കൊച്ചി: ഇടത്തരക്കാർക്ക് സ്വന്തം വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ബാങ്ക് ഭവന വായ്‌പാ നിരക്കുകൾ ദശാബ്‌ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരിക്കുന്നു. നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് (സിബിൽ) സ്‌കോർ കൂടിയുണ്ടെങ്കിൽ ഏഴു ശതമാനത്തിന് താഴെ പലിശനിരക്കിൽ വായ്‌പ നേടാം.
ഉത്സവകാലം കൂടി പ്രമാണിച്ച് ചില ബാങ്കുകൾ അധിക പലിശയിളവും പ്രോസസിംഗ് ഫീസിൽ 100 ശതമാനം ഇളവും നൽകുന്നുണ്ട്. 6.7 ശതമാനം മുതലാണ് ഇപ്പോൾ ബാങ്കുകളിൽ ഭവന വായ്‌പാ പലിശ ആരംഭിക്കുന്നത്.
വേണം, നല്ല
ക്രെഡിറ്റ് സ്‌കോർ
300 മുതൽ 900 വരെയാണ് സിബിൽ സ്‌കോർ. 750 നു മുകളിൽ സ്‌കോർ ഉള്ളവർക്കാണ് ബാങ്കുകൾ സാധാരണ വായ്‌പ അനുവദിക്കുക. മുൻകാല വായ്‌പകൾ കൃത്യമായി തിരിച്ചടച്ചവർക്ക് ഉയർന്ന സ്‌കോർ ലഭിക്കും.
സ്ഥിരവരുമാനക്കാർ, ശമ്പള വരുമാനക്കാർ (സർക്കാർ ജോലിക്കാർ ഉൾപ്പെടെ) എന്നിവർക്കാണ് വായ്‌പ ലഭിക്കാൻ സ്വയം തൊഴിലുകാരെക്കാൾ സാദ്ധ്യത കൂടുതൽ.
ഡൗൺ പേമെന്റിനായി കൂടുതൽ തുക വകയിരുത്തുന്നവർക്ക് ഇ.എം.ഐ ഭാരം (പ്രതിമാസ തിരിച്ചടവ് തുക) കുറയും.
ഫിക്‌സഡ്, ഫ്ളോട്ടിംഗ് റേറ്റുകളുണ്ട്. ഇതിൽ ഫ്ലോട്ടിംഗ് റേറ്റ് തിരഞ്ഞെടുക്കുന്നവർക്ക് പിന്നീട് പലിശഭാരം കുറയാൻ സാദ്ധ്യതയുണ്ട്.
കാർ വായ്‌പ:
ശ്രദ്ധിക്കാം ഇക്കാര്യം
വാഹന വായ്‌പ വാങ്ങുമ്പോൾ പലരും തിരിച്ചടവിന് ദീർഘകാല പ്ളാൻ തിരഞ്ഞെടുക്കാറുണ്ട്. പക്ഷേ, അത് ബാദ്ധ്യത കൂട്ടുകയാണ് ചെയ്യുക. ഈ ഉദാഹരണം നോക്കുക:
1. ഷോർട്ട് ടേം വായ്‌പ
വായ്‌പാ തുക: ₹ 8 ലക്ഷം
പലിശനിരക്ക്: 9.5%
തിരിച്ചടവ് കാലാവധി: 4 വർഷം
ഇ.എം.ഐ: ₹ 20,099
മൊത്തം പലിശ ബാദ്ധ്യത: ₹1.64 ലക്ഷം
2. ലോംഗ് ടേം വായ്‌പ
വായ്‌പാ തുക : ₹ 8 ലക്ഷം
പലിശനിരക്ക് : 9.5%
തിരിച്ചടവ് കാലാവധി: 8 വർഷം
ഇ.എം.ഐ: ₹ 11,929
മൊത്തം പലിശ ബാദ്ധ്യത: ₹ 3.45 ലക്ഷം
ഇവിടെ പ്രതിമാസ ഇ.എം.ഐയിൽ ആശ്വാസം ലഭിച്ചെങ്കിലും പലിശബാദ്ധ്യതയായി ചെലവാക്കേണ്ടി വന്നത് നാലു വർഷ കാലാവധിയെക്കാൾ ഇരട്ടിയിലധികം തുകയാണ്. ഹ്രസ്വ കാലാവധി തിരഞ്ഞെടുത്താൽ ഇ.എം.ഐ കൂടും. എന്നാൽ, വായ്‌പാ ബാദ്ധ്യത പെട്ടെന്ന് തീരുകയും പലിശബാദ്ധ്യത കുറയുകയും ചെയ്യും.
എഫ്.ഡി വേണോ
അതോ...?
ഭാവിയിലേക്ക് പണം കരുതാനും മികച്ച റിട്ടേൺ നേടാനുമായി കൂടുതൽ പേരും ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയാണ് (എഫ്.ഡി) ആശ്രയിക്കുന്നത്. എന്നാൽ, റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കുറച്ചതിനാൽ എഫ്.ഡി പലിശകൾ ഇപ്പോൾ ആറു ശതമാനത്തിനും താഴെയാണ്. ഈ സാഹചര്യത്തിലും മികച്ച റിട്ടേൺ ലഭിക്കുന്ന മറ്റ് നിക്ഷേപങ്ങൾ നോക്കാം:
ചെറു ബാങ്ക് എഫ്.ഡി: സ്മാൾ ഫിനാൻസ് ബാങ്കുകൾ ഇപ്പോഴും 8.5- 9 ശതമാനം വരെ പലിശനിരക്ക് എഫ്.ഡിക്ക് നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് 0.5 ശതമാനം അധിക പലിശ ലഭിക്കും.
ചെറുകിട സമ്പാദ്യപദ്ധതികൾ: പോസ്‌റ്റ് ഓഫീസ് മുഖേന നടപ്പാക്കുന്ന ഒട്ടേറെ ചെറുകിട സമ്പാദ്യ പദ്ധതികളുണ്ട്. ബാങ്ക് എഫ്.ഡിയേക്കാൾ മികച്ച പലിശയുണ്ട് എന്നതിനാൽ ഏറെ ആകർഷകവുമാണ് ഇവ. പലിശ ഇങ്ങനെ :
1. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം: 7.4%
2. സുകന്യ സമൃദ്ധി: 7.6%
3. പബ്ളിക് പ്രൊവിഡന്റ് ഫണ്ട് : 7.1%
4. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് : 6.8%
5. പോസ്‌റ്റ് ഓഫീസ് പ്രതിമാസ ഇൻകം സ്‌കീം: 6.6%
6. കിസാൻ വികാസ് പത്ര: 6.9%
7. റെക്കറിംഗ് നിക്ഷേപം: 5.6%
മ്യൂച്വൽഫണ്ടും
എഫ്.ഡിയും
ഇക്കാലത്തെ ഏറ്റവും മികച്ച നിക്ഷേപ മാർഗമായാണ് മ്യൂച്വൽ ഫണ്ടുകളെ കാണുന്നത്. പ്രതിമാസം 500 രൂപ മുതൽ നിക്ഷേപിക്കാവുന്ന സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പ്ളാൻ (എസ്.ഐ.പി) മ്യൂച്വൽ ഫണ്ടിലുണ്ട്.
എഫ്.ഡി: നിലവിൽ ശരാശരി ബാങ്ക് എഫ്.ഡി പലിശനിരക്ക് 5- 6 ശതമാനമാണ്. ഇപ്പോൾ നിക്ഷേപിക്കുന്ന തുക ഇരട്ടിയാകാൻ ഈ പലിശനിരക്ക് പ്രകാരം വേണ്ടത് 14 വർഷമാണ്.
മ്യൂച്വൽഫണ്ട് : കഴിഞ്ഞവർഷത്തെ ശരാശരി റിട്ടേൺ 8.5 ശതമാനമാണ്. ഇതുപ്രകാരം കണക്കാക്കിയാൽ നിങ്ങൾ ഇപ്പോൾ നിക്ഷേപിക്കുന്ന തുക ഇരട്ടിയാകാൻ വേണ്ടത് 8.4 വർഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |