കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആനാസ്ഥകൾ ചൂണ്ടിക്കാട്ടിയ ഡോ. നജ്മ കൂടുതൽ വെളിപ്പെടുത്തലുകളുമായി വന്നതിനുപിന്നാലെ പുതിയ പരാതികളുമായി രോഗികളുടെ ബന്ധുക്കൾ രംഗത്തെത്തി. അതിനിടെ, ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തള്ളി. രോഗികളുടെ മരണം വീഴ്ച മൂലമല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്താൻ ഡയറക്ടർ ആവശ്യപ്പെട്ടു. സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ, കൊവിഡ് നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ, പ്രിൻസിപ്പൽ വി. സതീഷ് എന്നിവർക്ക് ഓൺലൈനിൽ യോഗം ചേർന്നാണ് ഡയറക്ടർ നിർദ്ദേശങ്ങൾ നൽകിയത്. മികച്ച കൊവിഡ് ചികിത്സ ലഭിക്കാൻ പണം നൽകണമെന്ന് രോഗി സഹോദരനയച്ച ശബ്ദസന്ദേശവും പുറത്തുവന്നു.
ആശുപത്രിയിൽ മരിച്ച ആലുവ എടത്തല സ്വദേശി ബൈഹക്കിയുടേതാണ് സന്ദേശം. മരണത്തെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ഗസ്നാഫർ കളമശേരി പൊലീസിൽ ഇന്നലെ പരാതി നൽകി. കൂടുതൽ സംഭവങ്ങൾ ഡോ. നജ്മ വെളിപ്പെടുത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് അധികൃതർ. ആലുവ മനയ്ക്കപ്പടി സ്വദേശി ജമീലയുടെ ബന്ധുക്കൾ ഇന്ന് കളമശേരി പൊലീസിൽ പരാതി നൽകും. പരാതികളിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരാതി ലഭിച്ച കേസുകളിലെ രോഗികൾ മരിച്ച ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ പട്ടിക നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. അവരിൽ നിന്ന് മൊഴിയെടുക്കുമെന്ന് കളമശേരി സി.ഐ പറഞ്ഞു.
മികച്ച ചികിത്സ ലഭിക്കാൻ മെഡിക്കൽ കോളേജിൽ 40,000 രൂപ നൽകണമെന്നാണ് ബൈഹക്കി സഹോദരന് വാട്സാപ്പ് സന്ദേശം അയച്ചത്. അടിയന്തരമായി പണം നൽകണമെന്നും പറഞ്ഞിരുന്നു. ബൈഹക്കിയെ മെഡിക്കൽ കോളേജിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ബന്ധുക്കൾ പറഞ്ഞു.ആശുപത്രിയിൽ ചികിത്സ കിട്ടുന്നില്ലെന്ന് മരിക്കുന്നതിനു മുമ്പ് ജമീല ഫോണിൽ പറഞ്ഞിരുന്നതായി മകൾ ഹയറുന്നീസ പറഞ്ഞു. ചൂടുവെള്ളം പോലും കിട്ടിയിരുന്നില്ല. സംസാരിക്കുമ്പോൾ ശ്വാസമെടുക്കാൻ വിഷമിക്കുന്നത് കണ്ടു. അടുത്ത് നഴ്സോ ഡോക്ടറോ ഉണ്ടെന്ന് തോന്നിയില്ല. ആശുപത്രിയിലെ അനാസ്ഥമൂലമാണ് ജമീല മരിച്ചതെന്നും ഹയറുന്നീസ പറഞ്ഞു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വൻചെലവ് ഉണ്ടെന്ന് പറഞ്ഞതിനാൽ വേണ്ടെന്നു വയ്ക്കുകയായിരുന്നു.
ആരോപണം
ആവർത്തിച്ച് ഡോ. നജ്മ
ഫോർട്ടുകൊച്ചി സ്വദേശി ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിയാണെന്ന് വെളിപ്പെടുത്തിയ ഡോ. നജ്മ മറ്റു രണ്ടു രോഗികൾ കൂടി ഓക്സിജൻ ലഭിക്കാതെ മരിച്ചതായി പറഞ്ഞു. ശ്വാസമെടുക്കാൻ ജമീല വിഷമിക്കുന്നത് കണ്ടു ചെന്നപ്പോൾ വെന്റിലേറ്റർ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. മറ്റൊരു രോഗിയുടെ വെന്റിലേറ്റർ ട്യൂബും മാറിക്കിടന്നിരുന്നു. ചൂണ്ടിക്കാട്ടിയപ്പോൾ നഴ്സാണ് പുനഃസ്ഥാപിച്ചത്. രോഗി ആ രോഗ്യവാനായതിനാൽ പ്രശ്നമുണ്ടായില്ല. താൻ ഐ.സി.യുവിൽ ഡ്യൂട്ടി ചെയ്തത് ഡ്യൂട്ടി ചാർട്ടിലുണ്ട്. നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തൽ ശരിയാണെന്നും നജ്മ ആവർത്തിച്ചു. വീഴ്ചകൾ മേലധികാരികളെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും നജ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |