തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ് )ഒന്നും രണ്ടും സ്ട്രീമിലേക്കുള്ള മെയിൻ പരീക്ഷ നവംബർ 20, 21 തീയതികളിൽ നടക്കാനിരിക്കെ, മൂന്നാം സ്ട്രീമിൽ ഉൾപ്പെട്ടവരുടെ പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായില്ല.
ഹയർ സെക്കൻഡറി അദ്ധ്യാപകരെയും മൂന്നാം സ്ട്രീമിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെത്തുടർന്നാണ് നിലവിൽ പരീക്ഷ എഴുതിയവരുടെ ഫലപ്രഖ്യാപനം മാറ്റിവച്ചത്. കോടതിയുടെ അനുമതിയോടെ ഇവരെ മെയിൻ പരീക്ഷ എഴുതിക്കാമെന്നാണ് പി.എസ്.സി കരുതുന്നത്. നവംബറിലെ പരീക്ഷ ഇവർക്ക് എഴുതാനാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
സർക്കാർ സർവീസിലെ ഒന്നാം ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് മൂന്നാം സ്‌ട്രീം എന്നായിരുന്നു ആദ്യത്തെ അറിയിപ്പ്, ഹയർ സെക്കൻഡറി അദ്ധ്യാപകർ മൂന്നാം കാറ്റഗറിയിൽ ഉൾപ്പെടുമെന്ന കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. ഹയർ സെക്കൻഡറി അദ്ധ്യാപകരെ രണ്ടാം സ്ട്രീമിൽ ഉൾപ്പെടുത്താമെന്നാണ് സർക്കാർ വാദം. ഇതുസംബന്ധിച്ച് കോടതിവിധി വരുമെന്നതിന് മുൻപ് രണ്ടാം സ്ട്രീമിലെ മുഖ്യപരീക്ഷ നടത്തുന്നത് പിന്നീട് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് അഭിപ്രായവും ഉയരുന്നുണ്ട്. രണ്ടാം സ്ട്രീമിൽ പ്രാഥമിക പരീക്ഷ എഴുതിയ ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ ഫലവും തടഞ്ഞുവച്ചിരിക്കുകയാണ്.
ഹയർ സെക്കൻഡറി അദ്ധ്യാപകരെ മൂന്നാം സ്ട്രീമിൽ ഉൾപ്പെടുത്തിയാൽ പ്രൊമോഷൻ തസ്തികയായ പ്രിൻസിപ്പൽ പോസ്റ്റ് കെ.എ.എസിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നതാണ് അനിശ്ചിതത്വത്തിന് കാരണം. ഭരണച്ചുമതല മാത്രമുള്ള കെ.എ.എസ് തസ്തികയിൽ നിന്നും വ്യത്യസ്തമായി, ഒരാഴ്ചയിൽ 21 മണിക്കൂർ അദ്ധ്യാപനവും ഇപ്പോൾ പ്രിൻസിപ്പൽമാർ നിർവഹിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |