
അഹമ്മദാബാദ് അപകടവും സർവീസ് മുടക്കവും വിനയായി
കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിൽ ഇന്ത്യയുടെ പ്രധാന വിമാന കമ്പനികളുടെ ലാഭത്തിലും വിറ്റുവരവിലും കനത്ത ഇടിവ്. കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ ലേബർ കോഡിന്റെ ഭാഗമായുണ്ടായ അധിക ചെലവും വിമാന കമ്പനികളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന കമ്പനിയായ ഇൻഡിഗോയുടെ അറ്റാദായം 77 ശതമാനം ഇടിവോടെ 549.8 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 2,448.8 കോടി രൂപയായിരുന്നു.
പുതിയ തൊഴിൽ കോഡുകൾ നടപ്പാക്കിയതിലൂടെ 969.3 കോടി രൂപയുടെ അധിക ബാദ്ധ്യതയുണ്ടായെന്ന് ഇൻഡിഗോ വ്യക്തമാക്കി. ഡിസംബറിൽ പൈലറ്റ് ക്ഷാമത്താൽ വ്യാപകമായി സർവീസുകൾ റദ്ദാക്കിയതിന്റെ ബാദ്ധ്യത 550 കോടി രൂപയാണ്. ഇതിനുപുറമെ എയർലൈനിന് 22 കോടി രൂപയുടെ പിഴ ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) ചുമത്തിയിരുന്നു. അൻപത് കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയും നൽകേണ്ടി വന്നു.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ നഷ്‌ടം 15,000 കോടി രൂപ കവിയുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജൂണിൽ നടന്ന അഹമ്മദാബാദ് വിമാന ദുരന്തമാണ് കമ്പനിക്ക് കനത്ത തിരിച്ചടിയായത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക്കിസ്ഥാന്റെ ആകാശത്തിലൂടെ പറക്കുന്നതിന് നിരോധനമുണ്ടായതും എയർ ഇന്ത്യയുടെ ലാഭക്ഷമതയെ ബാധിച്ചു.
വ്യോമയാന മേഖലയിൽ പ്രതീക്ഷിക്കുന്ന നഷ്‌ടം
18,000 കോടി രൂപ
ഡിസംബറിൽ യാത്രക്കാരുടെ എണ്ണത്തിലെ ഇടിവ്
3.9 ശതമാനം
വെല്ലുവിളികൾ
1. ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിൽ കാര്യമായ വളർച്ചയുണ്ടാകുന്നില്ല
2. ഇന്ധന വില ഉയർന്ന തലത്തിൽ തുടരുന്നതിനാൽ ടിക്കറ്റ് നിരക്ക് കുറയുന്നില്ല
3. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയിൽ കമ്പനികളുടെ നഷ്‌ടം കൂടുന്നു
4. ഉപയോഗിക്കാതെ കിടക്കുന്ന വിമാനങ്ങളുടെ എണ്ണം കുത്തനെ ഉയരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |