തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ തിരുവനന്തപുരം നഗരസഭയിലെ സുപ്രധാനമായ റവന്യൂ വിഭാഗം സ്തംഭനാവസ്ഥയിൽ. പുതിയ വീടിന് കരം നിശ്ചയിച്ച് കൊടുക്കുക, വീടിന്റെ ഉടമസ്ഥാവകാശം, കൂട്ടിച്ചേർക്കലിന് അനുവാദം നൽകുക (പെർമിറ്റ്) തുടങ്ങി നഗരവാസികൾക്ക് ഏറ്റവും പ്രയോജനപ്രദമാകേണ്ട വിഭാഗമാണ് രണ്ട് മാസമായി പ്രവർത്തനം നിലച്ച നിലയിൽ തുടരുന്നത്. പാവപ്പെട്ടവർക്ക് വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാകുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ പി.എം.എ വൈ (പ്രധാനമന്ത്രി ആവാസ് യോജന) പ്രകാരമുള്ള അപേക്ഷകൾ പോലും യാതൊരു പരിഗണനയും നൽകാതെ ഉദ്യോഗസ്ഥരുടെ മേശയ്‌ക്ക് അകത്തും പുറത്തുമായി കെട്ടികിടക്കുകയാണ്.
റവന്യൂ ഇൻസ്‌പെക്‌ടർ എഴുതി വിടുന്ന അപേക്ഷകളാണ് ഇത്തരത്തിൽ ചില ഉദ്യോഗസ്ഥരുടെ അലസതയും കെടുകാര്യസ്ഥതയും കാരണം മുടങ്ങിക്കിടക്കുന്നത്. സേവനാവകാശ നിയമപ്രകാരം, പുതിയ വീടിന് കരം നിശ്ചയിച്ച് നൽകാനുള്ള സമയപരിധി 15 ദിവസമാണ്. ഉടമസ്ഥവകാശം മാറ്റുന്നതിന് ഏഴ് ദിവസവും. എന്നാൽ മാസങ്ങൾ കഴിഞ്ഞാലും റവന്യൂ വിഭാഗത്തിൽ നിന്ന് ഈ ഫയലുകൾ നീങ്ങില്ല. നിലവിലുള്ള വീടിനോട് ചേർന്ന് കൂട്ടിച്ചേർക്കൽ നിർമ്മാണങ്ങൾക്കുള്ള അപേക്ഷകളിൽ ചിലത് ഏഴ് മാസത്തിലധികമായി ശാപമോക്ഷത്തിനായി കാത്തുകിടക്കുകയാണ്. എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്ന് വെരിഫിക്കേഷൻ കഴിഞ്ഞ് പോകുന്ന ഫയലുകൾക്കാണ് സൂപ്രണ്ടിന്റെയും മറ്റുചില ഉദ്യോഗസ്ഥരുടെയും ശ്രദ്ധക്കുറവ് മൂലം ഈ ഗതി.
കെട്ടികിടക്കുന്ന അപേക്ഷകളുടെ എണ്ണം ഇങ്ങനെ
പുതിയ വീടുകൾക്ക് കരം തീർത്തുനൽകുന്നതിന്- 182
ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിന്- 102
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അപേക്ഷകൾ- 82
കൂട്ടിച്ചേർക്കൽ നിർമ്മാണങ്ങൾക്കുള്ള അപേക്ഷകൾ- 68
ഇതിൽ പല ഫയലുകളും കാണാനില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്. അന്വേഷിച്ചു ചെല്ലുന്നവർക്ക് മുട്ടാപോക്ക് ന്യായമാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്നത്. ആറുമാസം മുമ്പ് കൊടുത്ത ഫയലുകൾ പോലും ഇനിയും കിട്ടിയിട്ടില്ലത്രേ.
ഫയലുകളുടെ സഞ്ചാരവഴി
കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ റവന്യൂ ഇൻസ്‌പെക്‌ടർ എഴുതി വിടുന്ന ഫയൽ ബന്ധപ്പെട്ട സെക്ഷൻ ക്ളാർക്ക് സൂപ്രണ്ടിന്റെ പരിഗണനയ‌്ക്കായി നൽകുന്നു. സൂപ്രണ്ടിന്റെ പരിശോധനകൾക്ക് ശേഷം ഫയൽ, അസിസ്‌റ്റന്റ് റവന്യൂ ഓഫീസറിലേക്ക് പോകും, തുടർന്ന് റവന്യൂ ഓഫസറുടെ മേശപ്പുറത്തും. എന്നാൽ സൂപ്രണ്ടിന്റെ 'കനിവ്' ഫയലിന് ലഭിക്കണമെങ്കിൽ കുറഞ്ഞത് ഒരു മാസം എങ്കിലും വേണം എന്നതാണ് തിരുവനന്തപുരം കോർപ്പറേഷിലെ നിലവിലെ അവസ്ഥ.
തടിതപ്പുന്നത് തിരഞ്ഞെടുപ്പ് ക്ളാസ് എന്ന ന്യായം പറഞ്ഞ്
തിരഞ്ഞെടുപ്പ് ക്ളാസിന് പോകണമെന്ന ന്യായം പറഞ്ഞാണ് ഉദ്യോഗസ്ഥർ കൃത്യവിലോപത്തെ ന്യായീകരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ തിരഞ്ഞെടുപ്പ് ക്ളാസുകളെ സംബന്ധിക്കുന്ന ഉത്തരവുകളൊന്നും ഔദ്യോഗികമായി ഇറങ്ങിയിട്ടുമില്ല. കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ തുടരുന്നുണ്ടെങ്കിലും 95 ശതമാനം ജീവനക്കാരും ഇപ്പോൾ ഹാജരാകുന്നുണ്ട്. എന്നാൽ ഇതിന്റെ പ്രയോജനം ലഭിക്കേണ്ട പാവം ജനത്തിന് കോർപ്പറേഷൻ ഓഫീസിന്റെ പടികൾ കയറിയിറങ്ങാം എന്നല്ലാതെ മറ്റു ഗുണങ്ങളൊന്നുമില്ല എന്നുതന്നെ പറയേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |