വർക്കല: യുവതി പൊള്ളലേറ്റ മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും വർക്കല പൊലീസ് പിടികൂടി. വർക്കല രാമന്തളി പുതുവൽ വീട്ടിൽ ദീപു ( 41), മാതാവ് സുഭദ്ര (59) എന്നിവരെയാണ് അറസ്റ്റിലായത്. ദീപുവിന്റെ ഭാര്യ നിഷയെ (30) 23ന് ഉച്ചയ്ക്ക് 2.30 ഓടെ ഗുരുതരമായി തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിൽ കഴിയവേ 24ന് രാവിലെ നിഷ മരിച്ചു. ഭർത്താവും മാതാവും ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തന്നെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് മജിസ്‌ട്രേറ്റിന് നിഷ നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്‌തതെന്ന് വർക്കല പൊലീസ് പറഞ്ഞു. കൊട്ടാരക്കര പനവേലി സ്വദേശിയായ നിഷയെ 2019ലാണ് ദീപു വിവാഹം കഴിച്ചത്. വിവാഹശേഷം സ്വർണവും പണവും ഭർത്താവിന്റെ വീട്ടുകാരുടെ ആവശ്യത്തിന് ഉപയോഗിച്ചതിനെച്ചൊല്ലി കലഹമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദീപുവിനെയും സുഭദ്രയേയും റിമാൻഡ് ചെയ്‌തു. ഇരുവരെയും പൂജപ്പുര സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |