തിരുവനന്തപുരം: നവരാത്രിയുടെ പ്രധാന ചടങ്ങിലേക്ക് കടക്കുന്ന ദുർഗാഷ്ടമി നാളെ. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും സംഗീതവിദ്യാലയങ്ങളിലും ദുർഗാഷ്ടമി നാളിലാണ് പൂജവയ്ക്കുന്നത്. 24ന് ആരംഭിക്കുന്ന മഹാനവമി 25നും തുടരും. മഹാനവമിക്കും ചിലയിടങ്ങളിൽ പൂജ വയ്ക്കാറുണ്ട്. 26ന് രാവിലെയാണ് പൂജയെടുപ്പും വിദ്യാരംഭവും. കൊവിഡ് നിയന്ത്രണമുള്ളതിനാൽ ക്ഷേത്രങ്ങളിൽ പൂജവയ്പും വിദ്യാരംഭവും നടത്തുന്ന രീതികൾ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.
അക്ഷരം, ശക്തിചൈതന്യം, ഐശ്വര്യം എന്നിവയുടെ ദേവതകളെ ഉപാസിക്കുന്നതാണ് നവരാത്രി. ലക്ഷ്മി, ദുർഗ, സരസ്വതി എന്നീ ദേവതമാരെയാണ് ഈ കാലത്ത് ആരാധിക്കുന്നത്. കന്നിമാസത്തെ ശുക്ലപക്ഷത്തിൽ പ്രഥമ മുതൽ നവമി വരെയുള്ള രാത്രികാലങ്ങളിലാണ് നവരാത്രി ആഘോഷിക്കുന്നത്. ഇക്കുറി നവരാത്രിയുടെ ആരംഭം തന്നെ തുലാത്തിലായിരുന്നു. ദുർഗാഷ്ടമിയെത്തുന്നത് തിഥിയിൽ സപ്തമി കുറവായ ഏഴാം ദിവസമാണ്. അതിനാൽ നവമി രണ്ടുദിവസം ഉണ്ടായിരിക്കും. പ്രധാന ക്ഷേത്രങ്ങളിലെ തന്ത്രിമാരും ജ്യോതിഷികളും ഇക്കുറി മൂന്നുദിവസത്തെ പൂജവയ്പും പിറ്റേന്ന് പൂജയെടുപ്പുമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പൂജപ്പുര നവരാത്രി മണ്ഡപം, ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം എന്നിവിടങ്ങളിലും ജില്ലയിലെ മറ്റ് പ്രധാന ദേവീക്ഷേത്രങ്ങളിലും പൂജവയ്പുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |