ശിവശങ്കർ ഇ.ഡിക്ക് നൽകിയ മൊഴിയിലാണ് വെളിപ്പെടുത്തൽ
കൊച്ചി: നയതന്ത്രചാനലിലൂടെ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളും മറ്റ് ചില സാധനങ്ങളും നിയമവിരുദ്ധമായി കടത്തിയിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞിരുന്നതായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വെളിപ്പെടുത്തൽ. എൻഫോഴ്സ്‌മെന്റ് ഡയറക്‌ടേറ്റിന് ( ഇ.ഡി ) നൽകിയ മൊഴിയാണ് പുറത്തായത്.
ഈ ഉത്പന്നങ്ങൾ ബീമാപള്ളിയിലെ മാർക്കറ്റിലാണ് വിറ്റിരുന്നത്. കോൺസുലേറ്റിലെ ജീവനക്കാർ ഇത്തരം നിയമവിരുദ്ധ ബിസിനസിനെ 'കോൺസുൽ മാങ്ങ തിന്നുന്നു' (കോൺസുൽ ഈസ് ഈറ്റിംഗ് മാംഗോസ്) എന്ന കോഡ് ഉപയോഗിച്ചാണ് വിളിക്കുന്നത്. എന്നാൽ ബാഗേജ് തടഞ്ഞുവച്ചതോടെ കസ്‌റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിക്കണമെന്ന സ്വപ്‌നയുടെ ആവശ്യം നിരസിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി നയതന്ത്രബാഗേജ് വിട്ടുകിട്ടുമെന്നും പറഞ്ഞു. ജൂലായ് രണ്ടിന് ബാഗേജ് വിട്ടുകിട്ടാൻ അസിസ്റ്റന്റ് കമ്മിഷണർ നൽകിയ കത്തിന്റെ പകർപ്പ് വാട്ട്സാപ്പിൽ സ്വപ്ന അയച്ചു തന്നു. രാത്രി ഏഴു മണിയോടെയായിരുന്നു സന്ദേശം. ഏഴരയോടെ തന്നെ വിളിച്ചു കസ്റ്റംസുമായി സംസാരിക്കണമെന്നു പറഞ്ഞു. കത്തിൽ പറഞ്ഞിരിക്കുന്ന നടപടികൾ പൂർത്തിയാക്കി അവർ ബാഗേജുകൾ വിട്ടു നൽകുമെന്നായിരുന്നു എന്റെ മറുപടി. ജൂലായ് മൂന്നിന് ഈ വിഷയത്തിൽ സ്വപ്നയുമായി ചർച്ച നടന്നില്ലെന്നാണ് ഓർമ്മ. ജൂലായ് നാലിന് രാത്രി ഏറെ വൈകി സ്വപ്നയും ഭർത്താവ് ജയശങ്കറും ഹെതർ കാൾസറിലെ എന്റെ ഫ്ളാറ്റിൽ വന്നു. നാലാം നിലയിൽ അവർ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും സരിത്തും സന്ദീപുമായി സ്വപ്നയുടെ ഫ്ളാറ്റിൽ ചർച്ച നടത്തണമെന്ന് കേസരി വക്കീൽ പറഞ്ഞതിനെത്തുടർന്നാണ് വന്നതെന്നും അറിയിച്ചു.
കൊവിഡ് സാഹചര്യത്തിൽ രാത്രി വൈകി അവർ വന്നതിൽ സംശയം തോന്നിയില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. എന്നാൽ സ്വപ്നയും ജയശങ്കറുമായി സംസാരിച്ചു നിൽക്കുമ്പോൾ സ്വപ്നയ്‌ക്ക് സരിത്തിന്റെ ഫോൺ വന്നെന്നും സന്ദീപ് അപ്പാർട്ട്മെന്റിൽ നിന്ന് പോയെന്നു പറഞ്ഞെന്നും ഒാർക്കുന്നു. തുടർന്ന് സ്വപ്ന സന്ദീപിനെ വിളിച്ചപ്പോൾ ഒരു സുഹൃത്തിന്റെ അപ്പാർട്ട്മെന്റിലാണെന്ന് പറയുന്നു. സ്വപ്നയും കൂട്ടരും സ്വർണക്കടത്തു നടത്തിയിരുന്നുവെന്ന് അറിയില്ല.
സർക്കാരിനുവേണ്ടി മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്ന് യു.എ.ഇ റെഡ് ക്രസന്റുമായി ചർച്ച നടത്തിയിരുന്നു. നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |