അനിയൻ ബാവ ചേട്ടൻ ബാവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരിയായ മറുനാടൻ സുന്ദരിയാണ് കസ്‌തൂരി.സോഷ്യൽമീഡിയയിൽ സജീവമായ കസ്തൂരി തന്റെ ഫോളോവേഴ്സിനോടും ആരാധകരോടും ആശയവിനിമയം നടത്താറും അവരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകാറുമുണ്ട്. പക്ഷേ തന്റെ ഭർത്താവിന്റെ ചിത്രം കസ്തൂരി ഒരിക്കലും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടില്ല. അതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് തന്റെ സ്വകാര്യജീവിതം പ്രദർശന വസ്തുവാക്കാനുള്ളതല്ലെന്നായിരുന്നു കസ്തൂരിയുടെ മറുപടി.
' സൈബറിടങ്ങളിലെ മനോരോഗികൾ നമ്മുടെ കുഞ്ഞുങ്ങളെപോലും ലക്ഷ്യമിടുന്ന കാലമാണ്. ഞാൻ എന്തിനാണ് എന്റെ കുടുംബത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്? എന്റെ ഭർത്താവിനെക്കുറിച്ചും കുട്ടികളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചിട്ട് നിങ്ങളെനിക്ക് റേഷൻകാർഡ് നൽകാൻ പോകുകയാണോ?എന്റെ സ്വകാര്യ ജീവിതം എന്റേതാണ്. അത് പ്രദർശനത്തിനുള്ളതല്ല. എന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എന്നെക്കുറിച്ചറിയാം. മറ്റുള്ളവർ അതറിയുന്നതെന്തിനാണ്?" ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായി കസ്തൂരി ട്വീറ്റ് ചെയ്തു.
1992-ൽ മിസ്. മദ്രാസായി തിരഞ്ഞെടുക്കപ്പെട്ട കസ്തൂരി കസ്തൂരിരാജ സംവിധാനം ചെയ്ത ആത്താമൻ കോയിലിലേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറിയത്.ചിന്നവർ, ആത്മ, അമൈതിപ്പടൈ, ഇന്ത്യൻ, കാതൽ കവിതൈ എന്നിവയാണ് കസ്തൂരിയുടെ ശ്രദ്ധേയ ചിത്രങ്ങളിൽ ചിലത്.
മലയാളത്തിൽ അനിയൻ ബാവ ചേട്ടൻ ബാവ കൂടാതെ ചക്രവർത്തി, അഗ്രജൻ, മംഗല്യപ്പല്ലക്ക്, സ്നേഹം, പഞ്ചപാണ്ഡവർ, അഥീന എന്നീ സിനിമകളിലും അഭിനയിച്ചു. മലയാളവും തമിഴും കൂടാതെ കന്നഡ, തെലുങ്ക് ഭാഷകളിലുൾപ്പെടെ എഴുപതോളം സിനിമകളിലഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |