അഞ്ചാം പ്രതിയാക്കി
കൊച്ചി : നയതന്ത്ര സ്വർണക്കടത്തിലെ കള്ളപ്പണക്കേസിൽ അറസ്റ്റിലായ എം. ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഏഴു ദിവസത്തേക്ക് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിൽ വിട്ടു. ചോദ്യംചെയ്യലിന് വ്യവസ്ഥകൾ നിർദ്ദേശിച്ച കോടതി നവംബർ അഞ്ചിന് രാവിലെ 11 മണിയോടെ ഹാജരാക്കാനും ഉത്തരവിട്ടു. ജാമ്യാപേക്ഷയും അന്നു പരിഗണിക്കും.
ശിവശങ്കറിനെ ഇന്നലെ രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്.
അവധി ദിനമായിട്ടും പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കൗസർ എടപ്പഗത്ത് പ്രത്യേക സിറ്റിംഗ് നടത്തിയാണ് കേസ് പരിഗണിച്ചത്.
സ്വർണക്കടത്തിലൂടെ കള്ളപ്പണം സമ്പാദിച്ചെന്ന ഇ.ഡിയുടെ കേസിൽ ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയിട്ടുണ്ട്. പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, ഫൈസൽ ഫരീദ് എന്നിവരാണ് ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾ. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് 14 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടത്. ശിവശങ്കറിന്റെ അഭിഭാഷകൻ ഇതിനെ എതിർത്തു. തുടർന്നാണ് ഏഴു ദിവസം കസ്റ്റഡി അനുവദിച്ചത്.
കസ്റ്റഡിയിൽ മാനസിക പീഡനം നേരിട്ടെന്നും കടുത്ത നടുവേദനയ്ക്കു ചികിത്സയിലിരിക്കെ നിർബന്ധിച്ചു ഡിസ്ചാർജ് ചെയ്യിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നും ശിവശങ്കർ ബോധിപ്പിച്ചു. ഇതും കണക്കിലെടുത്താണ് കോടതി ഉപാധികൾ നിർദ്ദേശിച്ചത്.
ഉപാധികൾ
ചോദ്യം ചെയ്യൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു വരെ മാത്രം
വൈകിട്ട് ആറിനു ശേഷം വിശ്രമം അനുവദിക്കണം
കസ്റ്റഡിയിൽ യാതൊരു പീഡനവും പാടില്ല
അഭിഭാഷകനെ കാണാൻ അനുവദിക്കണം
മൂന്നു മണിക്കൂർ ചോദ്യം ചെയ്യുമ്പോൾ ഒരു മണിക്കൂർ ഇടവേള നൽകണം
വൈദ്യ സഹായം ഉറപ്പാക്കണം
ചോദ്യം ചെയ്യലിനെ ബാധിക്കാതെ നടുവേദനയ്‌ക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കണം
ആറു മണിക്കു ശേഷം വേണമെങ്കിൽ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകാം
ഭാര്യ ഡോ. ഗീത, സഹോദരൻ നാരായണൻ, അനന്തരവൻ അനന്തകൃഷ്‌ണൻ എന്നിവരെ കാണാൻ അനുവദിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |