തിരുവനന്തപുരം: തലസ്ഥാനത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ തലപ്പത്തേക്ക് അന്താരാഷ്ട്ര പ്രശസ്തനായ ശാസ്ത്രജ്ഞനെത്തുന്നു.
രാമൻ സ്‌പെക്ട്രോസ്‌കോപിയിൽ മൂന്ന് അന്താരാഷ്ട്ര പേറ്റന്റുകൾ സ്വന്തമായുള്ള പ്രൊഫ. ചന്ദ്രഭാസ് നാരായണയാണ് പുതിയ ഡയറക്ടർ. ബംഗളൂരുവിലെ ജെ.എൻ.സി.എ.എസ്.ആറിൽ കെമിസ്ട്രി ആൻഡ് ഫിസിക്സ് ഓഫ് മെറ്റീരിയൽ യൂണിറ്റിലെ പ്രൊഫസറും ഫെലോഷിപ്പ്സ് ആൻഡ് എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ഡീനുമായിരുന്നു.
രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം എന്നിവയിൽ രാമൻ സ്‌പെക്ട്രോസ്‌കോപി ഉപയോഗപ്പെടുത്തുന്നതിലെ പ്രശസ്തമായ ഗവേഷകസംഘങ്ങളിലൊന്നിന് നേതൃത്വം കൊടുക്കുന്ന ശാസ്ത്രജ്ഞനാണ് പ്രൊഫ. ചന്ദ്രഭാസ് നാരായണ. രാജ്യത്തെ രണ്ട് സുപ്രധാന കണികാപരീക്ഷണങ്ങളുടെ സംയോജകനായിരുന്നു.
രാമൻ സ്‌പെക്ട്രോസ്‌കോപി, ബ്രില്യുൺ സ്‌പെക്ട്രോസ്‌കോപി, ഉയർന്ന മർദ്ദത്തിലും താപനിലയിലുമുള്ള എക്സ് റേ ഡിഫ്രാക്ഷൻ എന്നിവ ഉപയോഗിച്ച് വസ്തുക്കളുടെ ഭൗതിക ഘടകങ്ങൾ പരിശോധിക്കുന്ന ജെ.എൻ.സി.എ.എസ്.ആറിലെ ലൈറ്റ് സ്‌കാറ്ററിംഗ് ലബോറട്ടി അദ്ദേഹത്തിന്റേതാണ്.
മരുന്നിലെ പ്രോട്ടീൻ ഘടകങ്ങളുടെ ആശയവിനിമയത്തിൽ അദ്ദേഹം നേതൃത്വം നൽകിയ ഗവേഷക പ്രോജക്ടുകൾ നാഴികക്കല്ലായി. നാഷണൽ അക്കാദമി ഓഫ് സയൻസ്, റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി, ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് എന്നിവിടങ്ങളിലെ ഫെലോ ആയ അദ്ദേഹം 175 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബംഗളൂരുവിൽ താമസമാക്കിയ മലയാളി കുടുംബത്തിലായിരുന്നു പ്രൊഫ. നാരായണയുടെ ജനനം. മൈസൂരുവിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷനിൽ നിന്നും ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി. ന്യൂയോർക്കിലെ ഇത്താക്കയിലെ കോർനെൽ സർവകലാശാലയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ റിസർച്ച് ചെയ്തതിനു ശേഷമാണ് അദ്ദേഹം ജെ.എൻ.സി.എ.എസ്.ആറിൽ അദ്ധ്യാപകനായത്.
മെറ്റീരിയൽ റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യ, സർ സി.വി. രാമൻ യുവ ശാസ്ത്രജ്ഞ പുരസ്‌കാരം, സി.എൻ.ആർ റാവു ഓറിയന്റേഷൻ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |