ബംഗളുരു : ബംഗളുരു ലഹരിമരുന്ന് കേസിൽ മാത്രമല്ല, തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തിലെ കള്ളപ്പണ, ബിനാമി കേസുകളിലും ബിനീഷ് കോടിയേരിക്ക് ഇ.ഡിയുടെ കുരുക്കുണ്ട്. രണ്ടു കേസുകളിലെയും പ്രതികളുമായുള്ള ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇ.ഡിയുടെ പക്കലുണ്ട്.
ബംഗളുരു ലഹരിക്കടത്തിലെ പ്രതി മുഹമ്മദ് അനൂപിനൊപ്പം ഇരുത്തി ബിനീഷിനെ ചോദ്യം ചെയ്ത് കൂടുതൽ ഇടപാടുകൾ കണ്ടെത്താനാണ് ഇ.ഡിയുടെ നീക്കം. അനൂപിന്, സ്വർണക്കടത്ത് പ്രതി കെ.ടി റമീസുമായുള്ള ബന്ധവും ബിനീഷിന് കുരുക്കാണ്. അനൂപിന്റെ ഫോൺവിളി പട്ടികയിൽ റമീസിന്റെ നമ്പർ കണ്ടെത്തിയിരുന്നു. സ്വപ്നാ സുരേഷിന് ബംഗളുരുവിലെ കോറമംഗലയിൽ ഒളിത്താവളമൊരുക്കിയത് അനൂപാണെന്നാണ് സംശയിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ബിനീഷിന്റെ സ്വത്തുവിവരങ്ങൾ കൈമാറാനും സ്വർണക്കടത്തിന്റെ അന്വേഷണം പൂർത്തിയാകും വരെ ബിനീഷിന്റെ ആസ്തികളുടെ കൈമാറ്റം അനുവദിക്കരുതെന്നും രജിസ്ട്രേഷൻ ഐജിയോട് ഇ.ഡി നിർദ്ദേശിച്ചിട്ടുണ്ട്.
ഇ. ഡിയുടെ കുരുക്കുകൾ
യു.എ.ഇ കോൺസുലേറ്റുമായി സാമ്പത്തിക ഇടപാടുകളുള്ള കമ്പനികളുമായുള്ള ബിനീഷിന് ബിനാമി ബന്ധമുണ്ട്. കോൺസുലേറ്റിൽ വിസ സ്റ്റാമ്പിംഗ് കരാർ ലഭിച്ച യു.എ.എഫ്.എക്സ് സൊലൂഷൻസ് കമ്പനി ബിനീഷിന്റെ ബിനാമിയാണ്.
ബി കാപ്പിറ്റൽ ഫിനാൻസ് സർവീസസ്, ബി.ഇ കാപ്പിറ്റൽ ഫോറക്സ് ട്രേഡിംഗ്, ടോറസ് റെമഡീസ്, ബുൾസ് ഐ കോൺസെപ്‌റ്റ്‌സ് എന്നീ കമ്പനികളുമായി ബിനീഷിന് ദുരൂഹബന്ധങ്ങളുണ്ട്. അനധികൃത പണമിടപാടിന് തുടങ്ങിയതാണ് ഈ കമ്പനികൾ. തിരുവനന്തപുരം കേശവദാസപുരത്തെ ഹോട്ടൽ ഉടമയുടെ പേരിലാണ് യു.എ.എഫ്.എക്സ് സൊലൂഷൻസ്. ഹോട്ടലുടമ ബിനീഷിന്റെ ബിനാമിയാണ്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ബിനീഷിന്റെ ഇടപാടുകളുടെ വിവരം ലഭിച്ചു. വിസ സ്‌റ്റാമ്പിംഗ് ഫീസ് ദിർഹത്തിൽ സ്വീകരിക്കുന്ന ഈ കമ്പനി വഴിയാണ് യു.എ.എ സർക്കാരിന്റെ ഏജൻസികൾ കേരളത്തിൽ നടപ്പാക്കിയ പദ്ധതികളുടെ കമ്മിഷനായി ഏഴ് ലക്ഷം രൂപ ലഭിച്ചതെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. 2015 ൽ ബംഗളൂരുവിൽ തുടങ്ങിയ ശേഷം നിലച്ച രണ്ട് മണി എക്‌സ്‌ചേഞ്ച് കമ്പനികളിൽ ബിനീഷിന് സാമ്പത്തിക പങ്കാളിത്തം ഉണ്ട്. ഈ സ്ഥാപനങ്ങൾ വഴി കള്ളപ്പണം വെളുപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |