തിരുവനന്തപുരം: കെ.എം മാണി ബാർക്കോഴ നടത്തിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി പി.സി ജോർജ് കേരളകൗമുദി ഓൺലൈനിനോട്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് വ്യാജമാണ്. നോട്ട് എണ്ണുന്ന മെഷീൻ കെ.എം മാണിയുടെ വീട്ടിലുണ്ടെന്നും പി.സി ജോർജ് വെളിപ്പെടുത്തി. ബാർക്കോഴ കാലത്ത് കെ.എം മാണിക്കൊപ്പം കേരള കോൺഗ്രസ് എമ്മിൽ ഉറച്ചുനിന്ന നേതാവാണ് പി.സി ജോർജ്. അതുകൊണ്ട് തന്നെ ബിജുരമേശിന് പിന്നാലെ ജോർജ് ഉന്നയിച്ച ആരോപണങ്ങളും വരും ദിവസങ്ങളിൽ ചർച്ചയാകും.
ബാർക്കോഴ കേസിൽ പാർട്ടിയുടെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. കമ്മിഷനിൽ ഉണ്ടായിരുന്ന ഒരാളാണ് താങ്കൾ. എന്താണ് പ്രതികരണം?
പുറത്തുവന്ന റിപ്പോർട്ട് പച്ചക്കളളമാണ്. ഞാനും മാണിയും അന്ന് ഒരു ജീവനായി നടക്കുന്ന കാലമാണ്. അന്ന് കെ.എം മാണിയും ഞാനും കൂടി ആലോചിച്ചാണ് ഈ കമ്മിഷനെ വയ്‌ക്കുന്നത്. എന്നിട്ട് റിപ്പോർട്ടിനകത്ത് ആ കമ്മിഷനിലെ അംഗമായ ഞാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ജോസ് കെ മാണിക്ക് വട്ടാണ്.
എന്നാൽ അതിനുപിന്നിലെ ശരിക്കുമുളള വസ്‌തുത എന്താണ്? അതാണ് എല്ലാവരും അറിയാൻ ആഗ്രഹിക്കുന്നത്
കെ.എം മാണി രണ്ട് കൂട്ടരോടും കാശ് വാങ്ങിച്ചു എന്നുളളത് സത്യമാണ്.
രണ്ട് കൂട്ടർ എന്ന് പറയുന്നത് ആരൊക്കെയാണ്?
ബാറുകൾ പൂട്ടിയപ്പോൾ തുറക്കാമെന്ന് പറഞ്ഞ് ഒരു കൂട്ടരുടെ കൈയ്യിൽ നിന്ന് കാശ് വാങ്ങി. തുറന്ന ബാറുകൾ തുറക്കില്ലയെന്ന് പറഞ്ഞ് വേറൊരു കൂട്ടരുടെയടുത്ത് നിന്നും കാശ് വാങ്ങി. ഏട്ട് കുട്ടൻപ്പിളളയെ പോലെ വാദിയുടെയും പ്രതിയുടെയും കൈയ്യിൽ നിന്ന് കെ.എം മാണി പണം വാങ്ങിയിരുന്നു. ഈ മകൻ കാരണമാണ് ഇപ്പോൾ ഇതൊക്കെ പുറത്തുപറയേണ്ടി വരുന്നത്.
അപ്പോൾ കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് പറയുന്നത് തെറ്റാണോ?
കോൺഗ്രസുകാർക്ക് ഇതിൽ ഒരു കാര്യവുമില്ല. മാണിയെ രക്ഷിക്കാൻ വേണ്ടിയാണ് രമേശ് ചെന്നിത്തല ക്വിക്ക് വേരിഫിക്കേഷന് ഉത്തരവിട്ടത്. എന്നിട്ടും ഇവർ വൃത്തികേട് പറയുകയാണ്. ആ ബിജു രമേശ് പറയുന്നതൊക്കെ നൂറ് ശതമാനം സത്യമായ കാര്യമാണ്.
ബിജു രമേശ് പറയുന്നത് കോൺഗ്രസുകാരും പണം വാങ്ങിയെന്നാണ്?
ഞാൻ കുറച്ച് നാളായി ബിജു രമേശിനെ കണ്ടിട്ട്. അതിനെപ്പറ്റി ചോദിക്കാൻ പറ്റിയിട്ടില്ല.
പി.സിയുടെ അറിവിൽ ആരൊക്കെയാണ് പണം വാങ്ങിയത്?
കെ.എം മാണി പണം വാങ്ങിയതിൽ എനിക്കും ബന്ധമുണ്ട്. കാരണം എന്നോട് വന്ന് സംസാരിച്ചിട്ടാണ് ബാർ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ഉണ്ണി കാശ് കൊടുക്കുന്നത്. കെ.എം മാണി പണം വാങ്ങിയത് ഞാനും അദ്ദേഹവും സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഇത് സമ്മതിച്ചിട്ടുമുണ്ട്. അവർ ആദ്യം അമ്പത് ലക്ഷം രൂപയാണ് മാണിക്ക് കൊടുക്കാൻ കൊണ്ടുവന്നത്. കൊടുക്കാൻ വന്നപ്പോൾ ഇവരെല്ലാം കൂടി ഹോട്ടലിൽ കയറി ഭക്ഷണം വെളളവുമെല്ലാം കഴിച്ചു. അവിടത്തെ ബില്ല് പതിനായിരം രൂപയായിരുന്നു. ഈ അമ്പത് ലക്ഷത്തിൽ നിന്നാണ് ആ പതിനായിരം കൊടുത്തത്. ഇത്രയും രൂപ കൊടുക്കുമ്പോൾ ഇത് അയാൾ അറിയില്ലെന്ന് അവർ ചിരിച്ചുകൊണ്ട് പറയുകയും ചെയ്‌തു. പക്ഷേ കാശ് മാണിക്ക് കൊടുത്തിട്ട് പുറത്തേക്കിറങ്ങിയ ഉടൻ മാണി ഉണ്ണിയെ വിളിച്ചു. ഇതിനകത്ത് ഒരു പതിനായിരം രൂപ കുറവുണ്ടല്ലോയെന്നായിരുന്നു ചോദ്യം. ഇതിനകത്ത് നോട്ട് എണ്ണുന്ന യന്ത്രമുണ്ടെന്ന് അങ്ങനെയാണ് അവർക്ക് മനസിലായത്. അല്ലാതെ ഈ പണം എങ്ങനെ എണ്ണി തീർക്കാനാണ്.
പിന്നെ എപ്പോഴൊക്കെയാണ് പണം നൽകിയത്?
പിന്നെ എറണാകുളം ഗസ്റ്റ്ഹൗസിൽ വച്ചാണ് പണം കൈമാറിയത്. ബിജു രമേശും ഉണ്ണിയും എലഗൻസ് ബിനോയിയും കൂടി തിരുവനന്തപുരത്തും പോയി പണം കൊടുത്തു.
അങ്ങനെയെങ്കിൽ ഇപ്പോൾ ഈ വ്യാജ റിപ്പോർട്ട് വരാനുളള കാരണമെന്താണ്?
മാണിയുടെ ലൈനിന് വിരുദ്ധമായി ജോസ് ഇപ്പോൾ ഇടതുപക്ഷത്തേക്ക് പോയിരിക്കുകയാണ്. അപ്പോൾ കെ.എം മാണിയെ കോൺഗ്രസ് ഉപദ്രവിച്ചിരുന്നു. വേദനയോടെ ആ റിപ്പോർട്ട് അദ്ദേഹം സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് താൻ ഇടതുപക്ഷത്തേക്ക് പോയത് എന്ന ലാഭത്തിന് വേണ്ടിയാണ് ഈ വ്യാജ റിപ്പോർട്ട് ഉണ്ടാക്കിയിരിക്കുന്നത്.
യഥാർത്ഥ റിപ്പോർട്ട് കൈയ്യിലുളള ഒരാൾ ആന്റണി രാജുവാണ്. എന്നാൽ അദ്ദേഹം അത് പുറത്തുവിടില്ലെന്നാണ് പറയുന്നത്
ആ റിപ്പോർട്ടിനകത്തും കുഴപ്പമുണ്ട്. ഈ കമ്മിറ്റിയിൽ ഒമ്പത് പേരാണുളളത്. മൂന്ന് വട്ടം കൂടിയെങ്കിലും റിപ്പോർട്ട് എഴുതാതെ പിരിയുകയായിരുന്നു. പിന്നെ കമ്മിറ്റിയിൽ ആരും പോകാതെ ആയപ്പോൾ അഞ്ചാറ് പേർ ചേർന്നിരുന്ന് ഒരു റിപ്പോർട്ട് ഉണ്ടാക്കി മാണിയുടെ കൈയ്യിൽ കൊണ്ട് കൊടുത്തു. അത് മാണി പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ ഇഷ്‌ടപ്രകാരം എഴുതിയ റിപ്പോർട്ടാണ്. അതിനകത്ത് കോൺഗ്രസുകാരെ മാത്രമാണ് പ്രതിയാക്കിയിരിക്കുന്നത്.
റിപ്പോർട്ട് പുറത്തുവിടില്ലയെന്ന് അവർ അന്നു തൊട്ടേ പറയുന്നതിന്റെ കാരണമെന്താണ്?
ഇത് കളളമാണെന്ന് അറിയാവുന്നത് കൊണ്ട്.
ബാലകൃഷ്ണപിളളയും ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് ഇപ്പോൾ വന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്
ജോസ് കെ മാണി വളളിനിക്കറിട്ട് നടക്കുന്ന ചെറുക്കനാണ്. അവന് വിവരമില്ലാതെ പറയുന്നതാണ്. ജോസ് കെ മാണി വൃത്തികെട്ട കളളപ്രചാരണം നടത്തി സ്വയം കുഴി കുത്തുകയാണ്.
എന്തായാലും കെ.എം മാണി ബാർക്കോഴ നടത്തി എന്നതിൽ പി.സി ജോർജ് ഉറച്ച് നിൽക്കുകയാണ്?
അത് എനിക്ക് ബോദ്ധ്യമുണ്ട്. നിഷേധിക്കാൻ ആർക്കും കഴിയില്ല. കാരണം കെ.എം മാണി അത് എന്നോട് സമ്മതിച്ചിട്ടുണ്ട്.
സമ്മതിച്ചിട്ടുണ്ടോ?
അതെ. നോട്ട് എണ്ണുന്ന യന്ത്രം ഉണ്ടെന്ന് അവർ കണ്ടുപിടിച്ചതോടെ ഞാൻ മാണി സാറിന് അടുത്തേക്ക് പോയി. എന്തൊരു ഊളത്തരമാണ് മാണി സാറേ ഈ കാണിച്ചത്. ഈ പതിനായിരം രൂപ അങ്ങ് പോട്ടെന്ന് വച്ച് കൂടായിരുന്നോ. എന്തിനാണ് ചോദിക്കാൻ പോയതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. എന്റെ ജോർജേ പറ്റിപോയി എന്നായിരുന്നു ഉത്തരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |