ന്യൂഡൽഹി:ഇന്ത്യൻ കരസേന സ്വന്തം ഉപയോഗത്തിന് വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ - സായി (സെക്യൂർ ആപ്ലിക്കേഷൻ ഫോർ ദ ഇന്റർനെറ്റ് ) നിലവിൽ വന്നു.വാട്സാപ്പ് മാതൃകയിൽ ശബ്ദ സന്ദേശങ്ങളും ടെക്‌സ്റ്റ് സന്ദേശങ്ങളും അയയ്‌ക്കാനും വിഡിയോ കാളുകൾ നടത്താനും കഴിയുന്നതാണ് ആപ്ലിക്കേഷൻ.ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച ആപ്പ് അതീവ സുരക്ഷിതമാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.രാജസ്ഥാനിലെ സിഗ്നൽസ് യൂണിറ്റ് കമാൻഡിംഗ് ഓഫീസർ കേണൽ സായി ശങ്കർ ആണ് ആപ്പിന്റെ പ്രാഥമിക രൂപം തയ്യാറാക്കിയത്. അത് പിന്നീട് ആർമി സൈബർ ഗ്രൂപ്പും സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും (സെർട്ട് ) ചേർന്ന് പരിഷ്‌കരിക്കുകയായിരുന്നു.
ചൈനീസ് ആപ്പ് നിരോധിച്ചതിന് പിന്നാലെ
കഴിഞ്ഞ ജൂലായിൽ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിന് പിന്നാലെയാണ് സേന സ്വന്തം ആപ്പ് വികസിപ്പിക്കാൻ തുടങ്ങിയത്. ഇവ ഉൾപ്പെടെ 89 ആപ്ലിക്കേഷനുകൾ സേനയിലും നിരോധിച്ചിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക്, പബ് ജി, സൂം തുടങ്ങിയ ആപ്ലിക്കേഷനുകൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ സൈനികർക്ക് ഉത്തരവ് നൽകുകയും ചെയ്‌തിരുന്നു. ഔദ്യോഗിക രഹസ്യങ്ങൾ ചോരുന്നത് തടയുകയായിരുന്നു ലക്ഷ്യം. വ്യക്തിഗത ആവശ്യങ്ങൾക്കും സൈനികർ ഈ ആപ്പുകൾ ഉപയോഗിക്കുന്നത് വിലക്കി. സൈനിക താവളങ്ങളിലും ഡോക്ക്യാർഡുകളിലും മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നതും തടഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |