തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആന്റിജൻ പരിശോധനകളുടെ എണ്ണം കുറയ്‌ക്കുന്നു. സർക്കാർ കണക്കനുസരിച്ച് കഴിഞ്ഞ നാലു ദിവസങ്ങളിലായി പതിനായിരം മുതൽ പതിനയ്യായിരം വരെ ആന്റിജൻ ടെസ്‌റ്റാണ് കുറച്ചത്. ആർ ടി പി സി ആർ പരിശോധന കൂട്ടുമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഈ ആഴ്‌ച അതും പകുതിയായി കുറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആന്റിജൻ പരിശോധനകളുടെ എണ്ണം പതിനായിരം മുതൽ പതിനയ്യായിരം വരെയാണ് കുറച്ചത്. ആർ ടി പി സി ആർ പരിശോധനകളുടെ എണ്ണത്തിൽ പതിനായിരത്തിലേറെ കുറവുണ്ട്. ഓരോ പ്രദേശത്തും 50 ആന്റിജൻ പരിശോധനകൾ വീതo നടത്തിയിരുന്നത് മുപ്പതിൽ ഒതുക്കാനാണ് ഫീൽഡ് തലത്തിൽ ലഭിച്ചിരിക്കുന്ന നിർദേശം. പ്രാഥമിക സമ്പർക്കത്തിൽ വന്നവരിൽ കടുത്ത ലക്ഷണങ്ങളുളളവരെ മാത്രം പരിശോധിച്ചാൽ മതിയെന്നും നിർദേശമുണ്ട്.
രോഗ സാദ്ധ്യതയുളള വിവിധ ഗ്രൂപ്പുകളിൽ നിന്ന് സാംപിളുകളെടുത്തുളള പരിശോധനയും കുറച്ചു. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുറയ്ക്കാൻ ബോധപൂർവമുളള ശ്രമമാണെന്ന ആക്ഷേപങ്ങൾക്ക് ശക്തി പകരുന്നതാണ് സർക്കാരിന്റെ തന്നെ കണക്കുകൾ. ഇതിനൊപ്പം കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ട പുതിയ സോഫ്‌റ്റ്‌വെയർ വന്നതു മൂലം ഡേറ്റാ എൻട്രിയിലുണ്ടായ കാലതാമസവും കൂടിയായപ്പോൾ പരിശോധനകളുടെ എണ്ണം പിന്നെയും താഴ്ന്നു.
ഇന്നലെ നടന്ന ആന്റിജൻ പരിശോധനകളുടെ എണ്ണം 40112 ആണ്. 6767 കൊവിഡ് ബാധിതർക്ക് രോഗമുക്തി സ്ഥിരീകരിക്കാൻ പത്താം ദിവസം നടത്തിയ ആവർത്തന പരിശോധനയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ആവർത്തന പരിശോധനയുടെ എണ്ണം കൂടി കുറയ്ക്കുമ്പോൾ രോഗബാധിതരെ കണ്ടെത്താനുള്ള പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്നും സംസ്ഥാനത്തിന്റെ യഥാർത്ഥ കൊവിഡ് സ്ഥിതി നിർണയിക്കാൻ കഴിയില്ലെന്നുമാണ് വിദഗ്‌ദ്ധർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |