ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിന് ഇപ്പോഴും വെളിച്ചം പകരുന്ന സഹസ്ര കിരണങ്ങളുള്ള അസ്തമനമില്ലാത്ത സൂര്യനാണ് ആർ. ശങ്കർ. സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുദേവ വചനത്തെ സർഗ്ഗാത്മകമായി പ്രായോഗികവൽക്കരിച്ച ഉജ്ജ്വലനായ സംഘാടകൻ. അധികാരം സവർണന്റേതാണെന്ന സങ്കല്പത്തെ പൊളിച്ചടുക്കി കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലെത്തിയ ആദ്യത്തെ പിന്നാക്കക്കാരൻ. ആത്മസമർപ്പണത്തിലൂടെ എതിരാളികൾക്ക് മറുപടി നൽകിയ കർമ്മധീരൻ. ശങ്കർ സാറിന്റെ ജീവിതം കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ മുന്നേറ്റത്തിന്റെ ചരിത്രം കൂടിയാണ്. അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മായ്ഞ്ഞിട്ട് ഇന്ന് 48 സംവത്സരം പിന്നിടുകയാണ്.
കുതികാൽ വെട്ടിയിട്ടും വീഴാത്ത രാഷ്ട്രീയക്കാരൻ
1960ലെ പൊതുതിരഞ്ഞെടുപ്പ്. ആർ. ശങ്കറാണ് അന്ന് കെ.പി.സി.സി പ്രസിഡന്റ്, ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കോൺഗ്രസ് മത്സരിച്ച് 80ൽ 63 സീറ്റിലും ജയിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിലുശള്ള ഐക്യമുന്നണിക്ക് 94 സീറ്റ് കിട്ടി. ശങ്കർ സർ കണ്ണൂരിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. കോൺഗ്രസ് പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി അദ്ദേഹത്തെ ഐക്യകണ്ഠേന തിരഞ്ഞെടത്തു. ശങ്കർ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. പക്ഷെ കോൺഗ്രസിലെ നായർ, ക്രിസ്ത്യൻ ഗ്രൂപ്പുകൾ ഇതിനെതിരെ കരുനീക്കം തുടങ്ങി. കോൺഗ്രസിലെ സവർണ ലോബിക്ക് സ്വന്തം പാർട്ടിക്കാരൻ മുഖ്യമന്ത്രിയാകുന്നതിനെക്കാൾ താല്പര്യം പി.എസ്.പിക്കാരനായിരുന്ന പട്ടം താണുപിള്ളയോടായിരുന്നു. അന്നത്തെ ഐക്യമുന്നണിയിൽ 18 സീറ്റെ പി.എസ്.പിക്ക് ഉണ്ടായിരുന്നുള്ളു. പക്ഷെ പിന്നാക്കക്കാരൻ മുഖ്യമന്ത്രിയാകുന്നത് പലർക്കും അംഗീകരിക്കാനായില്ല. അങ്ങനെ 18 എം.എൽ.എ മാരുള്ള പാർട്ടിയുടെ നേതാവ് മുഖ്യമന്ത്രിയായി. 63 എം.എൽ.എ മാരുള്ള കോൺഗ്രസിന്റെ നേതാവായ ആർ. ശങ്കറിന് ഡെപ്യൂട്ടി മുഖ്യമന്ത്രിയായി ചുരുങ്ങേണ്ടി വന്നു. പിന്നീട് പട്ടംതാണുപിള്ള പഞ്ചാബ് ഗവർണറായി പോയപ്പോഴാണ് 1963ൽ ശങ്കർ മുഖ്യമന്ത്രിയാകുന്നത്. പക്ഷെ അധികകാലം ആ കസേരയിൽ തുടരാൻ അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെ അനുവദിച്ചില്ല. പ്രതിപക്ഷത്തെക്കാൾ ശക്തമായ എതിർപ്പ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത് സ്വന്തം പാർട്ടിക്കാരിൽ നിന്നായിരുന്നു. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായിട്ടും തളരാതെ അദ്ദേഹം യോഗത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുകയായിരുന്നു.
ആർ. ശങ്കറിന് ശേഷം നമുക്കെന്ത് കിട്ടി
ആർ. ശങ്കറിന് ശേഷം ഈഴവ സമുദായത്തിന് അധികാര കേന്ദ്രങ്ങളിൽ നിന്നും എന്ത് കിട്ടി? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ആർ. ശങ്കറിനെ അധ:സ്ഥിതരുടെ സൂര്യനാക്കുന്നത്. ആർ.ശങ്കറിന് ശേഷം കേരളത്തിലെ പ്രധാന അധികാര സ്ഥാനങ്ങളിൽ ഒറ്റപ്പെട്ടെങ്കിലും പിന്നാക്ക വിഭാഗക്കാർ എത്തിയിട്ടുണ്ട്. പക്ഷെ സമുദായത്തോട് ശങ്കർ കാട്ടിയ ആത്മാർത്ഥത അവരിൽ നിന്ന് ഉണ്ടായിട്ടില്ല. ആർ. ശങ്കർ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ നിരവധി സ്ഥാപനങ്ങളാണ് എസ്.എൻ.ഡി.പി യോഗത്തിനും എസ്.എൻ ട്രസ്റ്റിനും നൽകിയത്. അതിന് വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് കേൾക്കേണ്ടി വന്നു. മറ്റ് സമുദായങ്ങൾക്ക് അർഹമായത് ഞാൻ നൽകുന്നു. ഒപ്പം എന്റെ സമുദായത്തിന് അർഹതപ്പെട്ടത് ഞാൻ എഴുതിയെടുക്കുന്നു. ഇതായിരുന്നു വിമർശനങ്ങൾക്ക് ശങ്കറിന്റെ മറുപടി. ആർ. ശങ്കറിന് മുൻപും പിൻപും സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത് ന്യൂനപക്ഷ വിഭാഗങ്ങളാണ്. അവർ സ്വന്തം വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആനുകൂല്യങ്ങളും നൽകി. ന്യൂനപക്ഷ - സവർണ വിഭാഗങ്ങൾ വിദ്യാഭ്യാസത്തിലും സമ്പത്തിലും മുന്നേറുന്നു. ഭരണക്കാർ ഈഴവ സമുദായത്തെ ക്രൂരമായി തഴയുന്നു. ഈ അവഗണനയാണ് ചരിത്രത്തിലും വർത്തമാനകാലത്തും ആർ. ശങ്കറിനെ പ്രസക്തനാക്കുന്നത്.
ശങ്കറിന് മുൻപും പിൻപും
ആർ. ശങ്കർ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി സ്ഥാനമേൽക്കുമ്പോൾ ജനംസംഖ്യയിൽ മുന്നിലുള്ള ഈഴവ സമുദായം അന്ന് സാക്ഷരതയിൽ 17ാം സ്ഥാനത്തായിരുന്നു. ഈ പോരായ്മ പരിഹരിക്കാനാണ് യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ കൂടുതൽ പരിശ്രമിച്ചത്. അദ്ദേഹം സ്ഥാനമേൽക്കുമ്പോൾ യോഗത്തിന് അഞ്ച് മിഡിൽ സ്കൂളികൾ മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ നായർ, ക്രിസ്ത്യൻ സമുദായങ്ങൾ നിരവധി സ്കൂളുകൾക്ക് പുറമേ കോളേജുകളും അന്ന് ആരംഭിച്ചിരുന്നു. സർക്കാർ നിയന്ത്രണത്തിൽ അന്നുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസത്തിൽ മുന്നേറിയത് സവർണ വിഭാഗക്കാരായിരുന്നു ഈ പോരായ്മ മനസിലാക്കിയാണ് ആർ. ശങ്കർ കൊല്ലം എസ്.എൻ കോളേജ് സ്ഥാപിച്ചത്. തൊട്ടുപിന്നാലെ കൊല്ലം എസ്.എൻ വനിതാ കോളേജ് അടക്കം 11 കോളേജുകൾ കൂടി ആരംഭിച്ചു.
ആർ.ശങ്കറിന്റെ കാലത്ത് ആരംഭിച്ച കോളേജുകൾ: 12
പിന്നീടിതുവരെ ലഭിച്ച എയ്ഡഡ് കോളേജുകൾ :3
ആർ. ശങ്കറിനെ വേട്ടയാടിയ ഭൂതങ്ങൾ ഇപ്പോഴും
ഒന്നുമില്ലാതിരുന്ന സമുദായത്തിന് 12 കോളേജുകൾ സമ്മാനിച്ചു. അവിടങ്ങളിൽ പതിനായിരക്കണക്കിന് കുട്ടികൾക്ക് പഠിക്കാൻ അവസരമൊരുക്കി. അദ്ധ്യാപകരും അനദ്ധ്യാപകരും അടക്കം നൂറ് കണക്കിന് പേർക്ക് തൊഴിൽ ലഭിച്ചു. എസ്.എൻ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് ശങ്കേഴ്സ് ആശുപത്രി ആരംഭിച്ചു. യോഗത്തിനും ട്രസ്റ്റിനും ഒപ്പം ജനമനസുകളിൽ ആർ. ശങ്കർ ഒരു വിഗ്രഹമായി വളർന്നു. ഇത് സഹിക്കാത്ത ഒരുകൂട്ടമാളുകൾ അദ്ദേഹത്തിനെതിരെ കുപ്രചരണവുമായി ഇറങ്ങി. കൊല്ലം എസ്.എൻ കോളേജ് ആരംഭിക്കാൻ ശ്രമിച്ചപ്പോൾ സി.പിയുടെ ചെരുപ്പ് നക്കിയെന്ന് പറഞ്ഞ് ആക്ഷേപിച്ചു. കുപ്രചരണങ്ങൾക്ക് മുന്നിൽ ശങ്കർ സർ മുട്ടുമടക്കിയില്ല. അവരുടെ പിന്മുറക്കാർ അർ. ശങ്കറിന്റെ പേരിലുള്ള കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രിയെ കോടതികളിൽ കേസുകൾ നൽകി ഇല്ലാതാക്കാൻ ശ്രമിക്കുന്നു. കോടതികളിൽ കയറിയിറങ്ങി യോഗത്തിന്റെയും ട്രസ്റ്റിന്റെയും പ്രവർത്തനങ്ങൾക്ക് തടയിടുന്നു. ശങ്കർ സാറിന്റെ വഴിയിൽ തടസങ്ങൾ തീർത്തപ്പോൾ നഷ്ടം സംഭവിച്ചത് സമുദായത്തിനാണ്. ഇപ്പോൾ യോഗത്തിനും ട്രസ്റ്റിനും നേരെ നടക്കുന്ന ആക്രമണങ്ങളുടെ പരിണിത ഫലവും അതായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |