയാമല്ലോ. തെക്കേ ഇന്ത്യക്കാർക്ക് അത്ര സുപരിചിതമല്ലാത്ത ഒരു പലഹാരമായിരുന്നു ലഡ്ഡു. എന്തും അനുകരിക്കാൻ താല്പര്യമുള്ളവരാണല്ലോ നമ്മൾ. അങ്ങനെ പലകാര്യങ്ങളെയും പോലെ നമ്മുടെ ഇടയിലേക്കും ലഡ്ഡു കടന്നുവന്നു. പ്രമേഹത്തിന്റെ തലസ്ഥാനമാണ് കേരളമെന്നു പലരും പറയാറുണ്ട്. എങ്കിലും നമ്മുടെ ബേക്കറികളിലും പലഹാരക്കടകളിലും കണ്ണാടിപ്പെട്ടികളിൽ ലഡ്ഡു സ്ഥാനം പിടിച്ചു. മാത്രമല്ല മീറ്റിംഗുകളിലെ വിജയാഘോഷങ്ങൾക്കും സന്തോഷ പ്രകടനങ്ങൾക്കും ഇന്ന് ലഡ്ഡു മുഖ്യകഥാപാത്രമാണ്. 'മോനെ മനസിൽ ലഡ്ഡു പൊട്ടി" എന്ന പരസ്യവാചകം പോലും ഇന്നു മലയാളത്തിൽ വളരെ പരിചിതമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പൊതുവെ ആകർഷകമായ മഞ്ഞനിറത്തിൽ ഉരുളകളായി കാണുന്ന മധുരമുള്ള ഈ പലഹാരം ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. നല്ല മധുരമുണ്ടെങ്കിലും വരിവരിയായിഭംഗിയായി കണ്ണാടിപ്പെട്ടികളിൽ അടുക്കി പുറമെ പഞ്ചസാരതൂവി അലങ്കരിച്ചു വച്ചിരിക്കുന്ന ലഡ്ഡു ആണെന്ന് തോന്നുമെങ്കിലും ഇത് അതല്ല. വിടർന്നു വരുന്ന സൂര്യകാന്തിപ്പൂവിന്റെ ഉൾഭാഗത്തിന്റെ മാക്രോ ഷോട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |