ദുബായ്: ബോളിവുഡ് താരവും ഐ പി എൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഉടമസ്ഥരിൽ ഒരാളുമായ പ്രീതി സിന്റ ഇതുവരെ നടത്തിയത് ഇരുപത് കൊവിഡ് ടെസ്റ്റുകൾ. കഴിഞ്ഞദിവസം സ്രവപരിശോധനയ്ക്കായി ആരോഗ്യപ്രവർത്തക തന്റെ മൂക്കിൽ നിന്ന് സാമ്പിൾ എടുക്കുന്ന വീഡിയോ പോസ്റ്റുചെയ്തുകൊണ്ട് പ്രീതി സിന്റ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇത്രയധികം ടെസ്റ്റുകൾ നടത്തിയതിനാൽ 'കൊവിഡ് ടെസ്റ്റ് റാണി' എന്നാണ് പ്രീതി സ്വയം വിശേഷിപ്പിക്കുന്നത്.
ഒരു സംഭവം എന്നനിലയിലാണ് താരം വീഡിയോ പോസ്റ്റുചെയ്തതെങ്കിലും ഇതിനെതിരെ ആരാധകർ ഉൾപ്പടെയുളളവർ രംഗത്തെത്തിയിരിക്കുകയാണ്. പ്രീതിയുടെ മൂക്കിൽനിന്ന് ആരോഗ്യപ്രവർത്തക സാമ്പിൾ എടുക്കുന്ന രീതി ശരിയല്ലെന്നും ടെസ്റ്റ് നടത്താൻ സാമ്പിൾ ശേഖരിക്കുന്നത് ഇങ്ങനെയല്ലെന്നുമാണ് വിമർശകർ പറയുന്നത്. വിമർശിച്ചുകൊണ്ടുളള നിരവധി കമന്റുകൾ വരുന്നുന്നുണ്ടെങ്കിലും താരം അതൊന്നും കണ്ടതായിപ്പോലും നടിക്കുന്നില്ല.
ഐ പി എൽ മത്സരത്തിൽ പങ്കെടുക്കുന്ന സ്വന്തം ടീമിനൊപ്പം ദുബായിലാണ് നടി ഇപ്പോൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ടീം അംഗങ്ങൾക്കും ഒപ്പമുളളവർക്കും കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ കൊവിഡ് പരിശോധന നടത്തുക, പുറത്തുനിന്നുളളവരുമായി സമ്പർക്കം ഉണ്ടാവരുത് തുടങ്ങിയ നിർദ്ദേശങ്ങൾ അടങ്ങുന്ന ബയോ ബബിൾ നിബന്ധനകൾ ടീം അംഗങ്ങളും ഒപ്പമുളളവരും കൃത്യമായി പാലിച്ചേ മതിയാവൂ. ഈ നിർദ്ദേശം പാലിക്കുന്നതിന്റെ ഭാഗമായാണ് താരം ഇത്രയധികം കൊവിഡ് പരിശോധനകൾക്ക് വിധേയയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |