കൊച്ചി : യൂട്യൂബറെ മർദ്ദിച്ച ഭാഗ്യലക്ഷ്മിയടമക്കുള്ള പ്രതികളുടെ നടപടി നിയമം കൈയിലെടുക്കലാണെന്നും ഇതിനോടു യോജിപ്പില്ലെങ്കിലും പ്രതികളെ ഒരു പാഠമെന്ന നിലയിൽ ജയിൽ ശിക്ഷയുടെ രുചി അറിയിക്കേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. യൂ ട്യൂബർ വിജയ് പി. നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച സിംഗിൾ ബെഞ്ചിന്റെ വിധിയിലാണ് ഇതു പറയുന്നത്.
പരിഷ്കൃത സമൂഹത്തിൽ നിയമം കൈയിലെടുക്കുന്ന പ്രവൃത്തികൾക്ക് സ്ഥാനമില്ല.
മുൻകൂർ ജാമ്യം അനുവദിക്കുന്നത് മറ്റു ചില മാനദണ്ഡങ്ങൾക്കനുസരിച്ചാണ്. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന കാരണം കൊണ്ടുമാത്രം മുൻകൂർ ജാമ്യം നിഷേധിക്കാനാവില്ല. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യം കോടതിയെ ബോദ്ധ്യപ്പെടുത്താൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ലാപ്ടോപ്പ് ഉൾപ്പെടെ കവർന്നെന്ന് ആരോപണമുണ്ടെങ്കിലും പ്രതികൾ ഇവ പൊലീസിനു കൈമാറിയിരുന്നു. ദൃശ്യങ്ങൾ പകർത്താൻ പ്രതികൾ ഉപയോഗിച്ച ഫോണുകൾ കണ്ടെടുക്കേണ്ടതുണ്ടെങ്കിലും ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വിടേണ്ട കാര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ഇതാവശ്യപ്പെട്ടാൽ ഹാജരാക്കാൻ പ്രതികൾക്ക് ബാദ്ധ്യതയുണ്ട്. ഒന്നാം പ്രതി ഒരു സെലിബ്രിറ്റിയും മറ്റുള്ളവർ സാമൂഹ്യ പ്രവർത്തകരുമാണ്. ഇവർ നിയമം കൈയിലെടുത്തതിനോടു യോജിപ്പില്ല. എന്നാലിതിന്റെ പേരിൽ തടവിലാക്കണമെന്ന നിലപാട് കോടതിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |