ചെന്നൈ: ആരോഗ്യപ്രശ്നങ്ങൾ കാരണം രാഷ്ട്രീയ പ്രവേശനം നീട്ടിവച്ചിരിക്കുകയാണെന്നും പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ഫാൻസ് അസോസിയേഷനുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും സൂപ്പർ സ്റ്റാർ രജനികാന്ത്.
രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് താരം പിന്മാറുകയാണെന്ന് കാട്ടി രജനിയുടെ പേരിൽ ഒരു കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് രജനി ഇക്കാര്യം വ്യക്തമാക്കിയത്.
കത്ത് വ്യാജമാണെന്നും ട്വീറ്റിൽ പറയുന്നു.
ഇതോടെ അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രജനിയുടെ പാർട്ടി മത്സരരംഗത്തുണ്ടാകുമോയെന്ന കാര്യത്തിൽ അണികൾക്കിടയിൽ ആശങ്ക പടർന്നിട്ടുണ്ട്. നവംബറിൽ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
2016ൽ രജനി യു.എസിൽ വച്ച് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനാൽ കൊവിഡ് കാലത്ത് പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നതിൽ ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് നടന്റെ തീരുമാനമെന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2017ലെ ഫാൻസ് അസോസിയേഷൻ മീറ്റിംഗിനിടെയാണ് രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും തന്റെ പാർട്ടി സ്ഥാനാർത്ഥികളുണ്ടാകുമെന്നും രജനി പറഞ്ഞിരുന്നു. അതിനിടെ ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പും ചില ഉപതിരഞ്ഞെടുപ്പുകളും തമിഴ്നാട്ടിൽ നടന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി. എന്നാൽ, പാർട്ടിയുടെ പേര് പ്രഖ്യാപിക്കാൻ പോലും തലൈവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |