തിരുവനന്തപുരം: സിമന്റ് നിർമ്മാണ കമ്പനികൾ അന്യായമായി വില വർദ്ധിപ്പിക്കുന്നത് കടുത്ത ജനദ്രോഹമാണെന്നും ഇത്തരം നിയമവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കൊവിഡിൽ വില്പന കുറഞ്ഞ സാഹചര്യത്തിൽ ലാഭം വർദ്ധിപ്പിക്കാനുള്ള ഗൂഢനീക്കമാണ് കമ്പനികൾ നടത്തുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
നേരത്തെ 380 രൂപയായിരുന്നു ഒരു ചാക്കിന് വിപണിവില. അന്ന് ഡീലർമാരോട് ചാക്കിന് 425 രൂപയാണ് കമ്പനികൾ ഈടാക്കിയിരുന്നത്. അധികം വരുന്ന 45 രൂപ പിന്നീട് ഡീലർമാർക്ക് കമ്പനി ഡിസ്‌കൗണ്ട് ആയി നൽകിയിരുന്നു. കൊവിഡ് കാലത്ത് കമ്പനികൾ വില കുത്തനെ കൂട്ടി. ഡീലർമാർക്കുള്ള ഡിസ്‌കൗണ്ടും അവസാനിപ്പിച്ചു. ഇപ്പോൾ പൊതുവിപണിയിൽ സിമന്റ് വില 490 മുതൽ 500 രൂപ വരെയാണ്.
സിമന്റ് വില നിയന്ത്രിക്കാൻ, പൊതുമേഖലാ സിമന്റ് കമ്പനികളായ മലബാർ സിമന്റ്സിന്റെയും ട്രാവൻകൂർ സിമന്റ്സിന്റെയും ഉത്പാദനം പരമാവധി വർദ്ധിപ്പിക്കും. വിപണന സംവിധാനം വിപുലമാക്കും. മലബാർ സിമന്റ്സ് ഉത്പാദനം 30 ശതമാനം വർദ്ധിപ്പിക്കും. കൂടുതൽ സിമന്റ് ആവശ്യമാണെങ്കിൽ ഇറക്കുമതി ചെയ്യേണ്ടിവരും. മൊത്ത വിതരണക്കാർ അടിയന്തരമായി സിമന്റ് വിലവർദ്ധന പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |