SignIn
Kerala Kaumudi Online
Tuesday, 08 July 2025 4.15 PM IST

കേരളവും‌ കമ്മ്യൂണിസവും

Increase Font Size Decrease Font Size Print Page

cpm

പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതല്ല കേരളമെന്ന് ചട്ടമ്പിസ്വാമികൾ യുക്തിപൂർവം സമർത്ഥിച്ചിട്ടുണ്ട്. 64 ബ്രാഹ്മണ ഇല്ലങ്ങളെ കുടിയിരുത്തി അവർക്ക് അവകാശപ്പെട്ടതാണ് കേരളമെന്ന ധാരണ സൃഷ്ടിക്കാൻ അന്നത്തെ പുരോഹിത സമുദായം സൃഷ്ടിച്ച കഥയാണിതെന്നാണ് സ്വാമികൾ കാര്യകാരണസഹിതം സ്ഥാപിക്കുന്നത്. വസ്തുതകൾ ശാസ്‌ത്രീയമായി പരിശോധിച്ച് വിശകലനം ചെയ്യുമ്പോൾ ഇത് ശരിയാണെന്ന് ആർക്കും ബോദ്ധ്യപ്പെടും. കാരണം ഇരുന്നൂറ് വർഷം മുമ്പ് വരെ ഹിന്ദുക്കളിലെ ക്ഷത്രിയരും ബ്രാഹ്മണരും ഒഴികെ മറ്റാർക്കും ഭൂമിയുടെ മേൽ ഉടമസ്ഥാവകാശമില്ലായിരുന്നു. ക്രിസ്ത്യാനികൾക്കും മുസ്ളിങ്ങൾക്കും​ അയിത്തം അത്രയും അനുഭവിക്കേണ്ട എന്നതൊഴിച്ചാൽ പിന്നാക്കക്കാരുടെ അവസ്ഥ തന്നെയായിരുന്നു. ജാതിവ്യവസ്ഥ കൊടികുത്തിവാഴുന്ന ഇരുണ്ട കാലഘട്ടം. ഇതിൽ ഒരു വലിയ മാറ്റം അഹിംസാപൂർവം കൊണ്ടുവന്നത് ശ്രീനാരായണഗുരുവിന്റെ ചിന്തകളും പ്രവർത്തന പദ്ധതികളുമായിരുന്നു. ഓരോ കാലഘട്ടത്തിലും അന്ന് സമൂഹത്തിൽ നിലനിൽക്കുന്ന പ്രധാനപ്പെട്ട അജ്ഞതയ്ക്കെതിരെയാവണം മഹാത്മാക്കൾ പ്രവർത്തിക്കേണ്ടത് എന്ന തത്വം മുറുകെ പിടിച്ചാണ് ഗുരു മനുഷ്യനിർമ്മിതമായ

ജാതിവ്യവസ്ഥയുടെ ഇരുളിനെതിരെ തന്റെ തപസിന്റെ കിരണങ്ങൾ പ്രസരിപ്പിച്ചത്. ഗുരുവിന്റെ കാലഘട്ടത്തിന്റെ അവസാനത്തോടെയാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് ചിന്തയുടെ മുള പൊട്ടിത്തുടങ്ങിയത്. 1917 ഒക്ടോബറിൽ നടന്ന റഷ്യൻ വിപ്ളവത്തിന്റെ കാറ്റ് മെല്ലെയെങ്കിലും കേരളത്തെയും തലോടിയിരുന്നു. മുപ്പതുകളിൽ എൻ.സി. ശേഖറും പൊന്നറ ശ്രീധറും മറ്റും അതിന്റെ തുടക്കക്കാരായിരുന്നു. എന്നാൽ 1937ൽ പിണറായിയിലെ പാറപ്രത്ത് പി. കൃഷ്ണപിള്ളയും എൻ.സി. ശേഖറും ഇ.എം.എസും കെ. ദാമോദരനുമൊക്കെ ചേർന്ന് രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കേരളത്തിൽ വേരുറച്ചത്. 1940 ജനുവരി 26നാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നത്. മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ വ്യാഖ്യാനങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ ചാലുകളിലേക്ക് ഇറങ്ങിച്ചെന്ന പി. കൃഷ്ണപിള്ളയുടെ പ്രവർത്തനങ്ങളാണ്,​ ഒരു പുതിയ വിമോചനത്തിന്റെ ഉദയമാണ് കമ്മ്യൂണിസം എന്ന ധാരണ അടിച്ചമർത്തപ്പെട്ടിരുന്ന വലിയ വിഭാഗത്തിന്റെ മനസിൽ ഉണർത്തിയത്. അതിന് താത്വികമായ പാത ഒരുക്കിയതിൽ ഇ.എം.എസിന്റെയും മനുഷ്യമുഖം നൽകിയതിൽ എ.കെ.ജിയുടെയും ആർ. സുഗതന്റെയും പേരറിയാത്ത അനേകം മനുഷ്യരുടെയും പങ്ക് ആർക്കും വിസ്മരിക്കാനാവില്ല.

മാർക്സിസ്റ്റ് സിദ്ധാന്തത്തിന് ഇംഗ്ളണ്ടിലെ ബ്രിട്ടീഷ് ലൈബ്രറിയിലിരുന്ന് രൂപം നൽകിയ കാറൽ മാക്സ് ഒരിക്കലും ജനാധിപത്യപരമായ മാർഗത്തിലൂടെ തൊഴിലാളി വർഗത്തിന്റെ ഭരണം ഉണ്ടാകുമെന്ന് ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. പാർലമെന്ററി സംവിധാനത്തിലൂടെ ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന് കേരളത്തിൽ നിലവിൽ വന്നതിനെ അമേരിക്കപോലും അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.

അധികാരങ്ങളും അവകാശങ്ങളും ചോദിച്ച് വാങ്ങാനുള്ള നെഞ്ചുറപ്പ് കേരളത്തിന് നൽകിയത് കമ്മ്യൂണിസമാണ്. ഇല്ലാത്തവനും ഉള്ളവനായി മാറാൻ ഒരു വഴിയുണ്ടാകുമെന്ന് തെളിയിച്ചതിനൊപ്പം സാധാരണക്കാരന്റെ ആത്മവിശ്വാസം വളർത്തിയതിലും കമ്മ്യൂണിസത്തിനുള്ള പങ്ക് ഇന്നും നിലനിൽക്കുന്നു.

മറ്റേതൊരു പ്രസ്ഥാനത്തിനുമെന്നപോലെ കേരളത്തിലെ കമ്മ്യൂണിസത്തിനും പാളിച്ചകൾ പറ്റിയിട്ടുണ്ട്. ശ്രീനാരായണഗുരു തുടങ്ങിവച്ച ജാതിവ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം പാർട്ടി മുന്നോട്ടു കൊണ്ടുപോയില്ല എന്നതാണ് ഏറ്റവും വലിയ വീഴ്ച. അധികാര സ്ഥാനങ്ങളിൽ ആദ്യം ഇരിക്കാനുള്ള യോഗ്യത സവർണ സമുദായങ്ങളിൽ നിന്നുള്ളവർക്കാണ് എന്ന അതുവരെ തുടർന്നുവന്നിരുന്ന കീഴ്‌വഴക്കം അതേപടി കമ്മ്യൂണിസ്റ്റ് പാർട്ടിയും തുടർന്നതോടെ,​ പാർട്ടിയുടെ സിദ്ധാന്തത്തിന്റെ പുറംതോട് പൊളിച്ച് ജാതിയുടെ സൂക്ഷ്‌മാണുക്കൾ ഇതിൽ കുടിയേറിയില്ലേ എന്ന സംശയം,​ ചിന്തിക്കുന്ന പലർക്കും പിന്നീടുണ്ടായി. അധികാരങ്ങൾ വിഭജിക്കുമ്പോൾ പാർട്ടിക്ക് വേണ്ടി വെള്ളം കോരുകയും വിറകുവെട്ടുകയും ചെയ്യുന്നവന് സ്വർണത്തളികയിൽ തത്വങ്ങളും സ്ഥാനമാനങ്ങൾ കൂടുതലും മേൽക്കോയ്മ പ്രകാരവുമാണ് നൽകിയിരുന്നത്. ഇത് പാർട്ടിയുടെ നടപടികളിൽ ഒട്ടാകെ നിഴലിച്ചു നിന്നിരുന്നു. 'നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ" എന്ന് കവി പാടിയെങ്കിലും പൈങ്കിളിക്ക് അഥവാ വയലേലകളിൽ പണിചെയ്തിരുന്ന എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഒരു ഭൂമിയും കിട്ടിയില്ല എന്നതാണ് വസ്തുത. ജന്മികളിൽ നിന്ന് പിടിച്ചെടുത്ത ഭൂമി കുടിയാനാണ് നൽകിയത്. പാട്ടക്കാരൻ പുതിയ മുതലാളിയായി. അന്ന് പട്ടികജാതി വർഗങ്ങളിൽപ്പെട്ടവർക്ക് ഭൂമി നൽകിയിരുന്നെങ്കിൽ കാർഷിക ബില്ലുകൾ വിപ്ളവകരം എന്നതിനൊപ്പം അർത്ഥവത്തായ നടപടിയും ആകുമായിരുന്നു. പട്ടികജാതിയിൽപ്പെട്ട എല്ലാവർക്കും നൽകാനുള്ള ഭൂമി അന്നുണ്ടായിരുന്നു. പക്ഷേ നൽകിയില്ല.

ബില്ലിന്റെ പരിധിയിൽ നിന്ന് തോട്ടം മേഖല ഒഴിവാക്കിയതിലൂടെ അവിടെ പുതിയ ഒരു വിഭാഗത്തിന്റെ ആധിപത്യത്തിനും ഇടയാക്കി. ഇപ്പോഴും ഭൂമിയില്ലാത്ത പട്ടികജാതിക്കാർക്ക് സർക്കാർ രണ്ടും മൂന്നും സെന്റ് വിലകൊടുത്തു വാങ്ങി നൽകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് കേരളത്തിലെ കമ്മ്യൂണിസത്തിന് പറ്റിയ ഏറ്റവും വലിയ അപചയമായി തന്നെ കണക്കാക്കണം. അതേസമയം അച്യുതാനന്ദനും പിണറായി വിജയനും മറ്റും മുഖ്യമന്ത്രിമാരായി മാറാൻ കഴിഞ്ഞത് ഈ പാർട്ടി ഇവിടെ നിലനിന്നതുകൊണ്ടാണെന്ന വസ്തുതയും മറക്കാനാവുന്നതല്ല.

64 ലെ പിളർപ്പ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ സി.പി.എമ്മും സി.പി.ഐയുമാക്കി മാറ്റി. അതോടെ സിദ്ധാന്തങ്ങളുടെ മേന്മയ്‌ക്കപ്പുറം വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് പാർട്ടി മാറുകയും ചെയ്തു. എന്നിരുന്നാലും ഇടതു മന്ത്രിസഭയുടെ കാലത്ത് പൊതുവേ അഴിമതി വളരെ കുറവായിരുന്നു എന്നതാണ് ജനങ്ങൾക്ക് ആശ്വാസം നൽകിയത്. ഇപ്പോൾ അതും കുറഞ്ഞുവരുന്നോ എന്ന സന്ദേഹം നിലനിൽക്കുന്ന നാളുകളാണ് കടന്നുപോകുന്നത്. ഒരു പുതിയ ലോകം സ്വപ്നംകണ്ട ഒരുപാട് മനുഷ്യരുടെ ത്യാഗമുണ്ട് ഈ പാർട്ടിയുടെ അടിത്തറയിൽ. അത് നേതാക്കളുടെ മക്കൾക്കും മരുമക്കൾക്കുമൊന്നും അട്ടിമറിക്കാനുള്ളതല്ല. ഒരു ആത്മപരിശോധനയ്ക്ക് പാർട്ടി തയ്യാറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രത്യേകിച്ചും ഒാരോ മനുഷ്യനും വാർത്തയുടെ ചുവരുകളായി മാറുന്ന ഇക്കാലത്ത് അങ്ങനെ അലകും പിടിയും മാറ്റിയാൽ കമ്മ്യൂണിസ്റ്റ് ചിന്തകൾക്ക് ഇനിയും കേരളത്തിൽ ഭാവിയുണ്ട്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.