രണ്ടാംകൃഷി വിളവെടുപ്പ് തുടങ്ങിയ ശേഷം കുട്ടനാട് മേഖലയിലൂടെ തോളിൽ തോർത്തില്ലാതെ പോവാനാവാത്ത സ്ഥിതി. ഏതു സമയവും നമ്മുടെ കണ്ണുനിറയേണ്ടി വരും. ധാരധാരയായി പ്രവഹിക്കുന്ന കണ്ണീരൊപ്പാൻ രണ്ട് മുഴം നീളത്തിലുള്ള തോർത്തെങ്കിലും വേണ്ടിവരും. കരയില്ലെന്ന് നമ്മൾ ശാഠ്യം പിടിച്ചാലും നേതാക്കൾ നമ്മളെ കുത്തി നോവിച്ചു കരയിക്കും.
കൊയ്‌ത്ത് കഴിഞ്ഞ പാടങ്ങളിലെ നെല്ല് സംഭരിക്കാൻ നടപടി വേണമെന്ന് കൃഷി വകുപ്പ് അധികൃതരോടും സപ്ളൈകോ അധികൃതരോടും കർഷകർ ആഴ്ചകൾക്ക് മുമ്പേ പറഞ്ഞു തുടങ്ങിയതാണ്. ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും പാടശേഖരസമിതി ഭാരവാഹികളുമായും പലവട്ടം ചർച്ചയും നടത്തി. സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പ് പ്രകാരം കുട്ടനാട്ടിൽ കൊയ്ത് നെല്ല് മുഴുവൻ സംഭരിച്ച് , കുത്തി, അരിയാക്കിയ മട്ടാണ്. പക്ഷെ നെല്ല് കൂമ്പാരമായി പാടങ്ങളിൽ കിടക്കുകയാണെന്നതാണ് യാഥാർത്ഥ്യം. സംഭരണത്തിന് തയ്യാറായി മുന്നോട്ടു വന്നത് രണ്ടോ മൂന്നോ മില്ലുകാർ മാത്രം. സംഭരണത്തിന്റെ ഉത്തരവാദിത്വം സഹകരണ സംഘങ്ങളുടെ തോളിൽ വച്ചുകെട്ടി തടി ഊരാമെന്ന് അധികൃതർ ആശിച്ചെങ്കിലും ബുദ്ധി വേണ്ടപോലെ ഫലിച്ചില്ല. 'അടിവില്ലിൽ ( എലിക്കെണ്ണി ) പഴം വച്ചുള്ള' കെണിയൊരുക്കലാണിതെന്ന് സംഘങ്ങൾക്ക് നല്ലതു പോലെ അറിയാം.
നേരത്തെ കൊയ്‌ത്ത് യന്ത്രങ്ങളെ ചൊല്ലിയായിരുന്നു ആശങ്ക. യന്ത്രങ്ങളുമായി വരുന്നവരെ കൊവിഡ് നിയന്ത്രണമുള്ളതിനാൽ പിടിച്ച് ക്വാറന്റൈനിലാക്കുമെന്ന് ആരൊക്കെയോ പറഞ്ഞു പരത്തി.പാലക്കാട് വരെ എത്തിയ കൊയ്‌ത്ത് യന്ത്രങ്ങൾ കുട്ടനാട് ഭാഗത്തേക്ക് നീങ്ങാൻ ആദ്യം തടസമായത് ഈ ഭീതിയാണ്. അതു മാറിക്കഴിഞ്ഞപ്പോൾ യന്ത്രത്തിന്റെ കൂലിയെചൊല്ലിയായി അടുത്ത തർക്കം.
മാരത്തൺ ചർച്ചകൾ വഴി ഇതിനെല്ലാം പരിഹാരമായപ്പോഴാണ് സംഭരണം വഴി മുടക്കാൻ നിൽക്കുന്നത്. നേരോം കാലോം ഒന്നുമില്ലാതെയാണ് ഇപ്പോൾ മഴയെത്തുന്നത്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തുലാമഴയെത്തുമെന്ന് ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. മഴ വന്നാൽ കൊയ്തുകൂട്ടിയ നെല്ലത്രയും വെള്ളത്തിലാവും. അതോടെ കടംകയറി മുടിയേണ്ട അവസ്ഥയിലാവും കർഷകരും. എത്രത്തോളം കൊയ്‌ത്ത് നടന്നു എന്നതടക്കമുള്ള വിവരശേഖരണത്തിന് കൃഷിവകുപ്പ് ഒരു പാഡി ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹം ആത്മാർത്ഥമായി പണിയെടുക്കുന്നുണ്ട്. നൂലുപൊട്ടിയ പട്ടം പോലെയാണ് അദ്ദേഹത്തിന്റെ കാര്യം. പാടത്തേക്ക് ഇറക്കിവിട്ടാൽ പിന്നൊരു പോക്കാണ്- ആത്മാർത്ഥത കൊണ്ടാണേ! വിവരം ശേഖരിക്കുമെങ്കിലും പുറത്തേക്ക് കാര്യങ്ങൾ അറിയാൻ അടുത്ത കൃഷി സീസൺ വരെ കാക്കേണ്ടി വരുമെന്ന് മാത്രം. കുട്ടനാട്ടിൽ എത്ര ഹെക്ടർ കൊയ്തെന്നോ, ബാക്കി എത്രയുണ്ടെന്നോ ഒക്കെ ചോദിച്ചാൽ കിട്ടുന്നത് സാങ്കല്പിക കണക്കുകൾ മാത്രം. പ്രധാനപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥയെ എപ്പോൾ വിളിച്ചാലും ഒറ്റ മറുപടി 'ഞാൻ വള്ളത്തിലാ, ഇറങ്ങിയിട്ട് പറയാം'.
കാര്യങ്ങൾ ഇങ്ങനെയൊക്കെ പോകുമ്പോൾ കർഷകർക്കാണ് ആധി. കൊയ്തെടുത്ത നെല്ല് ആരെങ്കിലുമൊന്ന് വാങ്ങേണ്ടേ. ദോഷം പറയരുത്, കൊടിക്കുന്നിൽ സുരേഷ് ഇക്കാര്യത്തിൽ ആത്മാർത്ഥത കാട്ടി. ഓരോ രണ്ട് ദിവസം കൂടുമ്പോഴും 450 വാക്കുകളിൽ കുറയാതെയുള്ള പ്രസ്താവന മുടങ്ങാതെ അദ്ദേഹം ഡൽഹിയിൽ നിന്നും മാദ്ധ്യമങ്ങളിലേക്ക് അയച്ചുകൊണ്ടിരുന്നു. നെല്ല് സംഭരണത്തിന് ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടുള്ള പ്രസ്താവനയാണ്. അണ്ണാറക്കണ്ണനും തന്നാലായത്. ആ പ്രസ്താവനയിലെ ഒരു വരിയെങ്കിലും അധികൃതർ വായിച്ചിരുന്നെങ്കിൽ ഒരിക്കലും കർഷകരോട് ഈ ക്രൂരത കാട്ടുമായിരുന്നില്ല.
കണ്ണീർ ഉമ്മൻചാണ്ടി വഹ
'എവിടെ ലൈഫ് ബോയ് ഉണ്ടോ അവിടെ ആരോഗ്യമുണ്ട് ' പണ്ട് ഒരു സോപ്പിന്റെ പ്രധാന പരസ്യവാചകം ഇതായിരുന്നു. അതു പോലെയാണ് നമ്മുടെ ഉമ്മൻചാണ്ടി സാറിന്റെ കാര്യം. ആര് സങ്കടപ്പെടുന്നോ അവിടെ ഉമ്മൻചാണ്ടി സാറെത്തും. അത് മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും അങ്ങനെ തന്നെ. കുട്ടനാട്ടിൽ നെല്ലു സംഭരണം നടക്കാതെ കർഷകർ കഷ്ടപ്പെടുന്നത് അദ്ദേഹം എങ്ങനെയോ അറിഞ്ഞു. പിന്നെ അടങ്ങിയിരിക്കാനാവുമോ.നേരെ എത്തി കുട്ടനാട്ടിൽ. എല്ലാ പരിവാരങ്ങൾക്കുമൊപ്പമെത്തിയ അദ്ദേഹം കർഷകരുടെ പ്രശ്നങ്ങളെല്ലാം ചോദിച്ചറിഞ്ഞു.
സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കുന്നതിൽ കർഷകർക്ക് താത്പര്യമില്ലെന്നും അവർക്ക് ഇഷ്ടമില്ലാത്തത് അടിച്ചേൽപ്പിക്കരുതെന്നും ഉമ്മൻചാണ്ടി ശക്തിയുക്തം അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടിയുടെ ആശ്വാസവാക്കുകൾ കേട്ടതോടെ കളത്തിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ലിന്റെ കാര്യം പോലും കർഷകർ മറന്നുപോയെന്നാണ് അനുയായികളുടെ വാദം. കർഷകരുടെ സങ്കടമെല്ലാം ഇതോടെ മാറിയെന്നും അവർ അസന്നിഗ്ദ്ധമായി പറഞ്ഞു.
കണ്ണീർ ചെന്നിത്തല വഹ
കാഞ്ഞിരപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ് വന്ന് കുട്ടനാട്ടിൽ കണ്ണീരൊഴുക്കിയാൽ തൊട്ടടുത്ത ഹരിപ്പാട് മണ്ഡലത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വെറുതെ ഇരിക്കാൻ കഴിയുമോ.തൊട്ടടുത്ത ദിവസം വൈകിട്ട് തന്നെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കൈയിൽ തോർത്തുമായി വച്ചുപിടിച്ചു കുട്ടനാട്ടിലേക്ക് .ഉമ്മൻചാണ്ടി വന്നുപോയ സ്ഥലങ്ങൾ ഒഴിവാക്കി, തകഴി മേഖലയിലേക്കാണ് അദ്ദേഹം നീങ്ങിയത്. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ശീതസമരമാണ് സംഭരണപ്രശ്നത്തിന് പരിഹാരമാവാത്തതിന് കാരണമെന്ന് ചെന്നിത്തല വളരെ തന്ത്രപൂർവ്വം കണ്ടുപിടിച്ചു. രഹസ്യമായി ഇക്കാര്യം സ്വന്തം അനുയായികളെ അദ്ദേഹം അറിയിക്കുകയും ചെയ്തു. തുലാവർഷം തുടങ്ങിയാൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് മുഴുവൻ നശിക്കുമെന്ന ജാഗ്രതാ നിർദ്ദേശവും അദ്ദേഹം കർഷകർക്ക് നൽകി.ഈ കണ്ടുപിടിത്തങ്ങൾ നടത്തിയതല്ലാതെ പ്രത്യേക പരിഹാരമൊന്നും നിർദ്ദേശിക്കാൻ ചെന്നിത്തലമെനക്കെട്ടില്ല.
ഇതുകൂടി കേൾക്കണെ
തങ്ങളുടെ പ്രിയനേതാക്കൾ കുട്ടനാട്ടിൽ വന്ന് കണ്ണീർ പൊഴിക്കുമ്പോൾ യൂത്തന്മാർക്ക് വെറുതെ ഇരിക്കാനാവുമോ. അവരും ഇറങ്ങി ഗ്രൂപ്പ് നോക്കാതെ പ്രതിഷേധവുമായി. ചാക്കിൽ കെട്ടി കൊണ്ടുവന്ന നെല്ല് എ.സി.റോഡിൽ ഇറക്കി ഗതാഗത തടസമുണ്ടാക്കിയാണ് അവർ അരിശം തീർത്തത്. ഐ, എ വ്യത്യാസമില്ലാതെ യൂത്തന്മാർ എ.സി.റോഡിൽ കരുത്തുകാട്ടിയപ്പോൾ കർഷകരുടെ മുഖത്താവട്ടെ 'അയ്യെ 'എന്ന ഭാവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |