SignIn
Kerala Kaumudi Online
Tuesday, 08 July 2025 6.16 AM IST

'ആര്‍ക്കും വരാം, പാത്തും പതുങ്ങിയുമല്ല, നേരിട്ട് തന്നെ വരാം, പരിശോധിക്കാം'; തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കി കെ എം ഷാജി

Increase Font Size Decrease Font Size Print Page
k-m-shaji

കോഴിക്കോട്: അനധികൃതമായാണ് വീട് നിര്‍മിച്ചതെന്ന ആരോപണത്തില്‍ കൂടുതല്‍ വിശദീകരണവും വിമര്‍ശകരെ വീട് കാണാന്‍ ക്ഷണിച്ചും കെ.എം.ഷാജി എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. വീട് പൊളിക്കാതെ പിഴ ഒടുക്കിയാല്‍ മതിയെന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ ഉത്തരവിന് പിന്നാലെയാണ് എം.എല്‍.എയുടെ നീണ്ട ഫേസ്ബുക്ക് കുറിപ്പ്.

തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് എല്ലാം ഷാജി മറുപടി നല്‍കുകയാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലക്ക് സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയനാവുന്നതില്‍ തനിക്ക് വിഷമമില്ലെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

'എനിക്കെതിരായി പ്രചരിപ്പിക്കപ്പെടുന്നവയില്‍ പ്രധാനപ്പെട്ടത് കോടികള്‍ വിലമതിക്കുന്നതെന്ന് പറയുന്ന ഞാനുണ്ടാക്കിയ വീടാണല്ലോ. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കുറഞ്ഞ വിലക്ക് കിട്ടിയ എറ്റവും അറ്റത്തുള്ള ഭൂമിയില്‍ ആണ് പറയപ്പെടുന്ന 'കൊട്ടാരം'. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ജ് വഹിച്ചിരുന്ന സമയത്ത് 200 പേരെ മാത്രം ക്ഷണിച്ച് വിവാഹം നടത്തിയത് എന്റെ ഭാര്യയെ ആരും കാണാതിരിക്കാനല്ല. ഒന്നുറപ്പ്; മറ്റെന്തെല്ലാം ഉപേക്ഷിക്കേണ്ടി വന്നാലും രാഷ്ട്രീയ നിലപാടുകളും നെറികേടുകളോടുള്ള വിയോജിപ്പുകളും തുടരുക തന്നെ ചെയ്യും'. കെ.എം ഷാജി കുറിപ്പില്‍ വിശദീകരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണരൂപം :

എന്റെ വീടും സമ്പാദ്യവും ആണല്ലോ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചകളിലൊന്ന്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലക്ക് സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയനാവുന്നതില്‍ എനിക്ക് വിഷമമില്ലെന്ന് മാത്രമല്ല അത് നമ്മളില്‍ സൂക്ഷ്മതയും ജാഗ്രതയും ഉണ്ടാക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ, രാഷ്ട്രീയ പ്രതികാരം വീട്ടാന്‍ വ്യക്തിപരമായി ആക്രമിക്കുകയും അതിശയോക്തിപരമായി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ അതിനോട് പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലല്ലോ
ചില മാധ്യമ സുഹൃത്തുക്കള്‍ പോലും മുന്‍ വിധിയോടെ ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിച്ച് കാണുന്നതില്‍ വിഷമമുണ്ട്.


ഞാന്‍ തുടരുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് കലവറയില്ലാത്ത പിന്തുണ എപ്പോഴും നല്‍കിയിട്ടുള്ള മാധ്യമങ്ങള്‍ സത്യം മനസ്സിലാക്കുമ്പോള്‍ തിരുത്തുമെണാണ് കരുതുന്നത്. സത്യമറിയാന്‍ ഞാന്‍ പറയുന്നത് മാത്രം പൂര്‍ണ്ണമായും മുഖവിലക്കെടുക്കേണ്ട. നേരില്‍ കണ്ട് ബോധ്യപ്പെടുകയാവും ഉചിതം. എനിക്കെതിരായി പ്രചരിപ്പിക്കപ്പെടുന്നവയില്‍ പ്രധാനപ്പെട്ടത് കോടികള്‍ വിലമതിക്കുന്നതെന്ന് പറയുന്ന ഞാനുണ്ടാക്കിയ വീടാണല്ലോ
അത് ഇപ്പോഴും അങ്ങനെ തന്നെ (ആരുടെയൊക്കെയോ ദയാവായ്പിനാല്‍) അവിടെ നില്‍ക്കുന്നുണ്ട്
ആര്‍ക്കും വരാം;
പരിശോധിക്കാം
പാത്തും പതുങ്ങിയുമല്ല;
നേരിട്ട് തന്നെ വരാം,
കണക്കെടുത്ത് പോകാം
പാര്‍ട്ടി ഗുണ്ടകളുടെ സുരക്ഷാ വലയത്തിനാല്‍ ചുറ്റപ്പെട്ട പാര്‍ട്ടി ഗ്രാമത്തിലല്ല എന്റെ വീട്; കോഴിക്കോട് - വയനാട് ഹൈവേയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ എന്റെ വീടെത്താം. ചിലര്‍ പറയുന്നു വീട് നഗര മധ്യത്തിലാണെന്ന്,ആരും കാണാതിരിക്കാന്‍ ഒരു ഉള്‍ക്കാട്ടിലാണെന്ന് മറ്റു ചിലര്‍ സത്യം നേരിട്ട് വന്നു കണ്ടു ബോധ്യപ്പെടാലോ വേണ്ടവര്‍ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കുറഞ്ഞ വിലക്ക് കിട്ടിയ എറ്റവും അറ്റത്തുള്ള ഭൂമിയില്‍ ആണ് പറയപ്പെടുന്ന 'കൊട്ടാരം' വിവാദത്തിലേക്ക് വലിച്ചിഴച്ചത് കൊണ്ട് തന്നെയാണു കാണുവാന്‍ ആഗ്രഹമുള്ളവരെ ക്ഷണിക്കുന്നത്. താമസം തുടങ്ങുന്ന സമയത്ത് ആരെയും ക്ഷണിച്ചിട്ടില്ല, കുടുംബക്കാരെ മാത്രമല്ലാതെ
വീട് ആരും കാണരുതെന്ന് വിചാരിച്ചിട്ടല്ലത്.

എന്റെ ഇഷ്ട വീട് എല്ലാവരും കാണണമെന്നല്ലേ സ്വഭാവികമായി ആഗ്രഹിക്കുക. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ജ് വഹിച്ചിരുന്ന സമയത്ത് 200 പേരെ മാത്രം ക്ഷണിച്ച് വിവാഹം നടത്തിയത് എന്റെ ഭാര്യയെ ആരും കാണാതിരിക്കാനല്ല; അത് ഞാന്‍ വ്യക്തിപരമായി കൊണ്ട് നടക്കുന്ന ആഡംബര ആഘോഷങ്ങളെ നിരുത്സാഹപ്പെടുത്തുന്ന എന്റെ നിലപാടിന്റെ ഭാഗമായാണ് സംശയാലുക്കള്‍ക്കും അല്ലാത്തവര്‍ക്കും വീട്ടിലേക്ക് വരാം;
സ്വാഗതം
ഡി വൈ എഫ് ഐ ക്കാര്‍ക്കും എസ് എഫ് ഐക്കാര്‍ക്കും സവിശേഷ സ്വാഗതം
പുറത്ത് നിന്നു മാത്രം ഫോട്ടോയെടുത്ത് പോകരുത്; അകത്ത് വരണം, ഒരു കട്ടന്‍ ചായ കുടിച്ച ശേഷം നമുക്കൊന്ന് ഉള്ളിലുള്ളതെല്ലാം കാണാം ഭാര്യയും മക്കളുമടക്കം അഞ്ച്പേരുള്ള എന്റെ വീട്ടില്‍ സാധാരണ വലുപ്പമുള്ള 5 മുറികള്‍, സ്വീകരണ മുറിയോട് ചേര്‍ന്ന് ഡൈനിംഗ് ഹാള്‍, അടുക്കള, പഠനത്തിനും ലൈബ്രറിക്കും ഒരു മുറി എന്നീ സൗകര്യങ്ങളാണുള്ളത്. കുത്തനെയുള്ള ഭൂമിയില്‍ പ്രകൃതി സൗഹൃദമായി, അയല്‍ക്കാരന്റെ സ്ഥലത്തിന് ഭീഷണിയാകും വിധം മണ്ണു മാന്താതെ വീട് നിര്‍മ്മിച്ചപ്പോള്‍ അത് മൂന്ന് തട്ടിലായിപ്പോയത് എന്റെ എഞ്ചിനീയറുടെ മികവാണ്.


പത്രസമ്മേളനങ്ങളിലും സൈബര്‍ പ്രചാരണങ്ങളിലും നാലരക്കോടി വിലമതിക്കുന്ന വീട് കോര്‍പ്പറേഷന്‍ അളന്നപ്പോള്‍ 1.60 ആയി ചുരുങ്ങിയിട്ടുണ്ട്. എന്റെ വീടിന്റെ അളവിനു കോര്‍പ്പറേഷന്‍ കൊണ്ടുവന്ന ടേപ്പിനു പ്രത്യേകം നീളക്കൂടുതലുണ്ടായിരുന്നുവെന്ന് ഞാന്‍ പറയില്ല. പക്ഷെ മാനദണ്ഡം ശരിയായില്ലെന്ന പരാതിയുണ്ട്. കാര്‍പോര്‍ച്ചും മൂന്നു ഭാഗം തുറന്നിട്ട ടെറസ്സു മടക്കം വീടിന്റെ സ്‌ക്വയര്‍ ഫീറ്റില്‍ ഉള്‍പെടുത്തിയത് അവരുടെ തെറ്റല്ല; എന്റേതാണ്
അല്ലെങ്കിലും പിണറായി വിജയനെ ഞാന്‍ വിമര്‍ശിച്ചതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ
ഗണ്‍മാനും ഡ്രൈവറും താമസിക്കുന്ന മുറിയടക്കം സത്യസന്ധമായി അളന്നാല്‍ 4500 സ്‌ക്വയര്‍ ഫീറ്റില്‍ അധികമാവില്ലെന്നാണ് ഇത്സംബന്ധമായി അറിയുന്ന വിദഗ്ദര്‍ പറയുന്നത്.


വീട്ടിനകത്തെ 'ആര്‍ഭാടങ്ങള്‍' ചാനലുകളില്‍ ഫ്‌ലാഷ് ന്യൂസ് ആയതും ശ്രദ്ധയില്‍ പെട്ടു.
ഒരു വീടിന്റെ ആര്‍ഭാടം തറയില്‍ ഉപയോഗിക്കുന്ന ടൈല്‍സും മാര്‍ബിളുമാണ്. വളരെ സാധാരണമായ വിട്രിഫൈഡ് ടൈല്‍ ആണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ചുമരും കോണ്‍ക്രീറ്റും എല്ലാവര്‍ക്കും ഒരേ മെറ്റീരിയല്‍സ് ഉപയോഗിച്ചേ ചെയ്യാനാകൂ. അലങ്കാരങ്ങള്‍ക്കായി കാണിക്കുന്ന വിലകൂടിയ തൂക്കു വിളക്കുകളും വെളിച്ച സജ്ജീകരണങ്ങളൊന്നും ഈ വീട്ടിലില്ല. പക്ഷെ, എനിക്ക് ഈ വീട് മനോഹരം തന്നെയാണ് ഞാന്‍ അതുണ്ടാക്കിയതിനുള്ള വരുമാന സ്രോതസ്സ് ബന്ധപ്പെട്ടവര്‍ ചോദിച്ചിട്ടുണ്ട്. അവര്‍ക്ക് മുന്നില്‍ അവ ഹാജരാക്കും. സത്യസന്ധമായി വിലയിരുത്തിയാല്‍ വീടിന്റെ ബജറ്റ് ഇനിയും ഒരു പാട് കുറയാനുണ്ട്. ഞാനതില്‍ വാശിക്കാരനല്ല. എന്റെ പച്ച മാംസം കൊത്തി വലിക്കാന്‍ കൊതിക്കുന്നവര്‍ ഇതൊന്നും വിശ്വസിക്കണമെന്ന നിര്‍ബന്ധം എനിക്കില്ല. സത്യമറിയാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ക്കായാണ് ഈ വിശദീകരണം.എന്നെ സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരു പാട് പേരുണ്ട്.

അവരില്‍ പലരും വാസ്തവമറിയാന്‍ വിളിക്കുന്നുണ്ട്; ആശ്വാസവാക്കുകള്‍ പറയുന്നുണ്ട്. തിരക്കുകള്‍ക്കിടയില്‍ എല്ലാവരോടും വിശദമായി സംസാരിക്കാനാവുന്നില്ല. അത് കൊണ്ട് കൂടിയാണ് ഈ കുറിപ്പ്. പൊതു ജീവിതത്തിലെ ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ സ്വന്തം കാര്യം നോക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. ആ ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചവര്‍ക്ക് നന്ദി.
പക്ഷെ അത് കൊണ്ട് പൊതുസ്വത്തിലോ മറ്റുള്ളവര്‍ക്കോ ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന് എനിക്ക് ഉറച്ച് പറയാനാവും.


രാഷ്ട്രീയമായ വിമര്‍ശങ്ങള്‍ക്ക് നമ്മള്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന ഒരു പാഠം കൂടി ഈ വിവാദങ്ങളില്‍ നിന്നും ലഭിച്ചു. ആയുസ്സില്‍ ഒരു കുടുംബം ഒരിക്കല്‍ മാത്രം നിര്‍മ്മിക്കുന്ന വീട് പോലും ജനകീയ വിചാരണക്ക് വിധേയമാകും
നമ്മള്‍ മൗനത്തിലാണെങ്കില്‍ എത്ര വലിയ കൊട്ടാരവും ഉണ്ടാക്കാം. ഏത് വിധേനെയും സമ്പാദിക്കാം.
ഒന്നുറപ്പ്; മറ്റെന്തെല്ലാം ഉപേക്ഷിക്കേണ്ടി വന്നാലും, രാഷ്ട്രീയ നിലപാടുകളും നെറികേടുകളോടുള്ള വിയോജിപ്പുകളും തുടരുക തന്നെ ചെയ്യും.

TAGS: KM SHAJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.