മേലതിൽ വീട്ടിൽ കൂടിനിൽക്കുന്ന ആൾകൂട്ടങ്ങൾക്കിടയിലൂടെ പോലീസ് ഏമാന്മാരുടെയും പൗരപ്രമുഖന്മാരുടെയും ഇടയിലൂടെ ഒരു നിഴൽ എന്നിലേക്ക് നീണ്ടു വരുന്നത് നിങ്ങൾ കാണുന്നില്ലേ. അത് ശങ്കുവിന്റേതാണ് എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട വാകമരത്തിന്റെ ചാഞ്ഞ കൊമ്പിലെ കയറിൽ കഴുത്തു കോരുത്താടുന്ന എന്റെ ശങ്കുവിന്റെ നിഴൽ...
ശങ്കു തനിയെ തൂങ്ങിയതല്ലസന്തോഷങ്ങളൊക്കെ പഴയകാല ഓർമകളിലേക്ക് ചുരുക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എല്ലാവർക്കും ഇപ്പോൾ എന്നോട് സഹതാപത്തിന്റെ മുഖം മാത്രം. കൂടെ പഠിച്ചതും ഒപ്പം കളിച്ചു നടന്നതുമായ സുഹൃത്തുക്കൾ സഹതാപത
ത്തോടെ സുഖാന്വേഷണങ്ങൾ നടത്തുമ്പോഴും അവരുടെ കണ്ണുകൾ എന്റെ വലത്തേ മുലയിലേക്ക് പാളിവീഴുന്നതു എനിക്ക് നന്നായിട്ട് മനസിലാകും. കുറച്ചുനേരം സൂക്ഷിച്ചു നോക്കിയിട്ട് ഇടത്തേ മുലയിലേക്കു കണ്ണു പായിക്കും, അതൊരു താരതമ്യ പഠനമാണ്. വലത്തേ മുല എടുത്തുകളഞ്ഞെങ്കിലും ഇപ്പോഴും ഇരുമുലകളും ഒരു പോലെയിരിക്കുന്നതിനെ കുറിച്ചുള്ള താരതമ്യ പഠനം. അമ്മയും കാൻസർ വന്നാണ് മരിച്ചത്.
നാട്ടിലെ ചിലരുടെ അഭിപ്രായം ഇതു പാരമ്പര്യം ആണെന്നാണ് മറ്റുചിലരുടെ പറച്ചിൽ നാട്ടിലെ ബഹുരാഷ്ട്രകുത്തക കമ്പനിയിൽ നിന്നും നാട്ടുകാർക്ക് പകർന്ന കാൻസർ തനിക്കും പടർന്നതാണ് എന്നാണ്, ചിലർക്കുള്ള മറുവാദം ഇതു മാറിവന്ന ആഹാരരീതിയാണെന്നാണ് കഞ്ഞിയും കപ്പപ്പുഴുക്കിൽ നിന്നും ഇതുവരെയും മോചനം കിട്ടാത്ത എനിക്ക് മാറിവന്ന ആഹാര രീതിയെന്ന് കേൾക്കുമ്പോൾ മനസ്സിൽ ചിരി നിറയും. ഏതായാലും എനിക്ക് ഒന്നറിയാം കാൻസർ കാരണം മൂന്നുവർഷം മുന്നേ എന്റെ വലത്തേമുല അതിന്റെ വേരടക്കം മുറിച്ചുമാറ്റപെട്ടു. എന്റെ പ്രിയ കൂട്ടുകാരനും അയൽപക്കകാരനും അതിനുപരി നമ്മുടെ നാടിന്റെ അന്നദാതാവായ മേലതിൽ വീട്ടിൽ മേനോൻ സാറിന്റെ മകൻ ശങ്കുവിനും ഇതേ അസുഖമാണ് അവനു നട്ടെല്ലിലാണ്. നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നുണ്ടാവും ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ കയർകുരുക്കി കയറിന്റെ മറുതല കഴുത്തിൽ കുരുക്കി ബെഞ്ചിനുമുകളിൽ കയറി നിന്നു ഇതൊക്കെ ആലോചിക്കാൻ എനിക്കു കാൻസറിനോടൊപ്പം മുഴുഭ്രാന്തുകൂടി ഉണ്ടോ എന്ന്.
മേലതിൽ വീട്ടിൽ കൂടിനിൽക്കുന്ന ആൾകൂട്ടങ്ങൾക്കിടയിലൂടെ പോലീസ് ഏമാന്മാരുടെയും പൗരപ്രമുഖന്മാരുടെയും ഇടയിലൂടെ ഒരു നിഴൽ എന്നിലേക്ക് നീണ്ടു വരുന്നത് നിങ്ങൾ കാണുന്നില്ലേ. അത് ശങ്കുവിന്റേതാണ് എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട വാകമരത്തിന്റെ ചാഞ്ഞ കൊമ്പിലെ കയറിൽ കഴുത്തു കോരുത്താടുന്ന എന്റെ ശങ്കുവിന്റെ നിഴൽ.
ശങ്കു തനിയെ തൂങ്ങിയതല്ല, ഞാനാണ് വാകമരത്തിൽ കയർ കൊരുക്കാൻ സഹായിച്ചത്. കഴുത്തിലേക്ക് മംഗല്യഹാരം ചാർത്തും പോലെ ചെറുചിരിയോടെ ഞാനാണ് അവന്റെ കഴുത്തിലേക്ക് ആ കുരുക്കിട്ട് കൊടുത്തത്.
അതിനു ശേഷം അവൻ നിന്ന ആ പലകമേശ തട്ടിമറിച്ചിട്ടു കൊടുത്തതും ഞാനാണ്. പട്ടിയും ചെന്നായയും കടിച്ചുവലിക്കാതിരിക്കുവാൻ പുലരുംവരെ കൂട്ടിരുന്നതും ഞാനാണ്. മേലതിലെ പുറംപണിക്കാരി ശാരദയാണ് തൂങ്ങിനിൽക്കുന്ന ശങ്കുവിനെ ആദ്യമായി കണ്ടത്. ഓടിമറഞ്ഞ എന്നെയും ശാരദ കണ്ടോ എന്നു സംശയമുണ്ട്.
പോലീസ് ശങ്കുവിനെ വാകമരത്തിൽ നിന്നും അഴിച്ചിറക്കുന്നതോടൊപ്പം ശാരദയെ ചോദ്യം ചെയ്യുന്നുമുണ്ടായിരുന്നു.
അവളുടെ ചൂണ്ടുവിരലുകൾ എല്ലാം എന്റെ ഒറ്റമുറി വീട്ടിലേക്കായിരുന്നു.
ഇന്നലെ അർദ്ധരാത്രിമുതൽ ഈ സമയം വരെ സംഭവിച്ചതെല്ലാം യാദൃച്ഛികം തന്നെയാണ്. പാതിരാത്രിയിൽ നിലാവിൽ കുളിച്ചുനിന്ന വാകമരത്തെ കാണാൻ വല്ലാത്ത ഭംഗിയാണ്. ചിലപ്പോൾ ഇത്തരം പാതിരാത്രികളിൽ ശങ്കു വേദനകൊണ്ടു അലറിവിളിക്കുമായിരുന്നു. ശങ്കു പകൽ മുഴുവൻ അലറിവിളിക്കുന്നുണ്ടായിരുന്നു. ചുവരുകളിൽ മുഷ്ടി ചുരുട്ടി ഇടിക്കുന്ന ശബ്ദവും കേൾക്കാമായിരുന്നു. കുറച്ചുനേരമായി ശങ്കുവിന്റെ നിലവിളിയൊന്നും കേൾക്കാനില്ല. പെട്ടന്നായിരുന്നു അർദ്ധരാത്രിയിലെ പൂർണചന്ദ്രനെ പോലെ ശങ്കു അശോകമരത്തിനു മൂട്ടിലെത്തിയത്. കയ്യിൽ ഒരു കയറും ചെറിയൊരു തടിമേശയുമുണ്ട്. അശോകമരത്തിലേക്കു കയർ കൊരുക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൻ എന്നെ കണ്ടെന്നു തോന്നുന്നു. ശുഭവസ്ത്രം ധരിച്ച അവൻ എന്നെ നോക്കി ചിരിച്ചു. ശങ്കുവിനെ കുറച്ചു നാളുകൾക്ക് ശേഷമാണ് ഞാനൊന്ന് ചിരിച്ചുകാണുന്നതു. വാകമരത്തിനടുത്തേക്കു ഞാനെത്തിയപ്പോഴും ശങ്കു വാകമരത്തിൽ കയർ കൊരുക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്നു.
''നന്നായി ശങ്കു മരിക്കണം. ഈ വേദനയുമായി എങ്ങനെയാ ജീവിക്കുന്നേ? ഏറിയാൽ ഒരുമാസം കൂടിയെന്നല്ലേ ഡോക്ടർ പറഞ്ഞേ. ആ ഒരു മാസം കൂടി വേദന തിന്ന് എന്തിനാ ജീവിക്കുന്നത്..?''
'' അതെ ആമി എന്റെ ചിന്തയും അവിടെയെത്തി. ആഗ്രഹങ്ങളൊക്കെ കുഴിവെട്ടി മൂടിയിട്ട് വേദനിക്കാനായിട്ട് എന്തിനാ ജീവിക്കുന്നെ. അതും എണ്ണപ്പെട്ട ദിവസങ്ങൾ...''
''ശങ്കു അറിഞ്ഞോ നമ്മുടെ വിജയനും സൂസിയും ഒളിച്ചോടിപോയെന്ന്.''
''ഞാനും ആരോഗ്യവാനായിരുന്നേൽ ഈ ഒറ്റമുലച്ചിയുമായി എന്നേ സ്ഥലം വിട്ടേനെ...''
കുറച്ചു നാളുകൾക്ക് ശേഷമാണ് അവനിങ്ങനെ സംസാരിച്ചു കാണുന്നത്
''ശങ്കു നിനക്ക് അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ?''
''എനിക്ക്. നിന്നെ ചുംബിക്കണം...''
വളരെ ക്ഷീണിതനായ അവന്റെ കണ്ണിലെ തിളക്കം, ആരോഗ്യകരമായ അവന്റെ നോട്ടം.
അവനിലേക്ക് ഞാനും അലിഞ്ഞു ചേർന്നു. ചുണ്ടുകൾ തമ്മിൽ നൂറ്റാണ്ടുകളുടെ കഥകൾ പറഞ്ഞു.
ശങ്കുവിനു ശാരീരിക പോരായ്രമകൾ ഒന്നുമില്ല ഒരു യോദ്ധാവിന്റെ
മെയ് വഴത്തോടെ എന്നെ കീഴ്‌പ്പെടുത്തി. വലത്തേ ഭാഗത്തെ മുറിച്ചുമാറ്റപെട്ട മുലയുടെ മുറിപ്പാടുകൾ അവനിൽ വെറുപ്പ് ഉളവാക്കിയില്ല. നഗ്നശരീരങ്ങളിൽ മുള്ളുകൾ തുളച്ചുകയറിയതും ചോരപൊടിഞ്ഞതൊന്നും ഞങ്ങൾ അറിഞ്ഞില്ല.
ശങ്കുവിനു വസ്ത്രങ്ങൾ ഞാൻ തന്നെയാണ് അണിയിച്ചു കൊടുത്തത്. കഴുത്തിലേക്ക് കയർകുരുക്കുമ്പോൾ പുതുമണവാളനെ പോലെ അവൻ ചിരിച്ചുനിന്നു. ഒന്നുകൂടി അരികിലേക്ക് എന്നെ ചേർത്തു പിടിച്ചു.
നെറ്റിയിൽ അമർത്തി ചുംബിച്ചു. മുറിച്ചെടുത്ത മാറിടത്തിലേക്കു അവൻ പതുക്കെ തടവി .
മുഖം കുലുക്കി യാത്ര പറഞ്ഞു. തടിമേശ ഞാൻ തള്ളിമാറ്റുംവരെ അവൻ എന്നെ തന്നെ നോക്കിനിന്നു.
പിന്നെ ചെറിയൊരു ഞരക്കം അത്രതന്നെ.
ശരീരഭാഗങ്ങളിലെ മുറിവുകളിൽ ചോണനുറുമ്പുകൾ കയറി ഉണങ്ങിയ ചോരകുടിക്കുമ്പോഴും അതിനെ തട്ടിക്കളയാനൊന്നും ഞാൻ മെനക്കെട്ടില്ല. എന്റെ നോട്ടം ശങ്കുവിലേക്കു മാത്രമായിരുന്നു. പുറംപണിക്കാരി ശാരദ വരുന്നത് കണ്ടപ്പോഴാണ് ഞാനും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നത്. തറയിൽ അവിടവിടെ കിടന്ന പാവാടയും ബ്ലൗസും മറ്റുവസ്ത്രങ്ങളും വാരിപിടിച്ചു വീട്ടിലേക്കു നടന്നുപോയി ഒരു നഴ്സറി കുട്ടിയുടെ ലാഘവത്തോടെ.
''ഞാൻ കണ്ടതാ. ആ മൂധേവിയാ കുഞ്ഞിനെ കൊന്നത്.''
ആൾക്കൂട്ടത്തിന്റെയും പോലീസിന്റെയും ശബ്ദം അടുത്തടുത്ത് വന്നു.
ആ ബഹളത്തിനിടയിൽ എന്റെ ഞരക്കം അവർക്കു കേൾക്കാൻ കഴിയില്ല. എന്റെയും ശങ്കുവിന്റെയും പുണർന്നുകിടക്കുന്ന നിഴലുകളെ ചവിട്ടി ആൾകൂട്ടം എന്റെ ഒറ്റമുറി വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു, കാറ്റിനൊത്തു കഴുക്കോലിൽ ആടുന്ന ഒറ്റമുലച്ചിയുടെ അടുത്തേക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |