''അപ്പാ കാപ്പി...""
സൈമൺ കട്ടിലിൽ കിടക്കുന്ന അപ്പന്റെ അടുത്ത് സ്റ്റൂളിൽ കാപ്പികൊണ്ടുപോയി വച്ചു. അപ്പൻ വിളി കേട്ടില്ല. അവൻ അപ്പന്റെ നേരെ കുനിഞ്ഞ് വിളിച്ചു.
''അപ്പാ..."" മറുപടി ഒരു ഞരക്കമായിരുന്നു.
''അപ്പന് കാപ്പി എടുത്തുവച്ചിട്ടുണ്ട്.. എനിക്ക് പോകാനുള്ള നേരമായി. ഞാൻ പോട്ടെ. കൂട്ടുകാരൊക്കെ ഇപ്പം കടപ്പുറത്തെത്തിക്കാണും."" അപ്പൻ കണ്ണുതുറന്നു.
''നീ വല്ലതും കഴിച്ചോ സൈമാ."" അപ്പന്റെ തളർന്ന സ്വരം.
''ഞാൻ കഴിച്ചപ്പാ..."" അവൻ പറഞ്ഞു
''നേരം വെളുത്തിട്ട് എലീന അപ്പന് ഭക്ഷണവുമായി വരും. ഞാൻ അവളെ പറഞ്ഞേല്പിച്ചിട്ടുണ്ട്. ഞാൻ പൊയ്ക്കോട്ടെ."
''ആ മോനേ സൂക്ഷിച്ചോണേ, കടലിൽ കാറ്റും കോളുമുള്ള സമയാ.. എന്റെ അന്തോണീസ് പുണ്യാളച്ചാ, എന്റെ മോനെ കാത്തോളണേ, ഒരാപത്തും വരുത്തരുതേ.""
സൈമൺ തൊപ്പിയും തുഴയുമെടുത്ത് പരപരാവെട്ടത്തിൽ പുറത്തേക്കിറങ്ങി. നേരം വെളുത്തുവരുന്നതേയുള്ളൂ. അപ്പോഴേക്കും തൂമ്പ കടപ്പുറത്തുനിന്നുള്ള കൂക്കുവിളിയും കേട്ടു.
''ദാ വരുന്നേ..."" പത്രോസ് മൂപ്പന്റെ സ്വരം അവൻ തിരിച്ചറിഞ്ഞു.
അവർ അഞ്ചുപേരാണ് തോണിയിൽ പോവുക. പത്രോസ്മൂപ്പൻ, ലോപ്പസ്, അന്ത്രയോസ്, ഫെഡറിക് പിന്നെ സൈമണും. അവൻ നടത്തത്തിനു വേഗത കൂട്ടി. തൂമ്പള്ളിവാതിൽക്കലെത്തിയപ്പോൾ അവൻ നെറ്റിയിൽ കുരിശുവരച്ചു. മുറ്റം നിറയെ പൂഴിവിരിച്ച കുരിശുപള്ളിയുടെ ഓരം ചേർന്നുള്ള വഴിയെ അവൻ കടപ്പുറത്ത് എത്തി.
കിഴക്ക് വെള്ള വീശിയിട്ടേയുള്ളൂ. അവൻ കടപ്പുറത്തെത്തുമ്പോൾ മറ്റെല്ലാവരും എത്തിയിരുന്നു. സൈമണും എത്തിയെന്നു കണ്ടപ്പോൾ പത്രോസ് മൂപ്പൻ പറഞ്ഞു.
''എന്നാ പൂവാൻ നോക്കാം. സാധനങ്ങളൊക്കെ എടുത്ത് തോണിയിൽ കയറ്റ്.""
അവർ വലയും മറ്റുപകരണങ്ങളും തോണിയിലെടുത്തുവച്ചു. എല്ലാവരുംകൂടി തോണി കടലിൽ ഇറക്കി. സൈമൺ തോണിയിൽ ചാടിക്കയറുമ്പോൾ അവന്റെ കാൽ തോണിയുടെ പടിയിൽ തട്ടി ചെറിയ മുറിവുണ്ടായി ചോര പൊടിഞ്ഞു.
''എന്താടാ കൊച്ചനേ... ഇത്ര നാളായിട്ടും തോണിയിൽ കയറാൻ പഠിച്ചില്ലയോ?""
പത്രോസ് മൂപ്പൻ സ്നേഹത്തിന്റെ ഭാഷയിൽ ചോദിച്ചു.
''ഇരുട്ടല്ലയോ മൂപ്പാ.""
''സാരമില്ല.""
''കാണാതെയും കയറാൻ പഠിക്കണമെടാ കൊച്ചനേ, ആട്ടെ നിന്റെ അപ്പന് എങ്ങനെയുണ്ട്?""
''ഓ, അതുപോലൊക്കെതന്നെ. എണീറ്റിരിക്കും കിടക്കും. എഴുന്നേറ്റ് നിൽക്കാൻ പറ്റുകേല. കാലിന് ബലമില്ല. നിന്നാൽ വീണുപോകും."" ചിലപ്പോൾ സൈമണിന്റെ തോളിൽ കൈയിട്ട് നിൽക്കും. കക്കൂസിൽ പോകണമെങ്കിലും സൈമൺ വേണം കൂട്ടിന്. മറിയച്ചേട്ടത്തി മരിച്ചതിനുശേഷം സൈമണിന്റെ അച്ഛൻ തകർന്നു പോയി. അവർ തമ്മിൽ അത്ര സ്നേഹമായിരുന്നു.
അവർ പുറംകടലിലെത്തിയിട്ടും നേരം പുലരാത്തപോലെ. വെളിച്ചം നന്നേ കുറവ്.
''നല്ല മഴക്കാറുണ്ടല്ലോ?"
ലോപ്പസ് കണ്ണിനുമുകളിൽ കൈവച്ച് മുകളിലേക്ക് നോക്കി പറഞ്ഞു..
''മഴക്കാലമല്ലിയോ... മഴപെയ്യാതിരിക്കുവോ?"
ആന്ത്രോസാണ് മറുപടി പറഞ്ഞത്.
സൈമൺ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മ മരിച്ചത്. പഴയകാലത്തെ ഓർമ്മകൾ അവന്റെ മനസിൽ തെളിഞ്ഞുവന്നു. അവൻ അകലങ്ങളിലേക്ക് കണ്ണും നട്ടിരുന്നു. ഒമ്പതിൽ പഠിക്കുമ്പോഴാണ് അവന്റെ ക്ലാസിൽ എലീന വന്നുചേർന്നത്. അവൾ മേനോകുളം ഭാഗത്താണ് താമസിച്ചിരുന്നത്. ഒരിക്കൽ മഴ നനഞ്ഞ് സൈമൺ സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോവുമ്പോൾ ആറാട്ടുവഴിയിൽ വച്ച് അവളെ കണ്ടു. അവൾ പറഞ്ഞു.
''എന്തിനാ മഴ നനയുന്നേ? ഇന്നാ കുട. ഞാനും അനുജനും ഒരുകുട ചൂടിക്കൊള്ളാം."
അവൾ വച്ചുനീട്ടിയ കുട വാങ്ങാൻ അവൻ മടിച്ചു നിന്നപ്പോൾ അവൾ അനുജന്റെ കുടക്കീഴിൽ കയറി. അവൻ ആ കുട വാങ്ങിച്ചൂടി അവളുടെ നേരെ നോക്കി. അവളുടെ ചുണ്ടിൽ ഒരു മന്ദസ്മിതം മിന്നിമറഞ്ഞു. അവളുടെ കണ്ണുകൾ എത്ര സുന്ദരം. ആ നോട്ടം ചൂണ്ടയിട്ടുപിടിക്കുന്നതുപോലെ അവന്റെ ഹൃദയത്തിൽ ഉടക്കി. അവൾ ചിരിക്കുമ്പോൾ നുണക്കുഴികൾ തെളിഞ്ഞുവന്നു. അവളുടെ സംസാരവും പ്രകൃതവും അവന് നന്നേ ഇഷ്ടമായി.
''അതാരാ ചേച്ചീ?"
അനുജൻ തിരക്കി.
'ചേച്ചിയുടെ ക്ലാസിൽ പഠിക്കുന്ന ചേട്ടൻ."
അന്ന് തുടങ്ങിയതാണ് എലീനയുമായുള്ള അടുപ്പം. ഇടയ്ക്കൊക്കെ കാണുമ്പോൾ അവൾ ഒരു നല്ല പുഞ്ചിരി സമ്മാനിക്കും. അധികം സംസാരിക്കാറില്ല. അവളുടെ വാചാലമായ കണ്ണുകൾ അവനോട് കിന്നാരം പറഞ്ഞു. പത്താംക്ലാസിലെ ക്രിസ്തുമസ് പരീക്ഷ കഴിയുന്ന ദിവസം അവൻ എലീനയോട് പറഞ്ഞു.
''എന്റെ പഠനമൊക്കെ ഇനി എങ്ങനെയാണെന്നറിയില്ല."
''എന്താ സൈമൺ? എന്തുപറ്റി?"
അവൾ ഉദ്വേഗത്തോടെ ചോദിച്ചു. അവളുടെ മുഖത്ത് ആകാംക്ഷ നിഴലിച്ചിരുന്നു.
''അപ്പന് തീരെ സുഖമില്ല.. അപ്പനെ നോക്കാനാരുമില്ല. ഈയിടെ അപ്പനൊന്ന് വീണു. പിന്നെ നടക്കാൻ ബുദ്ധിമുട്ടാണ്. ഞാൻ സ്കൂളിൽ പോയാൽ അപ്പനെ എണീപ്പിക്കാനും ഭക്ഷണം കൊടുക്കാനും ആരുമില്ലല്ലോ.""
''അപ്പന് വേഗം സുഖമാകാൻ പ്രാർത്ഥിക്കാം."
ഇതു പറയുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു.
ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്കൂൾ തുറന്നു. പക്ഷേ സൈമൺ ക്ലാസിൽ പോയില്ല. അവൻ അപ്പനെ ശുശ്രൂഷിച്ചുകൊണ്ട് വീട്ടിൽ നിന്നു. വയ്യാത്ത അപ്പനെ തനിച്ചാക്കി പോകാൻ അവന് മനസ് വന്നില്ല. അടുത്ത ഞായറാഴ്ച കുർബാന കഴിഞ്ഞ് എലീന അവന്റെ കൂടെ തുമ്പപ്പള്ളിക്കടുത്തുള്ള അവന്റെ വീട്ടിൽ അപ്പനെ കാണാൻ പോയി. പരിചയമില്ലാത്ത പെൺകുട്ടിയെ കണ്ടപ്പോൾ അപ്പൻ ചോദിച്ചു.
''ഇതാരാ സൈമാ?""
''ഇത് എന്റെ ക്ലാസിൽ പഠിക്കുന്ന കുട്ടിയാ അപ്പാ. അപ്പന് സുഖമില്ലെന്നറിഞ്ഞിട്ട് കാണാൻ വന്നതാ.""
''മോള് ഇരിക്ക്.""
''വേണ്ടപ്പാ... എനിക്കുടനെ പോണം. അമ്മച്ചി അന്വേഷിക്കും.""
അവൾ അപ്പനോട് അസുഖത്തെപ്പറ്റി ചോദിച്ചു. പിന്നെ വരാമെന്ന് പറഞ്ഞവൾ ഇറങ്ങി.
ഇറങ്ങുമ്പോൾ അവൾ സൈമണോട് പറഞ്ഞു
''സൈമൺ നന്നായി പഠിക്കുന്നതല്ലേ. എങ്ങനെയെങ്കിലും പത്താംക്ലാസ് പാസാകാൻ നോക്കണം. പഠിത്തം നിറുത്തരുത്.""
''എന്തായാലും അപ്പൻ എഴുന്നേറ്റ് നടക്കാതെ ഞാൻ എങ്ങോട്ടുമില്ല. അപ്പനേക്കാൾ വലുതല്ല എനിക്കെന്റെ പഠിപ്പ്."
പിന്നെ അവളൊന്നും പറഞ്ഞില്ല. ഇറങ്ങിനടന്നു. വഴിയിലെത്തിയപ്പോൾ അവൾ തിരിഞ്ഞുനോക്കി.
അവൾ കണ്ണിൽ നിന്ന് മറയുന്നതുവരെ അവൻ അവളെത്തന്നെ നോക്കി മുറ്റത്തുനിന്നു. സൈമണ് പിന്നീട് ക്ലാസിൽ പോകാൻ കഴിഞ്ഞില്ല. അവൻ അപ്പന് മരുന്നുവാങ്ങാൻ പണത്തിന് ബുദ്ധിമുട്ടി.
അപ്പന്റെ തൊപ്പിയുമെടുത്ത് ഒരു ദിവസം അവൻ കടപ്പുറത്തുപോയി. മുക്കുവർ വള്ളത്തിൽ കയറുന്നതും വല നന്നാക്കുന്നതുമൊക്കെ അവൻ നോക്കിനിന്നു. എന്നും രാവിലെ വീട്ടിലെ പണിയൊക്കെ ഒതുക്കി അവൻ കടപ്പുറത്തുപോകും. കീറിയവല നന്നാക്കാൻ അവനും കൂടി.
ചിലപ്പോൾ വലവലിച്ച് കരയിൽ കയറ്റാൻ അവനും സഹായിച്ചു. അപ്പോൾ വലക്കാർ അവന് കുറച്ച് മത്സ്യം സൗജന്യമായി നൽകും. അവൻ മീൻപിടുത്തത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു.
എലീന എസ്.എസ്.എൽ.സി ജയിച്ചു. പക്ഷേ മാർക്ക് കുറവായിരുന്നു. അവൾക്ക് പുത്തൻതുറ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനം. ലഭിച്ചു.
വീട്ടുചെലവ് നടത്താനും അപ്പനെ ചികിത്സിക്കാനും പണം ഉണ്ടാക്കണം. പുരയിടത്തിലുള്ളത് ആകെ ആറ് തെങ്ങാണ്. അതുകൊണ്ട് കഷ്ടിച്ച് വീട്ടുചെലവ് നടത്താം. അപ്പന് മാസം തോറും മരുന്ന് വാങ്ങണം. ഇടയ്ക്ക് ബി.പി കൂടുമ്പോൾ ആശുപത്രിയിൽ കൊണ്ടുപോകണം. സൈമൺ പണത്തിന് ബുദ്ധിമുട്ടി. കടലിൽ പോവുകതന്നെ അവൻ തീരുമാനിച്ചു.
അങ്ങനെ അപ്പന്റെ കൂടെ ജോലിചെയ്തിരുന്നവരുടെ കൂടെ അവനും കൂടി. അവർക്ക് അവനെ വലിയ ഇഷ്ടവുമായിരുന്നു. മീശമുളയ്ക്കാത്ത കിളിന്തുപയ്യൻ. എന്തുചെയ്യാം. അവന് പങ്കായം പിടിക്കേണ്ട ഗതികേട് വന്നു. ക്രമേണ പേടികൂടാതെ പുറം കടലിൽ പോകാനും അവൻ പ്രാപ്തനായി. നന്നായി തുഴയാനും വലയെറിയാനും അവൻ ശീലിച്ചു.
കൊല്ലം രണ്ടുകഴിഞ്ഞു. എലീന പ്ലസ് ടു പരീക്ഷയിൽ തോറ്റു. അതോടെ അവളുടെ പഠനവും നിറുത്തി. അവളുടെ വീട്ടുകാർക്കും വലിയ സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. ഞായറാഴ്ചകളിൽ അവർ പള്ളിയിൽവച്ച് കണ്ടുമുട്ടും. സൈമൺ ഇന്ന് ഒരൊത്ത പുരുഷനായി. ബലിഷ്ഠമായ അവന്റെ കൈകാലുകളും വിരിഞ്ഞ നെഞ്ചും അവന്റെ ആകാരഭംഗി വർദ്ധിപ്പിച്ചു.
ഇരുനിറമാണെങ്കിലും സുമുഖൻ. ആ കരുത്തും തന്റേടവും എലീനയ്ക്ക് അവനോടുള്ള മതിപ്പ് വർദ്ധിപ്പിച്ചു. ഒരുദിവസം അവൻ അവളോട് പറഞ്ഞു..
''നിങ്ങളുടെ വീട്ടിലേക്കുള്ള മീൻ ഞാൻ എന്റെ വീട്ടിൽവയ്ക്കാം. നീ വന്ന് എടുത്തുകൊണ്ടുപൊയ്ക്കോളൂ. നല്ലമീൻ കൂട്ടാം. നല്ലതുനോക്കി ഞാൻ തിരഞ്ഞുവച്ചേക്കാം.""
''അതിന് എന്നും നല്ല മീൻ വാങ്ങാൻ ഞങ്ങളുടെ വീട്ടിൽ പണം ഉണ്ടായില്ലെങ്കിലോ?""
''ഞാൻ കടം തരാമല്ലോ..""
''കടം വീട്ടാൻ കഴിയാതെ വന്നാലോ?""
''അതിനോ അതിനൊരു വഴിയുണ്ട്. മീൻ കൂട്ടുന്ന പെണ്ണിനെ പിടിച്ച് ഞാൻ എന്റെ വീട്ടിൽ കൊണ്ടുപോകും.""
''ഓഹോ അങ്ങനെയാണോ?""
''പിന്നല്ലാതെ..""
''കറിവച്ചിങ്ങോട്ടു കൊണ്ടുവന്നാലോ?""
''ഞാനും എന്റപ്പനും സുഖമായി ചോറുണ്ണും.""
''എത്ര നാൾ?""
''മരണം വരെ..""
''ആഹാ അപ്പോ ആലോചന നേരത്തേ നടത്തിക്കഴിഞ്ഞു..""
''എപ്പഴേ....""
അവൻ അവളുടെ കൈപിടിച്ച് തന്നിലേക്കടുപ്പിക്കാൻ ശ്രമിച്ചു.. അവൾ കുതറിമാറി.
കാലം കടന്നുപൊയ്ക്കൊണ്ടിരുന്നു.
അന്തോണിയപ്പനെ എലീന സ്വന്തം അപ്പനെപ്പോലെ ശുശ്രൂഷിച്ചു. ഭക്ഷണം എടുത്തുകൊടുത്തു. അപ്പനും എലീനയെ വലിയ കാര്യമായിരുന്നു. ഇടയ്ക്കൊക്കെ എലീനയുടെ അമ്മയും ആ വീട്ടിൽവന്ന് വേണ്ടതൊക്കെ ചെയ്തുകൊടുത്തു. സൈമൺ ഇന്ന് തുറയിലെ അറിയപ്പെടുന്ന ഒരു മുക്കുവനാണ്. അപ്പന്റെ കൂട്ടുകാർ പലരും ഒരു കല്യാണം കഴിക്കാൻ അവനെ നിർബന്ധിച്ചു. അവൻ പറഞ്ഞു.. ''സമയമായില്ല.""
''എടാ അപ്പന് കഞ്ഞീംകറീം വച്ചുകൊടുക്കാൻ വീട്ടിലൊരാളാവുമല്ലോ?""
''ശരിയാ.. അതിനുള്ള സമയമാവട്ടെ.."
അവൻ ഒഴിഞ്ഞുമാറി നടന്നു.
അപ്പന്റെ രോഗവിവരത്തെക്കുറിച്ച് പത്രോസ് മൂപ്പൻ ചോദിച്ചപ്പോൾ സൈമൺ കഴിഞ്ഞുപോയ സംഭവങ്ങൾ ഓർത്തിരുന്നുപോയതാണ്. ''എടാ കൊച്ചനേ എന്താസ്വപ്നം കാണുവാണോ?""
ആന്ത്രയോസിന്റെ വിളിയാണ് അവനെ തിരികെ കൊണ്ടുവന്നത്.
''വലിയ കാറ്റുവരുന്നത് നീ കണ്ടില്ലയോ, നേരം ഉച്ചയോടടുത്തു. ഇതുവരെ വെയിൽ തെളിഞ്ഞിട്ടില്ല. പുറംകടലിൽ നല്ല തിരയിളക്കം. കാറ്റും കോളും ശക്തമാകുന്നതിന്റെ ലക്ഷണമാണ്."
തെക്കുനിന്ന വന്ന ശക്തമായ കാറ്റ് സൈമണന്റെ തൊപ്പി തെറിപ്പിച്ചു കളഞ്ഞു. അത് കടൽത്തിരകളിൽ ഉയർന്നുപൊന്തി. ശക്തമായ മഴയും ആരംഭിച്ചു. ആഞ്ഞടിക്കുന്ന കാറ്റിൽ മലപോലെ തിരമാലകൾ ഉയർന്നുപൊങ്ങി. ഇതുവരെ ഇത്രമാത്രം ക്ഷോഭിച്ച കടലിനെ സൈമൺ കണ്ടിട്ടില്ല. അവന് അല്പം പേടി തോന്നാതിരുന്നില്ല. ലക്കും ലഗാനുമില്ലാതെ തോണി അങ്ങോട്ടുമിങ്ങോട്ടുമായി ആടിക്കളിച്ചു. കടൽ വല്ലാതെ ക്ഷോഭിച്ചിരുന്നു.
''ഇത് കുഴപ്പമാകുന്ന ലക്ഷണമാണല്ലോ എന്റെ പുണ്യാളച്ചാ. "
ലോപ്പസ് വെപ്രാളപ്പെട്ടു.
''നീ പേടിക്കാതിരി ലോപ്പസേ, നീ എന്താ ഇന്നാദ്യാ കടലില്?""
പത്രോസ് മൂപ്പൻ ധൈര്യം കൊടുത്തു.
''എന്നാലും എന്തൊരു കാറ്റാ.. തോണി പറത്തിക്കൊണ്ടുപോവുംന്നാ തോന്നന്നെ.""
സൈമൺ വിറയാർന്ന സ്വരത്തിൽ വിളിച്ചുപറഞ്ഞു.
''എടാ കൊച്ചനേ കടലമ്മ ചതിക്കൂല. കടലമ്മയാ നമുക്ക് ചോറ് തരുന്നെ.. അമ്മ ചെലപ്പം പരീക്ഷിക്കും. പക്ഷേ ചതിക്കൂല. നീ ചെറുപ്പമല്ലേ, ഇതുപോലെത്ര കണ്ടിരിക്കുന്നു ഈ പത്രോസ് മൂപ്പൻ.""
പൊടുന്നനെ ഒരു ഭീമാകാരൻ തിരവന്നു തോണിയുടെ മേൽ പതിച്ചു. തോണി നേരെ തലകുത്തനെ മറിഞ്ഞു. എല്ലാം ഒരു ക്ഷണനേരം കൊണ്ടുകഴിഞ്ഞു. ഒന്നും കേൾക്കാനും കാണാനും കഴിയുന്നില്ല. ഭ്രാന്തുപിടിച്ച കടലിന്റെ അലർച്ച മാത്രം കാതിൽ. സൈമൺ ഒരു തിരയോടൊപ്പം ആകാശത്തേക്ക് ഉയർന്നു. അവൻ അവിടെ തുമ്പപ്പള്ളിയുടെ മുകളിലെ കുരിശുകണ്ടു. കാർമേഘക്കൂട്ടങ്ങൾ മദയാനയെപോലെ കടലിനെ വെറളിപിടിപ്പിച്ചു.
''മോനേ സൈമാ......""
ഒരു സ്ത്രീശബ്ദം കേട്ടു.. പരിചയമുള്ള ശബ്ദം.. അവൻ തിരിച്ചറിഞ്ഞു. അമ്മ....അമ്മ വിളിക്കുന്നു. അമ്മയുടെ ഇമ്പമുള്ള സ്വരം..
''സൈമാ"...
വീണ്ടും ആ വിളി.
അവന്റെ മറുപടിയെ ചിതറിച്ചുകൊണ്ട് ഒരു രാക്ഷസത്തിര അവന്റെ മുകളിലേക്ക് എടുത്തെറിഞ്ഞു.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മരണപ്പെട്ടവരുടെ എണ്ണം ഓരോ ദിവസവും പത്രങ്ങളിൽ കൂടിക്കൂടി വന്നു. പത്രോസുമൂപ്പന്റെ തോണിയിൽ പോയ ഒരാളെക്കുറിച്ചും നാളിതുവരെ ഒരു വിവരവും കിട്ടിയില്ല..
ഓരോ ദിവസവും പുലരാൻ എലീന കാത്തിരുന്നു. തന്റെ പ്രിയപ്പെട്ടവനെ ഒരു നോക്ക് കാണുവാൻ അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. തുമ്പപ്പള്ളിയിലെ യൂദാതദേവൂസിന്റെ കുരിശുപള്ളിയുടെ മണലിൽ മുട്ടുകുത്തി നിന്നവൾ പുണ്യാളനേോട് കേണപേക്ഷിച്ചു. തന്റെ ജീവന്റെ ജീവനായി സ്നേഹിക്കുന്ന സൈമണെ തിരിച്ചുതരാൻ. ഏതു കടലിലായാലും ഏത് കരയിലായാലും ഒരാപത്തും കൂടാതെ തിരിച്ചുവരണേയെന്ന്.
അവൾ കത്തിച്ചുവച്ച മെഴുകുതിരിക്കൊപ്പം അവളുടെ കരളും ഉരുകി കവിളിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടേയിരുന്നു. ഓരോ ദിവസത്തെയും രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്തകൾ അവൾ ഉത്കണ്ഠയോടെ വായിച്ചു.
രക്ഷപ്പെടുന്നവരുടെ കൂട്ടത്തിലൊന്നും തുമ്പക്കടപ്പുറത്തെ സൈമൺ ഉണ്ടായിരുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ അവൾ കാത്തിരിക്കുന്നു.
സൈമൺ വരും.. വരാതിരിക്കാൻ സൈമണ് കഴിയില്ല. തന്റെ ജീവനും കൊണ്ടാണ് സൈമൺ പോയിരിക്കുന്നത്.
വരും വരാതിരിക്കില്ല അവൾ ഇടയ്ക്കിടെ തന്നോട് തന്നെ പറയും. എന്നും അതിരാവിലെ അവൾ തുമ്പക്കടപ്പുറത്തുപോയി തിരയടിക്കുന്ന കടലിനോട് ചോദിക്കും..
''എന്റെ പ്രിയപ്പെട്ടവനെ കൊണ്ടുതരില്ലേ എന്ന്.""
അതുകേൾക്കാത്ത ഭാവത്തിൽ പത തെറിപ്പിച്ച് കടലമ്മ തിരയെ പിൻവലിക്കും. എന്നിട്ടും പ്രാണപ്രിയന്റെ തിരിച്ചുവരവും കാത്ത് യൗവനം കൊഴിഞ്ഞുപോയ അവൾ ഇന്നും തുമ്പപ്പള്ളഴിയുടെ കപ്പേളയിൽ മെഴുകുതിരി കത്തിക്കുന്നു. അവളുടെ മനസ് മന്ത്രിക്കും.
''വരും വരാതിരിക്കില്ല...""
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |