സൈബറിടങ്ങളിലെ അധിക്ഷേപങ്ങളെ ഫലപ്രദമായി നേരിടാൻ കേരള സർക്കാർ കേരള പോലീസ് നിയമത്തിൽ 118 (എ)എന്ന വകുപ്പ് ചേർത്ത് ഉചിതമായ ഭേദഗതി കൊണ്ടുവന്ന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചിരിക്കയാണല്ലോ. എന്നാൽ, ഈ ഓർഡിനൻസ് ഫലപ്രദമല്ലെന്നും ഭരണഘടനാവിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് ചൂണ്ടിക്കാട്ടി വിവര സാങ്കേതിക നിയമത്തിലെ വകുപ്പ് 66(എ)യും കേരള പൊലീസ് നിയമത്തിലെ വകുപ്പ്118(ഡി) യും സുപ്രീം കോടതി റദ്ദ് ചെയ്ത അതേ പ്രത്യാഘാതം തന്നെ ഈ പുതിയ ഭേദഗതി നിയമത്തിലും ഉളവാകുന്നതെന്ന് ചില കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതിനായി അവർ ഉന്നയിക്കുന്നത് സൈബർ, സാമൂഹ്യ മാദ്ധ്യമങ്ങൾ തുടങ്ങിയവയിലൂടെയുള്ള അധിക്ഷേപങ്ങളും ആക്ഷേപങ്ങളും വ്യക്തി കേന്ദ്രീകൃതമായ ആക്രമണമാണെങ്കിലും ഒരു പൊലീസ് ഓഫീസർക്ക് പുതിയ ഭേദഗതി നിയമമായ 118 (എ)യിലൂടെ വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാവുന്നതും, പരാതിക്കാരനില്ലാതെ പോലീസിന് സ്വമേധയാ കേസെടുക്കാവുന്നതുമാവുമ്പോൾ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആരോപിക്കുന്നു. കൂടാതെ മാദ്ധ്യമ ലേഖകർക്കെതിരെയും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവർക്കെതിരെയും കേസെടുക്കാമെന്നതിനാൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റവുമാണെന്നും വ്യാഖ്യാനിക്കുന്നു.
എന്നാൽ, പുതിയ ഈ നിയമം പറയുന്നതിപ്രകാരമാണ്. ആരെങ്കിലും മറ്റൊരാളെ ഭീഷണിപ്പെടുത്തുകയോ, ആക്ഷേപിക്കയോ അധിക്ഷേപിക്കയോ മാനഹാനി വരുത്തുന്ന വിധം അപമാനിക്കയോ ചെയ്യുന്നതിനായി ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിച്ച് പ്രചരിപ്പിച്ചാൽ മൂന്നു വർഷം വരെ തടവും അല്ലെങ്കിൽ പതിനായിരം രൂപ പിഴശിക്ഷയും വിധിക്കാവുന്നതാണ്. ഈ കുറ്റകൃത്യം കോഗ്നൈസബിൾ കുറ്റകൃത്യവും ജാമ്യം ലഭിക്കുന്നതുമാണെന്ന് വകുപ്പ് 125 പറയുന്നു. ഈ ഭേദഗതി പരിശോധിച്ചാൽ വ്യക്തമാകുന്നത് അപകീർത്തിപ്പെടുത്തുന്നതും ആക്ഷേപിക്കുന്നതും വ്യക്തി കേന്ദ്രീകൃതമായ വിലയിരുത്തലുകളാകയാൽ പൊലീസിന് സ്വമേധയാ കേസെടുക്കാൻ സാദ്ധ്യമല്ല. ഒരു വ്യക്തി, തന്നെ, ഇന്ന വിനിമയത്തിലൂടെ പ്രചരിപ്പിക്കപ്പെട്ട ഉള്ളടക്കത്തിലൂടെ അധിക്ഷേപിക്കയോ അപമാനിക്കയോ ചെയ്തതായി ഉന്നയിച്ചുകൊണ്ട് ഒരു പരാതിയുമായി മുന്നോട്ട് വരണം. അപ്രകാരം വന്നാൽ മാത്രമേ പൊലീസിന് കേസെടുക്കാൻ കഴിയൂ. അയാളുടെ പരാതി രേഖപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥൻ ക്രിമിനൽ നടപടി നിയമം വകുപ്പ് 154 പ്രകാരം പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കി കേസ് രജിസ്റ്റർ ചെയ്യണം. പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസിനധികാരമുണ്ട്. എന്നാൽ അറസ്റ്റ് ചെയ്ത പ്രതിക്ക് പൊലീസ് തന്നെ ജാമ്യവും നൽകണം. പരാതി കളവാണെന്ന് തെളിഞ്ഞാൽ പരാതിക്കാരനെതിരെ പ്രതിക്ക് നിയമ നടപടി സ്വീകരിക്കാവുന്നതാണ്. അതിനാൽ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന് കരുതേണ്ടതില്ല.
സുപ്രീം കോടതി ഇടപെടൽ
2015 ൽ ശ്രേയ സൃംഘാൽ കേസിലെ വിധിയിലൂടെയാണ് സുപ്രീം കോടതി ഐറ്റി നിയമം വകുപ്പ് 66(എ) യും കേരള പോലീസ് നിയമത്തിലെ വകുപ്പ് 118( ഡി) യും റദ്ദാക്കിയത്. ആ കേസിൽ സുപ്രീം കോടതി പറഞ്ഞത് ഈ നിയമത്തിലെ 'അസ്വസ്ഥത ഉളവാക്കുന്ന" എന്ന പദങ്ങൾ വളരെ അവ്യക്തമായാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. കൂടാതെ, ഈ നിയമത്തിൽ പറയുന്ന കുറ്റഘടക ഉള്ളടക്കങ്ങൾ വളരെ വിപുലമായതും ഭരണഘടന അനുഛേദം 19( 1)ൽ വരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റ ഘടകങ്ങളെ കൂടി ഉൾപ്പെടുത്തുന്നതിനാൽ പ്രസ്തുത അനുഛേദത്തെ മരവിപ്പിച്ചു കളയുന്ന തരത്തിലായിപ്പോയി എന്നുമാണ്. നിയമം നിർമ്മിക്കുമ്പോൾ വ്യക്തതയും അനുഛേദം 19(2) ൽ വരുന്ന നിയന്ത്രണത്തിൽ ഉൾപ്പെട്ടു വരുന്നതുമായിരിക്കണം എന്ന് ശ്രെയാൽ സൃംഘാൽ കേസിൽ സുപ്രീം കോടതി ഊന്നിപ്പറഞ്ഞു. അതിനാൽ ഉചിതമായ നിയമം നിർമ്മിക്കുന്നതിന് ശ്രേയാൽ സൃംഘാൾ കേസിലെ വിധി തടസ്സമല്ല. മറിച്ച്, നിർമ്മിക്കുന്ന നിയമം വ്യക്തവും അഭിപ്രായ സ്വാതന്ത്ര്യത്തെ മരവിപ്പിക്കുന്നതുമാവരുത്. അങ്ങനെ പരിശോധിച്ചാൽ, കേരള പൊലീസ് നിയമത്തിലെ ഭേദഗതി ഉചിതമായ നിയമ നിർമ്മാണമാണെന്ന് താഴെപ്പറയുന്ന കാരണങ്ങളാൽ കാണാവുന്നതാണ്.
പുതിയ നിയമത്തിലെ മാറ്റം
1) പ്രസ്തുത നിയമത്തിലെ കുറ്റഘടകങ്ങളായ വ്യക്തിഗതമായ ആക്ഷേപങ്ങളും, അധിക്ഷേപങ്ങളും വ്യക്തമായാണ് ഉന്നയിക്കുന്നത്.
2) അത് വിശാലമായ വ്യാഖ്യാനങ്ങൾക്ക് വശംവദമാകുന്നില്ല.
3) അതിൽ ഉൾപ്പെടുന്ന ഉള്ളടക്കങ്ങൾ ഒന്നും തന്നെ അനുഛേദം 19 (1)ൽ വരുന്ന അഭിപ്രായ സ്വാതന്ത്ര്യ ഘടകങ്ങളെ ഉൾക്കൊള്ളുന്നതുമല്ല. മറിച്ച് അനുഛേദം 19(2) ൽ വരുന്ന നിയന്ത്രിത ഘടകങ്ങളിൽ ഉൾപ്പെടുന്നവയുമാണ്. സുപ്രീം കോടതി റദ്ദാക്കിയ വിവര സാങ്കേതിക നിയമത്തിലെ വകുപ്പ് 66(എ)യും കേരള പൊലീസ് നിയമത്തിലെ വകുപ്പ് 118 (ഡി) യും പുതിയ നിയമത്തിലെ വകുപ്പ് 118 (എ) യും ചേർത്ത് പരിശോധിച്ചാൽ ഈ വ്യത്യാസം സ്പഷ്ടമാവും. പല്ലും നഖവുമുള്ള ഒരു പുതിയ നിയമം ഉണ്ടായാലെ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയുകയുള്ളൂ.
(ലേഖകൻ നിയമസഭ മുൻ സെക്രട്ടറിയാണ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |