ഉള്ളുനിറയെ അഭിനയത്തെ സ്നേഹിച്ചിരുന്ന പെൺകുട്ടി, ഗുജറാത്തിൽ നിന്നും കൊച്ചിയിലേക്ക് എത്തിയത് മനസ് നിറയെ സ്വപ്നങ്ങളുമായിട്ടായിരുന്നു. സിനിമയിലേക്കാൾ ട്വിസ്റ്റുകൾ നിറഞ്ഞയായിരുന്നു പിന്നീടുള്ള ജീവിതം. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്താൻ കുറേയധികം സഞ്ചരിക്കേണ്ടി വന്നു. മനസ് മടുക്കാതെ ആ സ്വപ്നങ്ങൾ എത്തിപ്പിടിക്കാനുള്ള ആത്മധൈര്യത്തിനുള്ള പ്രതിഫലമായിരുന്നു പിന്നീട് ലഭിച്ച മികച്ച അവസരങ്ങൾ. 1971 ബിയോണ്ട് ബോർഡേഴ്സിൽ മോഹൻലാലിനൊപ്പവും മാമാങ്കത്തിൽ മമ്മൂട്ടിയോടൊപ്പവും ആകാശഗംഗയിലെ ചുടലയക്ഷിയായും അഭിനയിച്ച നടി ശരണ്യാ ആനന്ദ് ഇപ്പോൾ 'കുടുംബവിളക്ക് " എന്ന സീരിയലിലെ വേദികയാണ്. കണ്ണുകളിൽ തീപ്പൊരിയും ആരെയും കൂസാത്ത തലയെടുപ്പും വാക്കുകളിൽ മൂർച്ചയുമുള്ള വേദിക, കുടുംബപ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണെങ്കിലും എല്ലാവർക്കും ആ വേഷം അവതരിപ്പിക്കുന്ന ശരണ്യയോട് വലിയ ഇഷ്ടമാണ്. ഓരോ എപ്പിസോഡും കൃത്യമായി കാണുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുന്ന ന്യൂജെൻ പിള്ളേരും ശരണ്യയെ അമ്പരപ്പിക്കുന്നുണ്ട്. കാത്തിരുന്നതുപോലെയൊരു കൂട്ടുകാരൻ കൂടെ എത്തിയതാണ് ശരണ്യയുടെ പുതിയ സന്തോഷം. ജീവിതം, സിനിമ, സീരിയൽ... ശരണ്യ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
വേദിക എന്ന കഥാപാത്രം എങ്ങനെയാണ് ശരണ്യയിലേക്ക് എത്തുന്നത്?
എന്നെ ഏഷ്യാനെറ്റിൽ നിന്നും കുറച്ചുകാലമായി വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് സിനിമകളുടെ തിരക്കായിരുന്നു. നാലുസിനിമകൾ ചെയ്യുമ്പോഴായിരിക്കും ചിലപ്പോൾ രണ്ടുസിനിമകളിലെ കഥാപാത്രങ്ങൾ ആളുകളുടെ മനസിൽ സ്ഥാനം പിടിക്കുന്നത്. സത്യത്തിൽ അങ്ങനെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലും കേരളത്തിൽ സ്ഥിരതാമസമാക്കുന്നതിന്റെ തിരക്കിലുമൊക്കെയായിരുന്നു ഞാൻ. ആ സമയത്തെ സീരിയലിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. വേണോ, വേണ്ടയോ എന്നൊരു ആലോചനയിലായിരുന്നു. നല്ല കൺഫ്യൂഷനുണ്ടായിരുന്നു. അങ്ങനെയാണ് സമയമുണ്ടല്ലോ, കുറച്ചൂടെ കഴിയട്ടെ എന്ന് തീരുമാനിച്ചത്. കൊവിഡ് തുടങ്ങിയ കാലത്തായിരുന്നു വീണ്ടും ഏഷ്യാനെറ്റിൽ നിന്നും വിളി വന്നത്. 'കുടുംബവിളക്ക്" സീരിയൽ പ്രൊമോ വന്നുതുടങ്ങുന്ന സമയം മുതൽ ശ്രദ്ധിക്കുന്ന സീരിയലാണ്. മീര ചേച്ചിയാണല്ലോ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. മാത്രമല്ല, ഹൃദയം കവരുന്ന ടൈറ്റിൽ സോംഗും ഈ സീരിയലിന്റെ പ്രത്യേകതയാണ്. വേദിക എന്ന കഥാപാത്രം വളരെ പോസിറ്റീവാണെങ്കിലും കുറേ നെഗറ്റീവ് ഷേഡുകളും വേരിയേഷനുകളുമുണ്ടെന്ന് അവർ വിളിച്ചപ്പോഴെ പറഞ്ഞിരുന്നു. കൊവിഡായപ്പോൾ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വരുന്ന കുറേ ആർട്ടിസ്റ്റുകൾക്ക് പ്രശ്നം വന്നതുകൊണ്ടാണ് അവർ വീണ്ടും വിളിച്ചത്. ഒരു വൈകുന്നേരമായിരുന്നു കോൾ വന്നത്. രണ്ടുദിവസത്തിനകം തീരുമാനം പറയണം. ഞാൻ കുറേ ആലോചിച്ചു. ഏതായാലും കൊവിഡാണ്, കുറേക്കാലത്തേക്ക് സിനിമാഷൂട്ടുകളൊന്നും കാണില്ല. കുറച്ചുകാലം വീട്ടിലിരുന്നപ്പോൾ തന്നെ അഭിനയിച്ചാൽ മതിയെന്ന ചിന്തയായിരുന്നു. പൊതുവേ വർക്കഹോളിക്കാണ് ഞാൻ. സീരിയലിന്റെ കഥ കേട്ട് ആ കഥാപാത്രത്തെ കുറിച്ച് ആലോചിച്ച് കിടന്നുറങ്ങി രാവിലത്തേക്ക് എന്റെ മനസ് യെസ് എന്നു പറഞ്ഞിരുന്നു.
സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തിയപ്പോൾ കരിയറിൽ എന്തൊക്കെ മാറ്റങ്ങളാണ് അനുഭവപ്പെട്ടത്?
രാവിലെ ആറിന് ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തണം. ആദ്യ ഷെഡ്യൂളിൽ ഈ സമയക്രമങ്ങളൊക്കെ ഇത്തിരി കട്ടിയായി എനിക്ക് തോന്നിയിരുന്നു. കാരണം ഇതുവരെ ഞാൻ സിനിമകളാണല്ലോ ചെയ്തു കൊണ്ടിരുന്നത്. സിനിമയിലെ പാറ്റേൺ അല്ല സീരിയൽ, പൂർണമായും മാറ്റമുണ്ട്. സിനിമയിൽ നേരത്തെ തന്നെ സ്ക്രിപ്റ്റ് തരും, നമുക്ക് വൺലൈൻ ഐഡിയ കിട്ടും, എന്താണ് ചെയ്യാൻ പോകുന്നതെന്ന ഏകദേശ ധാരണ സെറ്റിലെത്തുമ്പോൾ ഉണ്ടാകും. പക്ഷേ, സീരിയലിൽ നിമിഷങ്ങൾക്കുള്ളിലാണ് സ്ക്രിപ്റ്റ് വന്നുകൊണ്ടിരിക്കുന്നത്. അവർക്ക് അടുത്ത ആഴ്ചയിലേക്കുള്ളത് ഈയാഴ്ച എടുത്തുവയ്ക്കണം. അതിന്റെ ധൃതി സ്വാഭാവികമായും കാണും. ഒരുദിവസം ഏഴെട്ടുസീനുകളെങ്കിലും തീർക്കേണ്ടതുണ്ട്. സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസമെന്നു പറഞ്ഞാൽ മിക്ക സീനുകളും വീടിന്റെ അകത്തളത്തിലോ, ഓഫീസിലോ മറ്റുമായി ഒതുങ്ങിയ ഒരു സ്പേസിലാണ്. ഔട്ട്ഡോർ സീനുകൾ പലപ്പോഴും കുറവാണ്. സിനിമയ്ക്ക് ഒരിക്കലും ദിവസേനെയുള്ള കാഴ്ച ഇല്ലല്ലോ. അതേ സമയം ഇഷ്ടസീരിയലുകൾ ആണെങ്കിൽ പ്രേക്ഷകർ കൃത്യസമയത്ത് വീട്ടിൽ ടി.വിയുടെ മുന്നിലായിരിക്കും. ദിവസേനെ നമ്മുടെ മുഖം കണ്ടുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിലായിരുന്നു ഏറെക്കാലം. നാട്ടിലെത്തിയശേഷമാണ് മലയാളം സംസാരിക്കാൻ പഠിച്ചത്. മലയാളം അറിയാത്ത കുട്ടിയാണെന്ന് എന്നോട് സംസാരിക്കുമ്പോൾ തോന്നില്ല കാരണം, എന്റെ തെറ്റുകളെല്ലാം ഞാൻ സംസാരിച്ചു സംസാരിച്ചു ശരിയാക്കിയതാണ്. നടിയാകണമെന്ന സ്വപ്നവുമായി നാട്ടിലെത്തിയപ്പോഴാണ് മലയാളം നന്നായി സംസാരിച്ചില്ലെങ്കിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് എനിക്ക് മനസിലായത്. അങ്ങനെ കട്ടിവാക്കുകൾ പറഞ്ഞു പറഞ്ഞാണ് ഞാൻ പഠിച്ചത്. ഷൂട്ടിംഗിനെത്തിയപ്പോൾ ഞാൻ അമ്പരന്നുപോയി. കാരണം തിരക്കഥ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്, എനിക്ക് അങ്ങനെയുള്ള അനുഭവം പുതിയതാണല്ലോ. നൂറ് എപ്പിസോഡ് കഴിഞ്ഞപ്പോഴാണ് ഞാൻ വന്നത്. അപ്പോഴൊക്കെ കഥ മാറി മറിഞ്ഞിട്ടുണ്ട്.
വേദിക എന്ന കഥാപാത്രമായി മൂന്നാമത്തെയാളായി എത്തിയപ്പോൾ മനസിൽ എന്തായിരുന്നു?
പുതിയ വേദികയാകുമ്പോൾ അത് വ്യത്യസ്തമാകണമെന്നുണ്ടായിരുന്നു. ആദ്യമൊക്കെ എങ്ങനെ വേണമെന്ന ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് തോന്നുന്നത് ഒരാൾക്ക് അത്രയധികം പാഷനുണ്ടെങ്കിൽ പിടിച്ചു നിൽക്കാനും ആ കൂട്ടായ്മയോടൊപ്പം മുന്നോട്ടേക്ക് പോകാൻ കഴിയും എന്നുമാണ്. വേദികയായി ഞാൻ എത്തി ഒരാഴ്ചയുള്ളിൽ എനിക്ക് ലഭിച്ച പ്രതികരണങ്ങൾ അത്രയധികമായിരുന്നു. വെറും ഒരാഴ്ചയുള്ളിലാണ് ഇതൊക്കെ സംഭവിച്ചത്. സീരിയലിൽ അഭിനയിക്കാനുള്ള തീരുമാനം തെറ്റിയിരുന്നില്ല എന്ന് ബോദ്ധ്യപ്പെട്ട സമയമായിരുന്നു. ജനങ്ങൾ ഈ കഥ അറിയാനും എന്നെ കാണാനുമായി കാത്തിരിക്കുന്നു എന്ന ചിന്ത നൽകിയ പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല.
നെഗറ്റീവായ കഥാപാത്രത്തെ തിരഞ്ഞെടുക്കാൻ ഭയമുണ്ടായിരുന്നോ?
എനിക്ക് എപ്പോഴും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതാണ് ഇഷ്ടം. കുറേ സംവിധായകർ എന്നോടു പറഞ്ഞിട്ടുണ്ട്, എന്റെ ഫീച്ചേഴ്സൊക്കെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾക്കാണ് ഇണങ്ങുന്നതെന്ന്. എന്നാൽ സിനിമയിൽ നിന്നും എനിക്ക് അങ്ങനെയുള്ള വേഷങ്ങളൊന്നും ലഭിച്ചിട്ടില്ല. ആകാശഗംഗ-2 സിനിമയിൽ പ്രേതമായിരുന്നു, അല്ലെങ്കിൽ പൊലീസ് ഓഫീസർ... അതല്ലാതെ നെഗറ്റീവ് വേഷങ്ങളൊന്നും തന്നെ ചെയ്തിരുന്നില്ല. ചില കഥാപാത്രങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു സന്തോഷം വരും, ഇതെനിക്ക് ചെയ്യാൻ പറ്റുന്നതാണല്ലോ എന്ന്. ഞാൻ അമ്പതുശതമാനം ഈ കഥാപാത്രത്തിൽ ഒാക്കെ ആയിരുന്നു. കഥാപാത്രം കൊള്ളാമെന്ന വിശ്വാസവും എനിക്കുണ്ട്. ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ പതിവായി കണ്ടുകൊണ്ടിരിക്കുന്ന കുടുംബപ്രേക്ഷകർ ചീത്ത വിളിക്കും, കുറ്റം പറയും ... എനിക്കതറിയാം. പക്ഷേ, അതെല്ലാം എന്റെ കഥാപാത്രത്തിനുള്ള അഭിനന്ദനങ്ങളായാണ് ഞാൻ എടുക്കുന്നത്. നടി ശിവദയുടെ അമ്മയ്ക്ക് എന്റെ അഭിനയം ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്, കൂട്ടുകാരിയായ നടി അനുശ്രീയും അടിപൊളിയായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഇങ്ങനെ സിനിമാരംഗത്തുള്ള കൂട്ടുകാരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. എനിക്ക് വിശ്വസിക്കാൻ പോലും തോന്നാത്ത അത്രയും പേർ അഭിപ്രായം പറഞ്ഞിരുന്നു.
സീരിയൽ അനുഭവങ്ങൾ എന്തൊക്കെയാണ്?
നെഗറ്റീവായ കഥാപാത്രമാണ് വേദിക എന്നു പറയാൻ കഴിയില്ല, പക്ഷേ, ഇപ്പോൾ നെഗറ്റീവായി തോന്നാവുന്ന കഥാപാത്രമായാണ് കഥ മുന്നോട്ട് പോകുന്നത്. എന്നിട്ടുപോലും എനിക്ക് ലഭിക്കുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇങ്ങനെ ഒരു അനുഭവം എന്നെ ഏറെ ചിന്തിപ്പിച്ചു എന്നു പറയാം. മൂന്നാമത്തെ ഷെഡ്യൂളായപ്പോഴേക്കും എനിക്ക് കാര്യങ്ങൾ മനസിലായി. ഏതുരീതിയിൽ ഇതുമുന്നോട്ട് കൊണ്ടു പോകണം, എങ്ങനെ ഇത്രയും നീണ്ട ഷെഡ്യൂളുകളിൽ കൂളായിരിക്കാം എന്നിങ്ങനെ കുറേ കാര്യങ്ങളിൽ ധാരണയുണ്ടായി. ചിലപ്പോൾ ക്ഷീണമൊക്കെ തോന്നും, ഞാൻ എൻജോയ് ചെയ്യുന്നതുകൊണ്ടാവാം അതിന്റെ പിന്നിലുള്ള വേദനകളും പരിശ്രമങ്ങളും എനിക്ക് അത്ര അനുഭവപ്പെടാത്തത്. സിനിമയിൽ നിന്നും സീരിയലിലേക്ക് മലയാളം അത്ര നന്നായി കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരാൾ വരുമ്പോൾ സീനുകളുടെ തിരക്കഥ ഇങ്ങനെ കൈയിൽ കിട്ടിക്കൊണ്ടിരിക്കുമ്പോൾ നമുക്കറിയില്ല, ഇനി എന്താണ് അടുത്തത് വരാൻ പോകുന്നതെന്ന്, മാത്രമല്ല, കഥയുടെ എല്ലാവിശദാംശങ്ങളും നമ്മൾ അറിയുകയും വേണം. പാതിമലയാളിയായതിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും അഭിനയത്തോടു അത്രയധികം ഇഷ്ടമുള്ളതുകൊണ്ടാവാം ഞാനത് അറിയുന്നില്ല. ഓരോ സീനുകളും എത്രമാത്രം നന്നാക്കാമെന്നുള്ള ചിന്തയാണ് മുഴുവൻ സമയവും. സീരിയൽ ടീം പിന്തുണയുമായി കൂടെയുണ്ടായിരുന്നു. ഇവിടെ വന്നശേഷമാണ് എന്റെ വിവാഹം തീരുമാനിച്ചത്. കുടുംബവിളക്കിൽ വന്നപ്പോൾ എനിക്കൊരു കുടുംബമായി എന്നാണ് എല്ലാവരും കളിയാക്കുന്നത്.
സീരിയൽ സ്വീകരിക്കപ്പെട്ടതിന്റെ കാരണമെന്താവാം?
ഒട്ടും കൃത്രിമമല്ലാത്ത കഥയായതുകൊണ്ടാവാം 'കുടുംബവിളക്ക്" ഇത്രയധികം പ്രേക്ഷകർ ശ്രദ്ധിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഏതു കുടുംബത്തിലും സംഭവിക്കാൻ സാദ്ധ്യതയുള്ള ജീവിതമുഹൂർത്തങ്ങൾ ഈ കഥയിലുണ്ട്. എന്റെ അച്ഛനും അമ്മയും എനിക്കുവേണ്ടി ഈ സീരിയൽ പതിവായി കാണുന്നുണ്ട്. രാത്രി എട്ടുമണിയാകുമ്പോഴേക്കും അച്ഛൻ റെഡിയായി ടി.വിക്ക് മുന്നിലുണ്ടാകും. അച്ഛനറിയാം ഇത് അച്ഛന്റെ മോളാണെന്ന്, എന്നാലും അച്ഛനും എന്നെ വിമർശിക്കും, എന്നാലും നീ ചെയ്യുന്നത് ശരിയല്ല, നീയാ സ്വഭാവം മാറ്റൂ എന്നൊക്കെ പറയും. തിരക്കഥ ഇത്തിരി മാറ്റിയെഴുതാൻ പറയൂ എന്നിട്ട് കുറച്ചുകൂടെ പാവമായി വേദികയെ കാണിക്കണം എന്നൊക്കെ ഇടയ്ക്ക് പറയും. അങ്ങനെ മാറ്റിയെഴുതിയാൽ കഥയാവില്ല, അച്ഛാ ഇതാണ് കഥ എന്നൊക്കെ പറഞ്ഞ് ഞാൻ അച്ഛനെ സമാധാനിപ്പിക്കും. പണ്ടത്തെപ്പോലെയല്ല, പുതിയ ജീവിതകാഴ്ചപ്പാടുകൾ എന്നെനിക്ക് തോന്നിയിട്ടുണ്ട്. കാരണം വേദികയുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ അവളുടെ ഭാഗം ശരിയാണെന്നും പറയുന്നവരുണ്ട്. എനിക്ക് കൂടുതൽ അഭിപ്രായങ്ങൾ കിട്ടുന്നത് ന്യൂജെൻ പിള്ളേരുടേതാണ്. അവർ പോലും കാണുന്നുണ്ട് എന്നത് അത്ഭുതമാണ്.
എല്ലാം ദൈവാനുഗ്രഹം
വിനയൻ സാറിന്റെ പുതിയ ചിത്രമാണ് ഇനി അടുത്തതായി ചെയ്യുന്നത്. ജനുവരിയിൽ ഷൂട്ട് തുടങ്ങും. രണ്ടുമാസം മുമ്പ് എനിക്ക് തിരക്കഥ കയ്യിൽ കിട്ടി. എല്ലാത്തിനും ആവശ്യമായ സമയം സിനിമയിൽ കിട്ടും. സീരിയലിൽ അങ്ങനെയല്ല. എല്ലാമാസവും വർക്ക് ചെയ്യണം. ഒരു ചങ്ങല പോലെയാണ് സീരിയൽ ജോലികൾ പോകുന്നത്. ജോലി സമ്മർദ്ദമില്ല, പക്ഷേ, ഷൂട്ട് ചെയ്യുമ്പോൾ തന്നെ കുറേയധികം ടാസ്ക്കുകളുണ്ട്. തിരക്കഥ ഇടയ്ക്ക് വരും, കുറേ കോസ്റ്റ്യൂം ചേഞ്ചസ് വരും, സിനിമയിൽ നിന്നും കിട്ടുന്ന അത്രയധികം ലക്ഷ്വറികൾ അവിടെ കിട്ടണമെന്നില്ല, ഇതൊക്കെയാണെങ്കിൽ പോലും ആർട്ടിസ്റ്റ് എന്നു പറയുമ്പോൾ എല്ലാവരും കൊതിക്കുന്നത് വ്യത്യസ്തമായ വേഷങ്ങൾ എന്നു തന്നെയല്ലേ. നമ്മളെ തേടി ആഗ്രഹിക്കുന്നതു പോലെ ഒരു കഥാപാത്രം വരുന്നത് തന്നെ ദൈവാനുഗ്രഹമാണ്. അതുരണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു, നന്നായി ചെയ്യാൻ ശ്രമിക്കുന്നു, നല്ല അഭിപ്രായത്തിനായി കാത്തിരിക്കുന്നു. എന്നെ അറിയാവുന്നവർക്കറിയാം, ഞാൻ വ്യക്തിജീവിതത്തിനും കരിയറിനും തുല്യപ്രാധാന്യം നൽകുന്ന ആളാണ്. ജീവിതത്തിൽ എന്തു തീരുമാനങ്ങളെടുക്കുമ്പോഴും അത് ജോലിയെ ബാധിക്കാതിരിക്കാൻ എല്ലായ്പ്പോഴും ശ്രമിക്കാറുണ്ട്. വിവാഹത്തിരക്കിലും കരിയർ അതേ പോലെ കൊണ്ടുപോയിട്ടുണ്ട് ഇതുവരെ. ഇനിയും അങ്ങനെ ആവണമെന്നാണ് എന്റെ പ്രാർത്ഥന. എന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്ന ആളാണ് പങ്കാളി എന്നതാണ് സന്തോഷം.
പെട്ടെന്നുവന്ന വിവാഹം
അച്ഛന്റെ സുഹൃത്ത് വഴിയാണ് വിവാഹാലോചന വന്നത്. ലോക്ക്ഡൗണിന് മുമ്പേ തന്നെ അച്ഛൻ എനിക്ക് വിവാഹാലോചന നോക്കിത്തുടങ്ങിയിരുന്നു. ഞാൻ അപ്പോൾ ഷൂട്ടിന്റെ തിരക്കുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. ഒടുവിൽ ഒന്നു വന്നു കാണട്ടെ എന്ന് അച്ഛൻ പറഞ്ഞു. സീരിയലിന്റെ രണ്ടാം ഷെഡ്യൂളിൽ പയ്യൻ കാണാൻ വന്നു, മൂന്നാം ഷെഡ്യൂളാകുമ്പോഴേക്കും വിവാഹമുറപ്പിച്ചു. ചാലക്കുടി സ്വദേശിയായ മനേഷ് ആണ് ജീവിതപ്പങ്കാളി. എനിക്ക് നല്ല പിന്തുണ തരുന്നുണ്ട്. കഴിഞ്ഞയാഴ്ചയായിരുന്നു വിവാഹം. ബിസിനസ് കുടുംബമാണ് അവരുടേത്. അച്ഛൻ ആനന്ദ്, അമ്മ സുജാത, അനിയത്തി ദിവ്യ എന്നിവരാണ് എന്റെ ജീവിതത്തിലെ എല്ലാമെല്ലാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |