സ്വർണ നിക്ഷേപത്തിൽ 107% വളർച്ച
കൊച്ചി: കൊവിഡ് കാലത്ത് നഷ്‌ടമായ ഡിമാൻഡ് രാജ്യത്തെ സ്വർണവിപണി വീണ്ടും തിരിച്ചുപിടിക്കുന്നു. കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സമ്പദ്‌ഞെരുക്കം മൂലം ഈവർഷം ഏപ്രിൽ-ജൂണിൽ വില്പന മുൻവർഷത്തെ സമാനപാദത്തേക്കാൾ 70 ശതമാനം കുറഞ്ഞ് 64 ടണ്ണിൽ ഒതുങ്ങിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ജൂലായ് - സെപ്‌തംബറിൽ വില്പന 86.6 ടണ്ണായി മെച്ചപ്പെട്ടു.
അതേസമയം, മാന്ദ്യം ഇപ്പോഴും പൂർണമായി വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചനയാണ് വേൾഡ് ഗോൾഡ് കൗൺസിൽ നൽകുന്നത്. 2019 സെപ്‌തംബർപാദത്തിൽ മൊത്തം സ്വർണവില്പന 41,300 കോടി രൂപ മതിക്കുന്ന 123.9 ടണ്ണായിരുന്നു. ഇക്കുറി മൂല്യം 39,510 കോടി രൂപയാണ്. സ്വർണാഭരണ വില്പന 101.6 ടണ്ണിൽ നിന്ന് 52.8 ടണ്ണിലേക്ക് കുറഞ്ഞു; ഇടിവ് 48 ശതമാനം.33,850 കോടി രൂപയിൽ നിന്ന് 24,100 കോടി രൂപയായാണ് ആഭരണ വില്പനയിടിവ്; നഷ്‌ടം 29 ശതമാനം.
എന്നാൽ, സ്വർണനിക്ഷേപ മൂല്യം 7,450 കോടി രൂപയിൽ നിന്ന് 107 ശതമാനം ഉയർന്ന് 15,410 കോടി രൂപയായി. നിക്ഷേപ അളവ് 22.3 ടണ്ണിൽ നിന്ന് 33.8 ടണ്ണായി മെച്ചപ്പെട്ടു; വളർച്ച 52 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |