കൈയിൽ 'ലാവിഷ്' കാശുണ്ടായിരുന്നെങ്കിൽ ഏത് ആഗ്രഹവും സാധിക്കാമായിരുന്നു എന്നു ചിന്തിക്കുന്നവരാണ് അധികം. ഒന്നാന്തരം വീട്, മുന്തിയ ഇനം കാർ, ബൈക്ക്, കൂടിയ മൊബൈൽ ഫോൺ, വില കൂടിയ ബ്രാൻഡഡ് വസ്‌ത്രങ്ങൾ, പഞ്ചനക്ഷത്ര ഭക്ഷണം, വിനോദയാത്രകൾ.... ആഗ്രഹങ്ങൾ ധാരാളം.
പക്ഷേ, ഇതിനൊക്കെ പണം വേണ്ടേ? ഒരുപാട് സമ്പാദിച്ചതുകൊണ്ടു മാത്രം കാര്യമില്ല- ചെലവാക്കുന്നത് ബുദ്ധിപൂർവകമായിട്ടല്ലെങ്കിലോ! സമ്പാദിച്ചത് വെറുതെയാകും. കൈയിൽ ആവശ്യത്തിന് പണമുണ്ടെന്നു കരുതി ധൂർത്തടിച്ചാൽ, അടിയന്തര ആവശ്യം വരുമ്പോൾ കടം വാങ്ങേണ്ട അവസ്ഥയും വരും!
സൂക്ഷിച്ച് ചെലവഴിക്കുകയും സമ്പാദ്യം ഉറപ്പാക്കുകയും ചെയ്യുകയെന്ന സന്ദേശമാണ് ലോക സമ്പാദ്യ (മിതവ്യയ) ദിനത്തിന്റേത്.
വരുമാനത്തിന് അനുസൃതമായി ചെലവുകൾ നിയന്ത്രിക്കുകയും മികച്ച മാർഗങ്ങളിലൂടെ ഭാവിയിലേക്കായി പണം കരുതലായി (സേവിംഗ്സ്) സൂക്ഷിക്കുകയും ചെയ്യുക.
എന്തിനാണ് പണം
സേവ് ചെയ്യുന്നത് ?
കിട്ടുന്ന പണമെല്ലാം അതേപടി ചെലവാക്കിയാൽ, ഭാവിയിൽ അടിയന്തര ആവശ്യം വരുമ്പോൾ ജീവിതത്തിന്റെ താളം തെറ്റും. അതുകൊണ്ട് വരുമാനത്തിന്റെ ഒരു പങ്ക് രോഗചികിത്സകൾ, മക്കളുടെ വിവാഹം എന്നിവ ഉൾപ്പെടെ ഭാവിയിലെ ആവശ്യങ്ങൾക്കായി കരുതിവച്ചേ മതിയാകൂ.
എങ്ങനെ
സേവ് ചെയ്യാം?
വരുമാനത്തിന് അനുസൃതമായി പണം സേവ് ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. പ്രധാനമായും ശ്രദ്ധിക്കേണ്ടത്, പ്രതീക്ഷിക്കുന്ന വരുമാനം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കി ബഡ്‌ജറ്റ് തയ്യാറാക്കുക എന്നതാണ്.
വീട്ടുസാധനങ്ങൾ വാങ്ങുന്നതിനുള്ള പണം മാറ്റിവയ്ക്കുക
വിവിധ വായ്‌പാ തിരിച്ചടവ്, ബിൽ പേമെന്റുകൾ എന്നിവയ്ക്കായി പണം വകയിരുത്തുക
ഭാവിയിലെ ആവശ്യങ്ങൾക്കായി (ഉദാഹരണം: കാർ വാങ്ങൽ) ഒരു വിഹിതം മാറ്റിവയ്ക്കുക
റിട്ടയർമെന്റ് കാലം ആസ്വാദ്യമാക്കാനുള്ള പണം നീക്കിവയ്ക്കുക (ഇതിനായി, എഫ്.ഡി, മ്യൂച്വൽഫണ്ടുകൾ ഉൾപ്പെടെയുള്ള നിക്ഷേപ പദ്ധതികൾ പ്രയോജനപ്പെടുത്താം)
ആഗ്രഹം
സാധിക്കാൻ
ഭാവിയിലേക്കുള്ള ആഗ്രഹം സാധിക്കാനുള്ള പണം ഇപ്പോഴേ കരുതിയാലോ? ഉദാഹരണത്തിന്, നിങ്ങൾ ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നു. അതിനായി വായ്‌പയെടുക്കണം. പ്രതിമാസ തിരിച്ചടവ് 5,000 രൂപ എന്നിരിക്കട്ടെ; നിങ്ങൾ ഇപ്പോൾ കാർ വാങ്ങുന്നില്ലെങ്കിലും ഓരോ മാസവും വരുമാനത്തിൽ നിന്ന് 5,000 രൂപ മാറ്റിവയ്ക്കുക. ഇതു പിന്നീട്, കാർ വാങ്ങുമ്പോൾ വലിയ ആശ്വാസമാകും.
നിയന്ത്രിച്ച്
ചെലവിടാം
ചെലവ് നിയന്ത്രിക്കാൻ കഴിയാത്തതാണ് സേവിംഗ്‌സിന് പണം തികയുന്നില്ലെന്ന പലരുടെയും പരാതിക്കും ആധിക്കും പ്രധാന കാരണം. 10,000 രൂപയുമായി കടയിൽ പോയാൽ 12,000 രൂപയുടെ സാധനങ്ങൾ വാങ്ങും! കൈയിലുള്ള കാശും തീർന്നു; കടക്കെണിയിലുമായി! ഈ സ്ഥിതി ഒഴിവാക്കാൻ മാർഗമുണ്ട്. കടയിലേക്കു പുറപ്പെടുന്നതിനു മുമ്പ്, വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. അനാവശ്യച്ചെലവ് ഒഴിവാക്കാം, പണവും ലാഭിക്കാം.
സേവിംഗ്സിന്
കുറുക്കുവഴി
ഭാവിയിലെ അടിയന്തര ആവശ്യങ്ങൾക്ക് പണത്തിന്റെ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനും പണം സേവ് ചെയ്യാനും ഒരുപാട് വഴികളുണ്ട്. ചിലത് നോക്കാം:
ആരോഗ്യ ഇൻഷ്വറൻസ് : ഭാവിയിൽ അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന ചികിത്സാ ചെലവുകൾക്ക് ഇൻഷ്വറൻസ് വലിയ ആശ്വാസമാകും.
പൊതുഗതാഗതം: തൊഴിലിടങ്ങളിലേക്കും മറ്റുമുള്ള പതിവുയാത്രകൾക്ക് പൊതുഗതാഗതം ഉപയോഗിക്കുക.
ഫോൺ ബിൽ: പലതരം പാക്കേജുകൾ ടെലികോം കമ്പനികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്; നമുക്ക് അനിവാര്യമായത് തിരഞ്ഞെടുക്കുക. കഴിയുമെങ്കിൽ പ്രീ- പെയ്ഡ് പ്ളാൻ ഉപയോഗിക്കുക.
ഓൺലൈനിലേക്ക് മാറാം: സാധനങ്ങൾ വാങ്ങാൻ കഴിവതും ഇ- കൊമേഴ്‌സ് പ്ളാറ്റ്‌ഫോമുകളെ ആശ്രയിക്കുക. അവിടെ ഉത്‌പന്നങ്ങൾ റേറ്റിംഗ് നോക്കി താരതമ്യം ചെയ്‌ത് വാങ്ങാം. ഡിജിറ്റൽ വാലറ്റുകളിൽ നിന്ന് പേമെന്റ് നടത്തുമ്പോൾ കാഷ് ബാക്ക് ഉൾപ്പെടെ നേട്ടങ്ങളും ലഭിക്കും.
വൈദ്യുതി ബില്ല് കുറയ്ക്കാനായി വീടുകളിലും സ്വന്തം സ്ഥാപനങ്ങളിലും മറ്റും എൽ.ഇ.ഡി/ സി.എഫ്.എൽ ലൈറ്റുകൾ ഉപയോഗിക്കുക.
ദുശ്ശീലങ്ങൾ വേണ്ട : മദ്യം, പുകയില എന്നിവയ്ക്കായി പലരും വൻതുക ചെലവാക്കുന്നുണ്ട്. ഇതൊഴിവാക്കുക.
ലാഭത്തിന്റെ
കണക്കുകൾ
ചെലവ് നിയന്ത്രിക്കുമ്പോൾ നമുക്ക് പ്രതീക്ഷിക്കാവുന്ന നേട്ടങ്ങളിൽ ചിലതു കൂടി നോക്കാം:
നിലവിൽ ഫോൺ റീചാർജ് ചെലവ് 400 രൂപ എന്നിരിക്കട്ടെ, അടുത്ത തവണ 350 രൂപയുടെ പായ്ക്ക് വാങ്ങുക. 50 രൂപ ലാഭിക്കാം.
സ്വന്തം വണ്ടി ഉപയോഗിക്കുമ്പോൾ പ്രതിമാസ ചെലവ് 4,500 രൂപ; പൊതുഗതാഗതം ഉപയോഗിച്ചാൽ 3,000 രൂപ: ലാഭം 1,500 രൂപ.
സൂപ്പർമാർക്കറ്റിൽ ചെലവാക്കുന്നത് 2,000 രൂപ; ലിസ്‌റ്റുമായി ചെന്നപ്പോൾ ചെലവ് 1,500 രൂപ : ലാഭം 500 രൂപ.
വിശേഷാവസരങ്ങളിൽ ബന്ധുവിനോ സുഹൃത്തിനോ ഉപഹാരം കൊടുക്കുന്നത് 500 രൂപ. അടുത്തതവണ 400 കൊടുത്താൽ മതി: ലാഭം 100 രൂപ.
മദ്യം ഉൾപ്പെടെയുള്ള ദുശ്ശീലങ്ങൾക്ക് ചെലവാക്കുന്നത് മാസം 2,000 രൂപ. ഇവ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്‌താൽ : വലിയ നേട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |