കോട്ടയം: അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കഞ്ചാവ് കൈമാറ്റം നടത്തുന്ന ലോബി കോട്ടയം ജില്ലയിൽ വില്പന കൊഴുപ്പിക്കുന്നു. ആന്ധ്രയിൽ നിന്നും കമ്പത്തുനിന്നും കഞ്ചാവ് എത്തിച്ച് മൊത്തമായും ചില്ലറയായും വില്പന നടത്തുന്ന ഒരു ഗുണ്ടാ നേതാവിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് വില്പന പൊടിപൊടിക്കുന്നത്.
അതിരമ്പുഴ, ഏറ്റുമാനൂർ, പനമ്പാലം എന്നിവിടങ്ങളിലാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ കൈകളിൽ കഞ്ചാവ് കൊടുത്ത് ചില്ലറ വില്പന നടത്തുന്നത്.
കഞ്ചാവ് വില്ക്കാനായി ഗുണ്ടാ നേതാവ് നിരവധി അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നുണ്ട്. ഇതിൽ കുറച്ചു പേർക്കാണ് അര കിലോ കഞ്ചാവ് വീതം കൊടുക്കുന്നത്. ഇവരാണ് ചെറുപൊതികളാക്കി മറ്റ് അന്യസംസ്ഥാന തൊഴിലാളികൾക്ക് വീതിച്ചു നല്കുന്നത്. പണം പിറ്റേദിവസം രാവിലെ പ്രധാന ഏജന്റ് ഗുണ്ടാ നേതാവിന് കൈമാറും. ഇതാണ് ഇവരുടെ വിപണന തന്ത്രം.
മദ്യം കഴിക്കാനായിട്ടാണ് കഞ്ചാവ് വിറ്റുകിട്ടുന്നതിന്റെ ലാഭം ചെലവഴിക്കുന്നത്.
മിക്കവരും കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്. ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ കഞ്ചാവുമായി ഇറങ്ങുകയാണ് ഇവർ. ഇന്നലെ എക്സൈസ് പിടികൂടിയ അസാം സ്വദേശി കുടമാളൂരിലുള്ള ഒരു ഹോളോ ബ്രിക്സ് കമ്പനിയിലെ താത്ക്കാലിക ജീവനക്കാരനാണ്.
ഇയാളെ എക്സൈസ് ചോദ്യം ചെയ്തതോടെയാണ് അസാം, ബീഹാർ സ്വദേശികളായ ചിലരും കഞ്ചാവ് വില്ക്കുന്നുണ്ടെന്ന് അറിവായത്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്.
ഗുണ്ടാ നേതാവിന്റെ കൂട്ടത്തിലുള്ള കുപ്രസിദ്ധനായ ഒരു ഗുണ്ടയാണ് കഞ്ചാവ് തേനിയിൽ നിന്ന് കൊണ്ടുവരുന്നത്. ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് എത്തിക്കുന്നത് മറ്റൊരു ഗുണ്ടയാണ്. ആഡംബര കാറിലാണ് കൂടുതലും കഞ്ചാവ് കടത്തുന്നത്. ലോക്ഡൗൺ കാലമായതോടെയാണ് കഞ്ചാവ് കടത്തൽ കാറിലേക്ക് മാറ്റിയത്. നേരത്തെ ഇവർ കെ.എസ്.ആർ.ടി.സി ബസിലും പച്ചക്കറി ലോറികളിലുമായിരുന്നു കഞ്ചാവ് കടത്തിയിരുന്നത്.
ആന്ധ്രയിൽ നിന്നു കടത്തിക്കൊണ്ടു വന്ന കഞ്ചാവ് രണ്ടു മാസം മുമ്പ് കടുത്തുരുത്തി പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ കേസിൽ കഞ്ചാവ് കടത്തിയ ഗുണ്ടയെ പിടികൂടിയിരുന്നു. ഇയാൾക്കെതിരെ കാപ്പ ചുമത്തി ഇപ്പോൾ തിരുവനന്തപുരം പൂജപ്പുര ജയിലിൽ കഴിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |