കേരളത്തിൽ പോക്സോ കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് സമൂഹത്തെ ഭീതിയുടെ തീക്കനലുകൾക്ക് മേലേ നിറുത്തുകയാണ്. ഒപ്പം പാലക്കാടിന്റെ ഹൃദയം മുറിക്കുന്ന സത്യമാണ് ഇരകളാക്കപ്പെടുന്ന നിസഹായരായ കുട്ടികളെ സംരക്ഷിക്കാൻ ഇടമില്ല എന്ന യാഥാർത്ഥ്യം.
ഇളംപ്രായത്തിൽ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാകുന്ന പെൺകുട്ടികളുടെ സംരക്ഷണം എത്ര ഗൗരവമേറിയതാണെന്ന് അധികൃതരെ ആരെങ്കിലും ഓർമ്മപ്പിച്ചിട്ട് മനസിലാക്കേണ്ടതാണോ? കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഇത്തരം കുട്ടികൾക്ക് സുരക്ഷിതമായൊരു തുടർ ജീവിതം ഉറപ്പാക്കേണ്ട ബാദ്ധ്യത ഭരണകൂടത്തിനും സമൂഹത്തിനുമുണ്ട്. പക്ഷേ, ഇവർക്ക് താത്കാലിക താമസസ്ഥലം പോലും കണ്ടെത്തിനൽകാൻ ഭരണകൂടത്തിന് കഴിയാത്തത് ഖേദകരമാണ്.
സ്ഥലപരിമിതിയിൽ 'നിർഭയ'
ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാകുന്ന പെൺകുട്ടികൾക്ക് താമസിക്കാൻ പാലക്കാട് ജില്ലയിൽ വേണ്ടത്ര സംരക്ഷണ കേന്ദ്രങ്ങളില്ലെന്നതാണ് പ്രധാന വെല്ലുവിളി. പോക്‌സോ കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ ദുരവസ്ഥ എന്നത് ശ്രദ്ധേയം.
കഴിഞ്ഞ ആറുവർഷത്തിനിടെ ജില്ലയിൽ മാത്രം 1052 കേസുകളാണ് പോക്‌സോ (പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് എഗൈൻസ്റ്റ് സെക്ഷ്വൽ ഒഫൻസ് ) നിയമത്തിന് കീഴിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ പകുതിയിൽ കൂടുതൽ കേസുകളും മൂന്നുവർഷത്തിനുള്ളിൽ നടന്നതാണ്. ഈ വർഷം ആഗസ്റ്റ് വരെ മാത്രം ജില്ലയിൽ 164 കേസുകൾ രജിസ്റ്റർ ചെയ്തതായാണ് പൊലീസിന്റെ ഒൗദ്യോഗിക വെബ്സൈറ്റിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാകുന്ന കുട്ടികളെ താമസിപ്പിക്കാനായി നിലവിൽ ഒലവക്കോട് പ്രവർത്തിക്കുന്ന 'നിർഭയ' കേന്ദ്രം മാത്രമാണുള്ളത്. ഇവിടെ പരമാവധി 30 കുട്ടികളെ പാർപ്പിക്കുന്നതിനുള്ള സൗകര്യമേയുള്ളൂ. അതുകൊണ്ടുതന്നെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികളെ മഹിളാമന്ദിരം പോലുള്ള സർക്കാരിന്റെ മറ്റു കേന്ദ്രങ്ങളിൽ പാർപ്പിക്കേണ്ട അവസ്ഥയാണ്.
ബദൽ സംവിധാനങ്ങളും അപര്യാപ്തം
പോക്‌സോ കേസുകളിൽ രക്ഷിതാക്കൾ പ്രതികളാകുന്ന സാഹചര്യത്തിൽ കുട്ടികളെ കേസിന്റെ ആദ്യഘട്ടങ്ങളിൽ വൈദ്യപരിശോധനയുടെയും മൊഴിയെടുക്കലിന്റെയും ഭാഗമായി കുറച്ചു ദിവസങ്ങൾ മാറ്റിപ്പാർപ്പിക്കേണ്ടി വരും. എന്നാൽ ഇത്തരത്തിൽ താത്‌കാലിക താമസത്തിന് പോലും ജില്ലയിൽ കാര്യമായ സംവിധാനങ്ങളില്ല എന്നത് വേദനിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. പാലക്കാട് സിവിൽസ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സ്‌നേഹിത ഹെൽപ് ഡെസ്കിലും മുട്ടിക്കുളങ്ങരയിലുള്ള മഹിളാമന്ദിരത്തിലുമാണ് നിലവിൽ കുട്ടികളെ പാർപ്പിക്കുന്നത്.
കേസ് രജിസ്റ്റർ ചെയ്ത് കോടതിയിലെത്തുന്നതു വരെ പെൺകുട്ടികളെ പാർപ്പിക്കുന്നതിനാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്‌നേഹിത പ്രവർത്തിക്കുന്നത്. എന്നാൽ, വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്‌നേഹിതയിൽ ഏഴുപേരെ താമസിപ്പിക്കാനുള്ള സൗകര്യമേയുള്ളൂ. കൂടാതെ മൂന്നു മുതൽ അഞ്ചു ദിവസം വരെ മാത്രമേ കുട്ടികളെ ഇവിടെ താമസിപ്പിക്കാൻ കഴിയൂ എന്നതും തിരിച്ചടിയാണ്.
അതിനാൽ, അടിയന്തര ഘട്ടങ്ങളിൽ കുട്ടികളെ താമസിപ്പിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയുള്ള മഹിളാ മന്ദിരത്തിലാണ്. സ്ഥലപരിമിതിയാണ് മഹിളാമന്ദിരവും നേരിടുന്ന ഒരു പ്രതിസന്ധി. 30 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കേന്ദ്രത്തിൽ ഇപ്പോൾത്തന്നെ 20 ശതമാനം ആളുകൾ കൂടുതലാണ്.
നിർഭയയ്ക്കു പുറമേ ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി മഹിളാമന്ദിരം, കുടുംബശ്രീയുടെ സ്‌നേഹിത ജൻഡർ ഹെൽപ്പ് ഡെസ്‌ക്, മഹിളാ സമഖ്യ എന്നിങ്ങനെ നാല് കേന്ദ്രങ്ങൾ കൂടിയുണ്ട്. ഇത്തരം സ്ഥാപനങ്ങൾ ഓരോവർഷവും രജിസ്ട്രേഷൻ പുതുക്കണമെന്നാണ് നിയമം. പക്ഷേ, നിലവിൽ രണ്ട് കേന്ദ്രങ്ങൾ മാത്രമേ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളൂ എന്നാണ് അറിയുന്നത്.
ഒലവക്കോട് പ്രവർത്തിക്കുന്ന നിർഭയയിലെ സ്ഥലപരിമിതി മൂലം ഇപ്പോൾ കോഴിക്കോട്ടെ സർക്കാർ ഗേൾസ് ചിൽഡ്രൻസ് ഹോമിലാണ് ജില്ലയിൽ നിന്നുള്ള കുട്ടികളെ പാർപ്പിക്കുന്നത്. 100 കുട്ടികളെ പാർപ്പിക്കാൻ കഴിയുന്ന ഇവിടെയും ഇപ്പോൾ ഉൾക്കൊള്ളാവുന്നതിൽ കൂടുതൽ കുട്ടികളായി കഴിഞ്ഞതായി അധികൃതർ പറയുന്നു.
'ജീവിതത്തിന്റെ പല തലത്തിൽ നിന്നും എത്തിപ്പെടുന്ന സ്ത്രീകളാണ് മഹിളാ മന്ദിരത്തിലുള്ളത്. വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിന്റെ മർദ്ദനം സഹിക്കാതെ വീടുപേക്ഷിച്ചവർ തുടങ്ങി ജീവിതത്തിന്റെ അനിശ്ചിതത്വം പേറുന്നവരാണ് ഇവരിൽ ഏറെയും. അസ്വസ്ഥമായ ഇത്തരം ആളുകൾക്കിടയിലേക്കാണ് ചെറുപ്രായത്തിൽ തന്നെ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്ന ഒരു പെൺകുട്ടി എത്തുന്നത്. ഇത് കുട്ടിയുടെ മാനസികാരോഗ്യത്തെ എത്രമാത്രം ബാധിക്കും എന്ന് ഊഹിക്കാവുന്നതാണ്. പോക്‌സോ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതും കുട്ടികളുടെ സുരക്ഷിതമായ ഭാവി മുന്നിൽക്കണ്ട് അവർക്ക് ദീർഘകാലം താമസിക്കാൻ കൂടി പറ്റുന്നതുമായ മികച്ചൊരു കേന്ദ്രം ഇവിടെയുണ്ടാകേണ്ടത് അത്യാവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |