തിരുവനന്തപുരം: കോപ്പിയടിയെ തുടർന്ന്, വെള്ളിയാഴ്ച നടത്തിയ ബി.ടെക് മൂന്നാം സെമസ്റ്റർ പരീക്ഷ സാങ്കേതിക സർവകലാശാല റദ്ദാക്കി. അഞ്ച് കോളേജുകളിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. റദ്ദാക്കിയ പരീക്ഷ നവംബർ അഞ്ചിന് നടക്കും.
ബി.ടെക് മൂന്നാം സെമസ്റ്ററിലെ ലീനിയർ ആൾജിബ്ര ആൻഡ് കോംപ്ലക്സ് അനാലിസിസ് എന്ന പേപ്പറിന്റെ പരീക്ഷയാണ് റദ്ദാക്കിയത്. 130 സെന്ററുകളിലാണ് പരീക്ഷ നടന്നത്. കോപ്പിയടി ആരോപണം ഉയർന്നതിനു പിന്നാലെ എല്ലാ സെന്ററുകളിലും പരിശോധന നടത്തി.
പരീക്ഷാ കൺട്രോളർ ഡോ. കെ.ആർ.കിരൺ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രൊ വൈസ് ചാൻസലർ ഡോ. എസ്.അയൂബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സിൻഡിക്കേറ്റിന്റെ പരീക്ഷാ ഉപസമിതിയാണ് പരീക്ഷ റദ്ദാക്കിയത്.
പരീക്ഷാഹാളുകളിലേക്ക് രഹസ്യമായി കൊണ്ടുവന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യപേപ്പറുകളുടെ ഫോട്ടോ എടുത്തതായും,, വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. വിവിധ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഇതേ ഗ്രൂപ്പിൽ ലഭിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കണമെന്ന നിബന്ധനയുടെ മറവിൽ ഇൻവിജിലേറ്റർമാരുടെ കണ്ണുവെട്ടിച്ചാണ് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ക്രമക്കേടുകൾ നടത്തിയത്. ക്രമക്കേടുകൾ നടത്തിയ നിരവധി വിദ്യാർത്ഥികളിൽ നിന്ന് മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു.സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽമാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിൽ പരാതി നൽകുമെന്നും വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |