പാലാ: പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയായ ചെറുപുഷ്പം ഫിലിംസ് ഉടമയും പാലായിലെ ആദ്യകാല വ്യാപാരിയുമായ ജോസഫ് ജെ. കക്കാട്ടിൽ (ചെറുപുഷ്പം കൊച്ചേട്ടൻ -86) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചേർപ്പുങ്കൽ മാർസ്ലീവാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരശുശ്രൂഷകൾ നാളെ മൂന്നിന് ഭവനത്തിൽ ആരംഭിച്ച് നാലിന് കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും. ഭാര്യ : പരേതയായ അന്നക്കുട്ടി (തൊടുപുഴ വലിയമരുതുങ്കൽ കുടുംബാംഗം). മക്കൾ: മോളി, പരേതയായ വത്സമ്മ, റോസമ്മ, മേഴ്‌സി, കുഞ്ഞുമോൻ. മരുമക്കൾ: പരേതനായ ഡോ. ജോസി മാളിയേക്കൽ (എറണാകുളം), ജോയ് മാളിയേക്കൽ (പാലാ), വിൽസൺ നിരപ്പേൽ (തൊടുപുഴ), സണ്ണി പുത്തോക്കാരൻ (എറണാകുളം), ജ്യോതി ചെറക്കേക്കാരൻ (തൃശൂർ). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിലെത്തിക്കും.
പാലായിലെ പ്രമുഖ വ്യാപാരിയായിരുന്ന കൊച്ചേട്ടൻ 1975ലാണ് സിനിമാരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1975ൽ പുറത്തിറങ്ങിയ 'അനാവരണ"മാണ് ചെറുപുഷ്പം ഫിലിംസിന്റെ ആദ്യ മലയാള ചിത്രം. 1977ൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാറായി മാറിയ ശ്രീദേവി, മധു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ചെറുപുഷ്പം ഫിംലിംസ് നിർമ്മിച്ച 'ആ നിമിഷം' വലിയ വിജയം നേടി. അടുത്തവർഷം (1978) കമൽഹാസൻ, മധു, ഷീല, സീമ എന്നിവരെ കഥാപാത്രങ്ങളാക്കി എത്തിയ 'ഈറ്റ'യും വൻവിജയം കണ്ടു. തുടർന്ന് നിദ്ര (1981), വീട് (1982), ഹിമവാഹിനി (1983), മൗനനൊമ്പരം (1985), ഇതിലെ ഇനിയും വരൂ (1986), അനുരാഗി (1988), പാവം പാവം രാജകുമാരൻ എന്നീ ഹിറ്റുകളും മലയാള സിനിമക്ക് സമ്മാനിച്ചു. 'നാടൻ പെണ്ണും നാട്ടുപ്രമാണിയും' എന്ന സിനിമയാണ് അവസാനമായി മലയാളത്തിൽ നിർമ്മിച്ചത്.
ദക്ഷിണേന്ത്യയിലെ പ്രധാന നിർമ്മാതാക്കളായിരുന്ന സൂപ്പർഗുഡുമായി ചേർന്ന് 8 സിനിമകളാണ് ചെറുപുഷ്പം ഫിലിംസ് പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ ഡിജിറ്റൽ വിപ്ലവമായ യുണൈറ്റഡ് ഫിലിം ഓർഗനൈസേഷന്‍ (യു.എഫ്.ഒ) എന്ന സാറ്റലൈറ്റ് സിനിമാ റിലീസ് സംവിധാനം എന്ന ആശയം മലയാളക്കരയിൽ ആദ്യ മൂന്ന് വർഷക്കാലം നടപ്പിലാക്കിയതും ചെറുപുഷ്പം ഫിലിംസ് വഴിയായിരുന്നു. കൊച്ചി ഉദയംപേരൂരിൽ അഞ്ചേക്കറിലുള്ള ചെറുപുഷ്പം സ്റ്റുഡിയോ അടുത്തകാലം വരെ സിനിമാ കേന്ദ്രമായിരുന്നു.
സിനിമയുടെ പാലായിലെ കേന്ദ്രമായാണ് കൊച്ചേട്ടന്റെ പുലിയന്നൂരിലുള്ള വസതി അറിയപ്പെട്ടിരുന്നത്. നിരവധി സിനിമകളിലും ഈ വീട് കഥാപാത്രമായിട്ടുണ്ട്. നിത്യഹരിതനായകൻ പ്രേംനസീർ, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, മധു, സുകുമാരൻ, സുരേഷ്‌ഗോപി, ജയറാം, ശ്രീനിവാസൻ, ജഗതി, ഷീല, ജയഭാരതി, ശ്രീദേവി, സീമ, രമ്യാകൃഷ്ണൻ, കെ.പി.എസ്.സി ലളിത, മേനക, ഉർവശി തുടങ്ങി നിരവധി അഭിനയിക്കാനെത്തിയ ചലച്ചിത്ര താരങ്ങൾ ആഴ്ചകളോളം കൊച്ചേട്ടന്റെ അതിഥികളായി പുലിയന്നൂരിലെ വീട്ടിൽ ഒത്തുകൂടിയിട്ടുണ്ട്. കൂടാതെ എ.വിൻസെന്റ്, ഐ.വി. ശശി, ഭരതൻ, പി.ജി. വിശ്വംഭരൻ, ശശികുമാർ, കമൽ തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിനായി.
പാലായിലെ ചെറുപുഷ്പം ചാരിറ്റബിൾ ഹോസ്പിറ്റൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി, ടെക്‌സ്‌റ്റൈൽസ് വ്യാപാരം, ഹോം അപ്ലയൻസ് തുടങ്ങിയ മേഖലയിലേക്കും അദ്ദേഹം ശ്രദ്ധതിരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |