രക്തസമ്മർദ്ദം നിയന്ത്രണത്തിൽ
മാദ്ധ്യമ പ്രവർത്തകർക്ക് ആശുപത്രിയിൽ മർദ്ദനം
തിരുവനന്തപുരം:കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പി.ആർ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ഹൃദയസംബന്ധമായ തകരാറില്ലെന്ന് ആൻജിയോഗ്രാം പരിശോധനയിൽ കണ്ടെത്തി. നട്ടെല്ലിലെ വേദനയ്ക്ക് നടത്തിയ പരിശോധനയിൽ ഡിസ്‌കിന് തകരാർ കണ്ടു. തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്രി ഓർത്തോ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
സ്വർണക്കടത്ത് പ്രതി സ്വപ്നയ്‌ക്ക് 1.90 ലക്ഷം ഡോളർ (1.40 കോടി രൂപ) വിദേശത്തേക്ക് കടത്താൻ ഒത്താശ ചെയ്തെന്ന പുതിയ കേസിൽ ശിവശങ്കറിനെ വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവേ ആണ് ആശുപത്രിയിലാക്കിയത്.
അതിനിടെ, ഇന്നലെ ശിവശങ്കറിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനായി സ്ട്രെചറിൽ ആംബുലൻസിലേക്ക് മാറ്റുന്നത് ചിത്രീകരിച്ച മാദ്ധ്യമപ്രവർത്തകരെ ആശുപത്രി ജീവനക്കാരൻ കിരൺ മർദ്ദിച്ചു. ഇയാളെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. വനിതകളുൾപ്പെടെ പരിക്കേറ്റ അഞ്ചു പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
മെഡിക്കൽ കോളേജിൽ ന്യൂറോ വിഭാഗത്തിന്റെ പരിശോധനയിൽ ശിവശങ്കറിന് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. ആരോഗ്യനില തൃപ്തികരമാണ്. തുടർചികിത്സയ്ക്കായി ന്യൂറോ, ഹൃദ്റോഗ വിഭാഗം ഡോക്ടർമാരടങ്ങിയ മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
കടുത്ത പുറംവേദനയ്‌ക്ക് വിദഗ്ദ്ധ പരിശോധന വേണമെന്ന് സ്വകാര്യാശുപത്രിയിലെ ഡോക്ടർമാർ കസ്റ്റംസിനെ അറിയിച്ചിരുന്നു.ഇ.സി.ജിയിൽ നേരിയ വ്യതിയാനമേയുള്ളൂ. രക്തസമ്മർദ്ദം സാധാരണനിലയിലാണ്. എം.ആർ.ഐ സ്‌കാനിംഗ് നടത്തിയെങ്കിലും ഗുരുതര പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.
ഉച്ചയ്ക്ക് 12ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി രണ്ടു മണിക്കൂറിനകം ശിവശങ്കറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിനെ കസ്റ്രംസ് ഉദ്യോഗസ്ഥർ അനുഗമിച്ചു. അദ്ദേഹത്തിന്റെ വിവരങ്ങൾ ആശുപത്രി അധികൃതർ കസ്റ്റംസിനെ അറിയിക്കുന്നുണ്ട്.
സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട്
ആശുപത്രിയിൽ എത്തിക്കുമ്പോൾ രക്തസമ്മർദ്ദം ഉയർന്നതായിരുന്നു. ഇ.സി.ജിയിൽ നേരിയ വ്യതിയാനമുണ്ടായിരുന്നു. കാർഡിയാക് ഐ.സി.യുവിലാക്കി
എം.ആർ.ഐ, സി.ടി പരിശോധനകളിൽ ഡിസ്‌കിന് തള്ളൽ കണ്ടെത്തി. ഹാർട്ട് അറ്റാക്ക് ഉണ്ടായോ എന്നറിയാനുള്ള ട്രോപ് -ടി രക്ത പരിശോധന നെഗറ്റീവ്
രക്തക്കുഴലിൽ ബ്ലോക്കില്ല. ഹൃദയത്തകരാറുമില്ല. രക്തസമ്മർദ്ദം നിയന്ത്രണത്തിലായി. നടുവേദനയ്ക്ക് ന്യൂറോളജി വിദഗ്ദ്ധർ പരിശോധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |