നടപടി വിരമിച്ച ഉദ്യോഗസ്ഥയെ നിലനിറുത്താൻ
തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥയെ നിലനിറുത്താൻ മുൻകാല പ്രാബല്യത്തോടെ, വിരമിക്കൽ പ്രായം അറുപതാക്കി കേരള സർവകലാശാലാ സിൻഡിക്കേറ്റിന്റെ അപൂർവ നടപടി. മാർച്ചിൽ വിരമിച്ച ഉദ്യോഗസ്ഥയ്ക്കായി, അന്നു മുതൽ പ്രാബല്യത്തോടെ വിരമിക്കൽ പ്രായം അറുപതാക്കി. നിലവിൽ 58 ആണ് വിരമിക്കൽ പ്രായം.
കേരള സർവകലാശാലയുടെ കീഴിലുള്ള പോപ്പുലേഷൻ റിസർച്ച് സെന്ററിൽ നിന്നും മാർച്ചിൽ വിരമിച്ച, പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം പറ്റിയിരുന്ന റിസർച്ച് ഓഫീസർക്ക് വേണ്ടിയാണ് ഈ വഴിവിട്ട നീക്കം.കേന്ദ്ര സർക്കാരിന്റെ പൂർണ സാമ്പത്തിക സഹായത്തിലാണ് പോപ്പുലേഷൻ റിസർച്ച് സെന്റർ പ്രവർത്തിക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ സേവന വേതന ഘടനയാണ് സെന്ററിലെ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ളത്. വിരമിക്കൽ പ്രായവും സംസ്ഥാന സർക്കാരിന് സമാനമായാണ്. അതവഗണിച്ചാണ് വിരമിക്കൽ പ്രായം 60 ആയി ഉയർത്തിയത്.
സേവന വേതന വ്യവസ്ഥകളിൽ മാറ്റം വരുത്തണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്. പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതും വിരമിച്ച ഉദ്യോഗസ്ഥയ്ക്ക് പുനർനിയമനം നൽകുന്നതും ചട്ടവിരുദ്ധമാണെന്ന് സർവകലാശാല ഭരണ, ധനകാര്യ വിഭാഗങ്ങൾ നിലപാടെടുത്തിരുന്നു. ഈ സെന്ററിലെ നിരവധി ജീവനക്കാർ പെൻഷൻ പ്രായ വർദ്ധനവില്ലാതെ വിരമിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ ചട്ടവിരുദ്ധ ഉത്തരവിറക്കിയതും വിവാദമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |